

തിരുവനന്തപുരം: ഓണക്കാലത്തെ ഉയർന്ന സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി ബോണ്ട് ലേലത്തിലൂടെ 2,200 കോടി രൂപ കൂടി കടമെടുക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു. ചൊവ്വാഴ്ച നടക്കുന്ന കടപ്പത്ര ലേലത്തിലൂടെയാണ് തുക സമാഹരിക്കുക. ഇതോടെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് 14,400 കോടി രൂപയായി ഉയരും.
ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ വിതരണം, ബോണസ്, മറ്റ് ഉത്സവകാല ആനുകൂല്യങ്ങൾ എന്നിവയ്ക്കായി ഓണക്കാലത്ത് മാത്രം ഏകദേശം പതിനായിരം കോടി രൂപയുടെ വലിയ സാമ്പത്തിക ബാധ്യതയാണ് സർക്കാരിന് മുന്നിലുള്ളത്. ഈ ഹ്രസ്വകാല സാമ്പത്തിക വിടവ് നികത്താനാണ് കടമെടുപ്പിനെ ആശ്രയിക്കുന്നത്. സംസ്ഥാനത്തിന്റെ വർധിച്ചുവരുന്ന സാമ്പത്തിക ആവശ്യങ്ങൾ മുൻനിർത്തി കടമെടുപ്പ് പരിധി ഉയർത്തണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ അപേക്ഷ അംഗീകരിക്കപ്പെടാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
വിപണിയിൽ നിന്നുള്ള കടമെടുപ്പിന് പുറമെ, ആഭ്യന്തര പണലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാന ട്രഷറി പ്രത്യേക നിക്ഷേപ സമാഹരണ യജ്ഞത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. സെപ്റ്റംബർ 30 വരെ നീളുന്ന പദ്ധതിയിലൂടെ രണ്ടു വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്കാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്.
മുതിർന്ന പൗരന്മാർക്ക്: 8% പലിശ (നിലവിലെ നിരക്ക് 7.5%)
പൊതുജനങ്ങൾക്ക്: 7.75% പലിശ (നിലവിലെ നിരക്ക് 7.5%)
സ്ഥാപനങ്ങൾക്ക്: 7.65% പലിശ (നിലവിലെ നിരക്ക് 7.5%)
സെപ്റ്റംബർ 30-ന് ശേഷം നടത്തുന്ന നിക്ഷേപങ്ങൾക്ക് പഴയ പലിശ നിരക്കായിരിക്കും ബാധകമാകുക.
പ്രത്യേക നിക്ഷേപ സമാഹരണം വഴി സർക്കാരിന് അടിയന്തര പണലഭ്യത ഉറപ്പാക്കാൻ സാധിക്കുമെങ്കിലും ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികൾക്ക് ശാശ്വത പരിഹാരമാകില്ല. ഒരു സാമ്പത്തിക വർഷത്തിൽ ട്രഷറി വഴി അധികമായി സമാഹരിക്കുന്ന തുക കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ ആകെ കടത്തിന്റെ ഭാഗമായി കണക്കാക്കുകയും, അടുത്ത വർഷത്തെ വായ്പാ പരിധിയിൽ നിന്ന് അത്രയും തുക കുറയ്ക്കുകയും ചെയ്യും. അതിനാൽ, ട്രഷറി നിക്ഷേപങ്ങൾ ഈ വർഷം താൽക്കാലിക ആശ്വാസം നൽകുമ്പോൾ തന്നെ അടുത്ത സാമ്പത്തിക വർഷത്തെ കടമെടുപ്പ് ശേഷിയെ അത് പ്രതികൂലമായി ബാധിക്കും.
ബോണ്ട് ലേലവും ഉയർന്ന പലിശ നൽകിയുള്ള ട്രഷറി നിക്ഷേപ സമാഹരണവും ഒരുമിച്ച് നടപ്പിലാക്കിക്കൊണ്ടാണ് കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ഓണക്കാല ചെലവുകൾ നടത്തിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates