

കൊച്ചി: ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നും ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം അറിയിക്കുന്നത് ബുദ്ധിമുട്ടാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മാത്രമല്ല, ശമ്പളം, അലവന്‍സ്, പെന്‍ഷന്‍, ശമ്പള പരിഷ്‌കരണം, ക്ഷാമബത്ത തുടങ്ങിയവ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. 2023 ജൂലൈ മുതല്‍ 6 ഗഡുക്കളിലായി 15 ശതമാനം ക്ഷാമബത്ത കുടിശികയായുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന പ്രസിഡന്റ് എന്‍ മഹേഷും ഭാരവാഹികളും നല്‍കിയ ഹര്‍ജിക്കുള്ള അധിക മറുപടി സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ മൂലമാണ് സംസ്ഥാനത്തിനു ഫണ്ട് ലഭ്യമല്ലാത്തതെന്നും കേരളത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി മുമ്പാകെയുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ക്ഷാമബത്ത വിഷയത്തിലുള്ള അടുത്ത നടപടി തങ്ങള്‍ക്ക് സാധ്യമാകൂ എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. അടിയന്തരമായി 22,226 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ മൂലമാണ് സര്‍ക്കാരിനു ഫണ്ട് ലഭ്യമല്ലാത്തത്.
സര്‍ക്കാര്‍ സ്വീകരിക്കുന്ന നയപരമായ കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിലും കോടതി ഇടപെടലിന് സുപ്രീംകോടതി നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോടതി ഇടപെടുന്നതിന് പരിമിതി ഉണ്ടെന്നാണ് സുപ്രീംകോടതി കണക്കാക്കുന്നത്. ക്ഷാമബത്ത വിതരണം സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഒന്നാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം നയപരമായ തീരുമാനമായി കണക്കാക്കുകയും ജുഡീഷ്യല്‍ ഇടപെടലിന് കുറഞ്ഞ സാധ്യതയേ ഉള്ളൂ എന്ന് കണക്കാക്കുകയും വേണം. സമൂഹത്തിലെ പാവപ്പെട്ടവരുള്‍പ്പെടെ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെ സര്‍ക്കാരിന് പരിഹരിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ക്ഷാമബത്തയും പെന്‍ഷനും പെന്‍ഷന്‍ പരിഷ്‌കരണവുമൊക്കെ സമൂഹത്തിന്റെ ആകെ താല്‍പ്പര്യം പരിഗണിച്ചുകൊണ്ടേ ചെയ്യാനാവൂ. ക്ഷാമബത്ത വിതരണത്തില്‍ സുപ്രീംകോടതിയും അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ക്ഷാമബത്ത അടക്കം തീരുമാനിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലാണ്. അതൊരു നയപരമായ തീരുമാനവുമാണ്. ക്ഷാമബത്ത ലഭിക്കുന്നത് ജീവനക്കാരുടെ അവകാശമായി കണക്കാക്കാനാവില്ല. മറിച്ച് സര്‍ക്കാരെടുക്കുന്ന തീരുമാനത്തിന്റെ ഭാഗമാണ്. ഇതേ വിഷയത്തില്‍ ബംഗാള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി പറഞ്ഞത് ജീവനക്കാര്‍ ക്ഷാമബത്ത കിട്ടാന്‍ അനന്തമായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടാക്കരുത് എന്നാണ്. അതല്ലാതെ, പണം നല്‍കാന്‍ പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ക്ഷാമബത്ത എന്നത് നിര്‍ബന്ധിതമായി നല്‍കേണ്ട നിയമപരമായ ഒന്നല്ല. 2020 ജനുവരി 1 മുതല്‍ 2021 ജൂണ്‍ 30 വരെ കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത നല്‍കുന്നത് തടഞ്ഞിരുന്നു. ഈ കുടിശിക പിന്നീട് നല്‍കിയിട്ടില്ല സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates