വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍

പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രിമീയമായി വര്‍ഷം ആകെ നല്‍കേണ്ടത് 8,244 രൂപ മാത്രമാണ്
kerala Govt s Medisep Phase 2 from February 1
kerala Govt s Medisep Phase 2 from February 1
Updated on
2 min read

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍. സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് കുടുംബ പെന്‍ഷന്‍കാര്‍, യുണിവേഴ്‌സിറ്റികളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാരും പെന്‍ഷന്‍കാരും, അവരുടെ ആശ്രിതരും ഉള്‍പ്പെടെ നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെയും ഗുണഭോക്താക്കളാകും. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതലയെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

kerala Govt s Medisep Phase 2 from February 1
ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ 1.3 കോടി വില വരുന്ന ആസ്തികള്‍ മരവിപ്പിച്ചെന്ന് ഇ ഡി, റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍

വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായും ഉയര്‍ത്തി. പ്രതിമാസം 687 രൂപ പ്രിമീയം ഇനത്തില്‍ നല്‍കിയാല്‍ മതി. പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രിമീയമായി വര്‍ഷം ആകെ നല്‍കേണ്ടത് 8,244 രൂപ മാത്രമാണ്.

ദേശീയാടിസ്ഥാനത്തില്‍ അംഗീകരിച്ചിട്ടുള്ള ഹെല്‍ത്ത് ബെനിഫിറ്റ് പാക്കേജ് 2022 അനുസരിച്ചുള്ള ചികിത്സാ പാക്കേജുകളാണ് പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടെ കൂടുതല്‍ ആശുപത്രികളുടെ സേവനം പദ്ധതിയ്ക്കായി ലഭ്യമാക്കാനാവും. എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളിലെല്ലാം ക്യാഷ്‌ലെസ് കിടത്തി ചികിത്സ ലഭ്യമാകും. മെഡിക്കല്‍, സര്‍ജിക്കല്‍ പാക്കേജുകളുള്‍പ്പെടെ 2,516 പാക്കേജുകള്‍ പുതുക്കിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 1,920 പാക്കേജുകളാണ് ഉണ്ടായിരുന്നത്. കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം ഓരോ ആശുപത്രിയിലും ലഭ്യമായ എല്ലാ വിഭാഗങ്ങളെയും എംപാനല്‍ ചെയ്യാനുള്ള വ്യവസ്ഥയും പുതുക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 5,000 രൂപവരെ മുറി വാടക നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പേ വാര്‍ഡ് മുറി വാടക പ്രതിദിനം 2,000 രൂപവരെയാക്കി നിശ്ചയിച്ചിട്ടുണ്ട്. ഒരേ സമയം സര്‍ജിക്കല്‍, മെഡിക്കല്‍ പാക്കേജുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി.

kerala Govt s Medisep Phase 2 from February 1
ശബരിമല: ഹൃദയാഘാതം വന്ന 79 ശതമാനം പേരുടെ ജീവന്‍ രക്ഷിച്ചു, ആരോഗ്യ സേവനങ്ങൾ ഉപയോഗിച്ചത് 2.56 ലക്ഷം തീര്‍ത്ഥാടകര്‍

മെഡിക്കല്‍ പാക്കേജുകള്‍ക്ക് അടിസ്ഥാന നിരക്കിനുപുറമെ വിലകൂടിയ മരുന്നുകള്‍, പരിശോധനകള്‍ എന്നിവയ്ക്ക് പ്രത്യേക തുക നിശ്ചയിക്കുകയും അത് അടിസ്ഥാന നിരക്കിനൊപ്പം ലഭ്യമാക്കുകയും ചെയ്യും. ഡയാലിസിസ്, കീമോതെറാപ്പി എന്നിങ്ങനെ തുടര്‍ച്ചയായ ചികിത്സ തേടേണ്ട രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ ഒരു ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സംവിധാനമൊരുക്കുകയം അതുവഴി സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്യും.

മുട്ട് മാറ്റിവയ്ക്കല്‍, ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ എന്നീ ശസ്ത്രക്രീയകള്‍ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കും. നിലവില്‍ അവ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നത് ഒഴിവാക്കും. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി, ജിപ്മര്‍ എന്നീ ആശുപത്രികള്‍ പദ്ധതിയില്‍ എംപാനല്‍ ചെയ്യാത്തപക്ഷം ഈ ആശുപത്രികളില്‍ നടത്തുന്ന ചികിത്സകള്‍ക്ക് മെഡിസെപില്‍ റീ-ഇംപേഴ്‌സമെന്റ് ലഭ്യമാക്കാനുള്ള വ്യവസ്ഥയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പത്ത് അതീവ ഗുരുതര, അവയവ മാറ്റ ശസ്ത്രക്രീയകള്‍ക്കുള്ള അധിക പരിരക്ഷ അടുത്ത ഘട്ടത്തിലും തുടരുന്നതാണ്. ഇതിനായി രണ്ടുവര്‍ഷത്തേയ്ക്ക് 40 കോടി രൂപ ഇന്‍ഷുറന്‍സ് കമ്പനി മാറ്റിവയ്ക്കുന്നുണ്ട്. പുതുക്കിയ പദ്ധതി രണ്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ ചികിത്സാ പാക്കേജ് നിരക്കില്‍ 5 ശതമാനം വര്‍ദ്ധന അനുവദിക്കാനും ധാരണയായിട്ടുണ്ട്.

റോഡ് അപകടം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്തിട്ടില്ലാത്ത ആശുപത്രിയില്‍ ചികിത്സ തേടാവുന്നതാണ്. ഇതിന്റെ ചെലവ് കമ്പനി മടക്കി നല്‍കും. ഇത്തരത്തില്‍ റീ-ഇംപേഴ്‌സമെന്റ് ആനുകൂല്യത്തിന് പത്ത് അധിക ചികിത്സകള്‍ക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പായപരിധി ബാധകമാക്കാതെ പദ്ധതിയില്‍ ഗുണഭോക്താക്കളെ ചേര്‍ക്കാന്‍ കഴിയും. ത്രിതല പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാക്കേജുകളുടെ വിശദാംശങ്ങളും ആശുപത്രി ശൃംഖലകളുടെ പൂര്‍ണ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാക്കും. 365 ദിവസവും ദിവസം മുഴുവന്‍ കോള്‍ സെന്റര്‍ സംവിധാനമുണ്ടാകും.

Summary

kerala Govt s Medisep Phase 2 from February 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com