തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഏഴാമത് കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം. നിർദ്ദിഷ്ട പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇഎസ്‌എ) വിസ്തൃതിയിൽ കർണ്ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും തൊട്ടുപിന്നാലെ മൂന്നാം സ്ഥാനത്താണ് കേരളം. പുതിയ വിജ്ഞാപനപ്രകാരം കേരളത്തിൽ 9,993.7 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്‌എ പരിധിയിൽ വരുന്നത്. വിസ്തൃതിയിൽ മാറ്റമില്ലെങ്കിലും, പഞ്ചായത്ത്/വില്ലേജ് വിഭജനത്തെ തുടർന്ന് കേരളത്തിലെ ഇഎസ്‌എ ഗ്രാമങ്ങളുടെ എണ്ണം 123-ൽ നിന്ന് 131 ആയി ഉയർന്നു.
പശ്ചിമഘട്ട മേഖലയുടെ അതിർത്തി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങളും അനിശ്ചിതത്വങ്ങളും അവസാനിക്കാത്ത സാഹചര്യത്തിലാണ് 2024 ജൂലൈയിൽ ഇറങ്ങിയ ആറാം കരടിന്റെ കാലാവധി (725 ദിവസം) പൂർത്തിയായതിനെ തുടർന്ന് പുതിയ വിജ്ഞാപനം വരുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ ആറ് സംസ്ഥാനങ്ങളിലായി ആകെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്‌എ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മുൻപ് പ്രഖ്യാപിച്ച 9,993.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 9,107 ചതുരശ്ര കിലോമീറ്റർ വനമേഖലയും 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശവുമാണ് ഉള്ളത്. തരംതിരിച്ച 123 വില്ലേജുകൾ വിഭജിച്ച് പുതിയ എട്ട് വില്ലേജുകൾ രൂപീകരിച്ചതാണ് ഗ്രാമങ്ങളുടെ എണ്ണം 131 ആയി ഉയരാൻ കാരണം. ഇടമലക്കുടി, മൂന്നാർ, കാഞ്ചിയാർ, ഇരട്ടയാർ, കട്ടിപ്പാറ, പോത്തുകല്ല്, ചിറ്റാർ, അതിരപ്പള്ളി എന്നീ വില്ലേജുകളാണ് വിഭജനത്തെ തുടർന്ന് പട്ടികയിൽ പുതുതായി വന്നിട്ടുള്ളത്.
വന്യജീവി സങ്കേതങ്ങളും ജനവാസ മേഖലകളും വേർതിരിക്കാൻ മുൻപ് ഇടതുപക്ഷ സർക്കാർ നടത്തിയ നീക്കങ്ങളിൽ ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകൾ പൂർണ്ണമായും 92 വില്ലേജുകൾ ഭാഗികമായും ഒഴിവാക്കി ഇഎസ്‌എ വിസ്തൃതി 8,590.69 ചതുരശ്ര കിലോമീറ്ററായി ചുരുക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാർ അതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. അതേസമയം ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇഎസ്‌എ പരിധിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് യുഡിഎഫ് സർക്കാരിൻറെ തീരുമാനം.
2010-ൽ മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടോടെയാണ് പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള നടപടികൾക്ക് വേഗം കൂടിയത്. തുടർന്ന് 2013-ൽ കെ. കസ്തൂരിരംഗൻ സമിതിയുടെ നിർദ്ദേശങ്ങൾ വന്ന ശേഷമാണ് 2014 മാർച്ച് മാസത്തിൽ ആദ്യ കരട് വിജ്ഞാപനം പുറത്തിറങ്ങുന്നത്. എന്നാൽ റിപ്പോർട്ടുകളിലെ വൈരുദ്ധ്യങ്ങളും വൻ പ്രതിഷേധങ്ങളും കാരണം കഴിഞ്ഞ 12 വർഷമായി കരട് വിജ്ഞാപനങ്ങൾ തുടർച്ചയായി പുതുക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്.
കരട് വിജ്ഞാപനങ്ങൾ ആവർത്തിച്ച് ഇറക്കി അന്തിമ തീരുമാനം വൈകിപ്പിക്കുന്ന കേന്ദ്ര നിലപാടിനെ മുൻ ബയോഡൈവേഴ്‌സിറ്റി ബോർഡ് ചെയർമാൻ ഡോ. ഉമ്മൻ വി. ഉമ്മൻ രൂക്ഷമായി വിമർശിച്ചു. "ആദ്യ കരട് പുറത്തുവന്നിട്ട് 12 വർഷത്തിലേറെയായി. വീണ്ടുമൊരു കരട് വിജ്ഞാപനത്തിലൂടെ രണ്ട് വർഷം കൂടി സമയം നീട്ടിക്കിട്ടുകയാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സംരക്ഷണത്തിൽ ഭരണകൂടങ്ങൾ കാണിക്കുന്ന നിരുത്തരവാദപരമായ നിലപാടാണ് ഇത് കാണിക്കുന്നത്. സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും കേന്ദ്ര സർക്കാർ അടിയന്തരമായി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് വേണ്ടത്." - അദ്ദേഹം ചൂണ്ടിക്കാട്ടി. തുജനങ്ങളിൽ നിന്നും വനം-പരിസ്ഥിതി പ്രവർത്തകരിൽ നിന്നും മറ്റ് ബന്ധപ്പെട്ട കക്ഷികളിൽ നിന്നും രണ്ട് മാസത്തിനകം പരാതികളും നിർദ്ദേശങ്ങളും സ്വീകരിച്ച ശേഷമായിരിക്കും അന്തിമ വിജ്ഞാപനം ഇറക്കുക.
പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശം: സംസ്ഥാന തിരിച്ചുള്ള വിസ്തൃതിയും പൂർണ്ണമായും വിലക്കപ്പെടുന്ന പദ്ധതികളും
കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പുറത്തിറക്കിയ പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശ (ESA) വിജ്ഞാപനം പ്രാബല്യത്തിൽ വരുന്നതോടെ പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷണത്തിൽ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 56,825.7 ചതുരശ്ര കിലോമീറ്റർ ഭൂവിഭാഗത്തെയാണ് ഇഎസ്‌എ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുമ്പോഴും, പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കുന്ന വൻകിട വികസന പദ്ധതികൾക്കും വ്യവസായങ്ങൾക്കും പ്രദേശത്ത് പൂർണ്ണ നിരോധനമുണ്ടാകും.
കർണ്ണാടക: 20,668 ച.കി.മീ (ഏറ്റവും കൂടുതൽ വിസ്തൃതിയുള്ള സംസ്ഥാനം)
മഹാരാഷ്ട്ര: 17,340 ച.കി.മീ
കേരളം: 9,993.7 ച.കി.മീ (വിസ്തൃതിയിൽ മൂന്നാം സ്ഥാനത്ത്)
തമിഴ്‌നാട്: 6,914 ച.കി.മീ
ഗോവ: 1,461 ച.കി.മീ
ഗുജറാത്ത്: 449 ച.കി.മീ
ആകെ വിസ്തൃതി: 56,825.7 ചതുരശ്ര കിലോമീറ്റർ
പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാൽ താഴെ പറയുന്ന പദ്ധതികൾക്കും നിർമ്മാണങ്ങൾക്കും അനുമതിയുണ്ടാകില്ല:
എല്ലാവിധ മണൽ/പാറ ഖനനങ്ങളും ക്വാറി പ്രവർത്തനങ്ങളും പൂർണ്ണമായും നിരോധിക്കും. നിലവിൽ പ്രവർത്തിക്കുന്നവ ഘട്ടംഘട്ടമായി അടച്ചുപൂട്ടേണ്ടി വരും.
കൽക്കരിയോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ താപനിലയങ്ങൾക്ക് അനുമതി നൽകില്ല. നിലവിലുള്ളവയുടെ ശേഷി വർദ്ധിപ്പിക്കാനും അനുവാദമുണ്ടാകില്ല.
വലിയ അളവിൽ വിഷമാലിന്യങ്ങളും പുകയും പുറന്തള്ളുന്ന കെമിക്കൽ, ടാന്നറി, പേപ്പർ മിൽ തുടങ്ങി അത്യധികം മലിനീകരണമുണ്ടാക്കുന്ന 'റെഡ് കാറ്റഗറി'യിൽപ്പെട്ട എല്ലാ വ്യവസായങ്ങൾക്കും നിരോധനം ഏർപ്പെടുത്തും.
പുഴകളുടെയും പരിസ്ഥിതിയുടെയും സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന വൻകിട ജലവൈദ്യുത പദ്ധതികൾക്ക് (Hydropower Projects) അനുമതി ലഭിക്കില്ല.
പൊതു കെട്ടിടങ്ങൾ: 20,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ തറവിസ്തീർണ്ണമുള്ള (Built-up area) പുതിയ നിർമ്മാണങ്ങൾക്കോ നിലവിലുള്ളവയുടെ വികസനത്തിനോ അനുമതിയുണ്ടാകില്ല.
ടൗൺഷിപ്പുകൾ: 50 ഹെക്ടറോ അതിൽ കൂടുതലോ വിസ്തൃതിയുള്ള ടൗൺഷിപ്പുകൾ, അല്ലെങ്കിൽ 1,50,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ തറവിസ്തീർണ്ണമുള്ള വൻകിട റിയൽ എസ്റ്റേറ്റ്/ടൗൺഷിപ്പ് പദ്ധതികൾ പൂർണ്ണമായും തടയും.
കർഷകരുടെയും തദ്ദേശവാസികളുടെയും സാധാരണ ജീവിതത്തെയോ കൃഷിരീതികളെയോ ബാധിക്കാതെ, പരിസ്ഥിതി നാശമുണ്ടാക്കുന്ന വൻകിട വ്യവസായ മാഫിയകളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണങ്ങൾ വരുന്നത്. ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പശ്ചിമഘട്ട പ്രകൃതി നിധിയെ സംരക്ഷിക്കാൻ ഈ വിജ്ഞാപനം അത്യന്താപേക്ഷിതമാണെങ്കിലും, കർഷകരുടെയും മലയോര ജനവിഭാഗങ്ങളുടെയും ആശങ്കകൾ പൂർണ്ണമായും പരിഹരിച്ചുകൊണ്ട് മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ എന്ന വെല്ലുവിളിയും സർക്കാരിന് മുന്നിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates