

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) വിട്ട സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെ ഇഡി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള 13 പേർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (വിഎസിബി) ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഡ്വ. കെ.എം. ഷാജഹാൻ നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സുപ്രധാന ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 66(2) പ്രകാരം ഇഡി കൈമാറിയ വിവരങ്ങളിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ വ്യക്തമായി ബോധ്യപ്പെടുന്നുണ്ടെന്നും അതിനാൽ വിജിലൻസിന് മാത്രമാണ് ഇതിൽ അന്വേഷണ ചുമതലയെന്നും കോടതി വ്യക്തമാക്കി.
ഇഡി നൽകിയ വിവരങ്ങൾ പരിശോധിച്ചാൽ കേസിൽ വീണ്ടുമൊരു പ്രാഥമിക അന്വേഷണത്തിന്റെ പ്രസക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പിഎംഎൽഎ സെക്ഷൻ 66(2) പ്രകാരം ഒരു കുറ്റകൃത്യം നടന്നതായി വ്യക്തമാക്കി ഇഡി വിവരങ്ങൾ കൈമാറിയാൽ, ആ കുറ്റകൃത്യങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാൻ അധികാരമുള്ള സംസ്ഥാന പൊലീസിനെ സംബന്ധിച്ചിടത്തോളം എഫ്ഐആർ രജിസ്റ്റർ ചെയ്യൽ നിർബന്ധിത ചുമതലയാണെന്ന് മുൻകാല വിധികളെ ഉദ്ധരിച്ച് ഉത്തരവിൽ എടുത്തുപറയുന്നുണ്ട്.
കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ വിവരങ്ങൾ, മൊഴികൾ, ഡിജിറ്റൽ രേഖകൾ എന്നിവ സമഗ്രമായി പരിശോധിച്ചാൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നടന്നതായി വ്യക്തമാക്കുന്ന മതിയായ വസ്തുതകൾ ആദ്യനോട്ടത്തിൽ തന്നെയുണ്ട്. സിഎംആർഎല്ലും എക്സാലോജിക്കും നടത്തിയ കോർപ്പറേറ്റ് ക്രമക്കേടുകൾ ഇതിൽ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. ലഭ്യമായ രേഖകൾ വെച്ച് പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കാനുള്ള എല്ലാ സാഹചര്യവുമുള്ളപ്പോൾ കേവലം ഒരു പ്രാഥമിക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിലനിൽക്കില്ലെന്നും മറ്റേതെങ്കിലും തരത്തിലുള്ള അന്വേഷണത്തിന്റെ സാധ്യത തള്ളിക്കളയുന്നുവെന്നും കോടതി വ്യക്തമാക്കി.
ഇഡി വിവരങ്ങൾ കൈവശം വെച്ചിരിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയോ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനോ ആ രേഖകൾ കാലതാമസമില്ലാതെ ഉടനടി വിജിലൻസ് ഡയറക്ടർക്ക് കൈമാറണം. തുടർന്ന് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് യോഗ്യരായ അന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കാലതാമസമില്ലാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണത്തിന് ആവശ്യമായ എല്ലാ രേഖകളും ഇഡി വിജിലൻസിന് കൈമാറണമെന്നും ഉത്തരവിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates