

കൊച്ചി: മതചടങ്ങുകളില്‍ പൊലീസുകാര്‍ യൂണിഫോം ഇട്ട് പങ്കെടുക്കുന്നതിനെതിരായ ഡിജിപിയുടെ സര്‍ക്കുലര്‍ തടഞ്ഞ് ഹൈക്കോടതി. പൊലീസ് മേധാവിയുടെ സര്‍ക്കുലറില്‍ പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കുലര്‍ തടഞ്ഞത്. പൊലീസ് മേധാവിയുടെ സര്‍ക്കുലറിനെതിരെ തിരുവനന്തപുരം സ്വദേശി ഡോ. പി.എസ് മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
ക്ഷേത്രങ്ങളിലെ പരമ്പരാഗത ചടങ്ങുകളിലും മറ്റും പൊലീസ് ഉദ്യോഗസ്ഥരുടെ ആചാരപരമായ പങ്കാളിത്തം നേരത്തെയുള്ളതാണ്. ഇത് തിരുവിതാകൂര്‍ കൊച്ചി രാജ്യങ്ങളുടെ ഭരണപരമ്പരയുമായി ബന്ധപ്പെട്ടിട്ട ചരിത്രപരമായ ആചാരമാണെന്നും ഹര്‍ജിയില്‍ ചുണ്ടിക്കാട്ടി. പല ക്ഷേത്ര ചടങ്ങുകളിലും പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് പരമ്പരാഗതമായി നിലനില്‍ക്കുന്ന കീഴ്വഴക്കം ആണെന്നും ഇതില്‍ ചിലത് ക്ഷേത്ര ആചാരങ്ങളുടെ ഭാഗമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് ഈ വിഷയത്തില്‍ വിശദമായി വാദം കേള്‍ക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികളുടെ വാദം വിശദമായി കേള്‍ക്കാനും ഹൈക്കോടതി തീരുമാനിച്ചു. ക്ഷേത്രങ്ങളില്‍ അടക്കം ക്രമസമാധാന പരിപാലനത്തിന് അല്ലാതെ യൂണിഫോം ഉപയോഗിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. ഇത് പല ക്ഷേത്രങ്ങളിലെയും ചടങ്ങുകള്‍ക്ക് തടസമാകുമെന്ന് കണ്ടാണ് നടപടി. കേസ് അടുത്ത മാസം 17 നു ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഈ മാസം ഒന്നാം തീയതിയാണ് ഡിജിപി രാവാഡ ചന്ദ്രശേഖര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates