കൊച്ചി: കോഴിക്കോട് മരിച്ച 12 വയസുകാരൻ നിപ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുട്ടിയുടെ സാംപിൾ നിപ പോസിറ്റീവ് ആണെന്ന് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫലം ലഭിച്ചെന്നും ഇതനുസരിച്ച് അടിയന്തര ആക്ഷൻ പ്ലാൻ കൈകൊണ്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കുട്ടിയുടെ മൂന്ന് സാംപിളുകളും പോസിറ്റീവാണെന്ന് പരിശോധനയിൽ കണ്ടെത്തി. വിവരം അറിയുമ്പോൾ തന്നെ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. ഇന്ന് പുലർച്ചെ കുട്ടി മരിച്ചു. രാത്രി വൈകിയാണ് സ്ഥിരീകരണം ലഭിച്ചതെന്നും ഉടൻതന്നെ വകുപ്പുതല യോഗം ചേർന്നെന്നും മന്ത്രി അറിയിച്ചു.
കുട്ടിക്ക് വൈറസ് ബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. പ്രാഥമിക സമ്പർക്കപട്ടിക കണ്ടെത്തിയെന്നും ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടിയുമായി അടുത്ത് ഇടപെട്ട ആർക്കും നിലവിൽ രോഗലക്ഷണം ഇല്ല.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സകൾ ക്രമീകരിക്കാൻ തീരുമാനം എടുത്തു. കണ്ണൂർ, മലപ്പുറം ജില്ലകളും ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates