

കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. കേസിൽ പ്രതിയായ വ്യക്തിയും ബന്ധുക്കളും ചേർന്ന് വായ്പ തുക തിരിച്ചടച്ചു എന്നത് മാത്രം കണക്കിലെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി. വായ്പാ തുക തിരിച്ചടച്ചുവെന്നത് നിയമപ്രകാരമുള്ള കുറ്റകൃത്യത്തെ ഇല്ലാതാക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ഭാരവാഹികളുടെയും ഒത്താശയോടെ ഹർജിക്കാരനും നാല് ബന്ധുക്കളും ചേർന്ന് സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി അഞ്ച് കോടി രൂപയോളം രൂപയുടെ വായ്പകൾ തട്ടിയെടുത്തു എന്നായിരുന്നു ആരോപണം. ഈ തുക ഉപയോഗിച്ച് കർണാടകയിൽ ഭൂമി വാങ്ങി. ഈ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. തുടർന്ന് 2025-ഓടെ ബാങ്കിലെ കുടിശ്ശിക തുകയായ 4.3 കോടി രൂപ തിരിച്ചടച്ച് വായ്പ ക്ലോസ് ചെയ്തിരുന്നു.
വായ്പ തുക തിരിച്ചടച്ചതിനാൽ പിഎ.എൽഎ. കേസിൽ നിന്ന് ഒഴിവാക്കണമെന്നും കണ്ടുകെട്ടിയ സ്വത്തുക്കളും രേഖകളും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതി ചേർക്കപ്പെട്ട വ്യക്തി വിചാരണക്കോടതിയെയും തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചത്. എന്നാൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്തുക്കൾ കൈകാര്യം ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിൽ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. ഹർജിക്കാരൻ പ്രാഥമിക കുറ്റകൃത്യത്തിൽ പ്രതിയല്ലെങ്കിൽ പോലും കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്തുക്കൾ കൈകാര്യം ചെയ്തതിന് പിഎംഎൽഎ നടപടികൾ നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates