

കൊച്ചി: മക്കളുടെ പേരിടലിനും ചോറൂണിനും പിറന്നാളിനുമൊക്കെ തടവുകാർക്ക് പരോൾ നൽകുന്നത് അനുവദിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. അത്തരത്തിൽ പരോൾ അനുവദിക്കുന്നതു ജനങ്ങൾക്കു നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു. കൊലപാതക കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിക്കു ഭാര്യയുടെ ഗർഭ പരിചരണത്തിനു പരോൾ അനുവദിക്കണമെന്ന ഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കണ്ണൂർ സ്വദേശിയായ പ്രതിയുടെ 42കാരിയായ ഭാര്യയാണ് കൃത്രിമ ഗർഭധാരണത്തിലൂടെ ഗർഭിണിയായത്. രണ്ട് മാസം ഗർഭിണിയായ ഇവർ ഏറെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നതിനാൽ ഭർത്താവിന്റെ പരിചരണം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി പരോളിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ ഇത്തരമൊരു കാര്യത്തിനായി തടവുകാരനു പരോളിനു അർഹതയില്ലെന്നു കോടതി വ്യക്തമാക്കി. അങ്ങനെ പരോൾ അനുവദിച്ചാൽ കുറ്റവാളിയും സാധാരണ പൗരനും തമ്മിലുള്ള അന്തരം ഇല്ലാതാകും. കുറ്റവാളികൾക്ക് സാധാരണ പൗരനെ പോലെ ജീവിതം ആസ്വദിക്കാനാകില്ല. ഇരകളാക്കപ്പെടുന്നവരുടെ കുടുംബം സമൂഹത്തിലുണ്ടെന്നു ഓർക്കണം. ഇത്തരത്തിൽ പരോൾ അനുവദിച്ചാൽ അവർക്ക് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടമാകുമെന്നും കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
