

തിരുവനന്തപുരം : മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. ഡിസംബർ 12 മുതൽ 19 വരെയാണ് തലസ്ഥാന നഗരിയിൽ ചലച്ചിത്രമേള നടക്കുക. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.
ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണത്തിന് ഇന്ന് രാവിലെ 11 ന് ടാഗോർ തിയേറ്ററിൽ തുടക്കമാകും. ചലച്ചിത്ര താരം ലിജോമോൾ ജോസ് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങും. പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത 'പലസ്തീൻ 36' ആണ് ഉദ്ഘാടന ചിത്രം.
ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിക്കും. ഈജിപ്ഷ്യൻ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീൻ്റെ ജന്മശതാബ്ദി ആഘോഷ ഭാഗമായി, അദ്ദേഹത്തിൻ്റെ വിഖ്യാത ചിത്രങ്ങളായ 'കെയ്‌റോ സ്റ്റേഷൻ', 'അലക്സാണ്ട്രിയ എഗെയ്ൻ ആൻഡ് ഫോറെവർ', 'ദി അദർ' എന്നിവ ഉൾപ്പെടുത്തി റിട്രോസ്‌പെക്ടിവ് ഒരുക്കിയിട്ടുണ്ട്.
ഇന്ത്യൻ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിർസയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകർഷണമാണ്. ലോകമെമ്പാടുമുള്ള 57 സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമ വിഭാഗം ആണ് പ്രേക്ഷകർക്ക് മുമ്പിലുള്ള മറ്റൊരു പ്രധാന കാഴ്ച വിരുന്ന്. ഇന്തോനേഷ്യൻ സിനിമയുടെ മുഖമായ ഗാരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ 'കണ്ടംപററി ഫിലിം മേക്കർ ഇൻ ഫോക്കസ്' വിഭാഗത്തിൽ പ്രദർശനത്തിനെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates