

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്കും മാതൃമരണനിരക്കും അമേരിക്കയിലേതിനെ അപേക്ഷിച്ച് കുറവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതൊരു ചെറിയ നേട്ടമല്ല. 167.90 ബില്യണ്‍ ഡോളര്‍ മാത്രം ജി ഡി പിയുള്ള നമ്മുടെ സംസ്ഥാനം 30.51 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ഭീമനായ അമേരിക്കയെക്കാള്‍ എങ്ങനെ മുന്നിലെത്തി. അവരുടെ ജി ഡി പിയുടെ 0.55 ശതമാനം മാത്രമാണ് നമ്മുടേത്. എന്നിട്ടും നമുക്ക് അമേരിക്കയെ മറികടക്കാനായി. ഇതാണ് 'യഥാര്‍ത്ഥ കേരള സ്റ്റോറി'യെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമേരിക്കയില്‍ ഒരു ലക്ഷം പ്രസവങ്ങളില്‍ 22.3 അമ്മമാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമ്പോള്‍, കേരളത്തില്‍ അത് 18 ആണ്. കേരളത്തില്‍ ആയിരം ജനനത്തിന് അഞ്ച് ശിശുമരണമാണ് ഉണ്ടാകുന്നത്. അമേരിക്കയില്‍ അത് 5.6 ആണ്. 96.2 ശതമാനം സാക്ഷരതയുമായി കേരളം ബഹുദൂരം മുന്നില്‍ നില്‍ക്കുമ്പോള്‍ അമേരിക്കയുടെ സാക്ഷരതാ നിരക്ക് 79 ശതമാനം മാത്രമാണ്. ബഹുമുഖ ദാരിദ്ര്യം കേരളത്തില്‍ ഏതാണ്ട് തുടച്ചുനീക്കപ്പെട്ടപ്പോള്‍ (0.55 ശതമാനം) , അമേരിക്കയില്‍ അത് 5.68 ശതമാനമാണ്. കുന്നുകൂടിയ സമ്പത്തല്ല, ജനങ്ങള്‍ക്ക് നല്‍കുന്ന കരുതലും മുന്‍ഗണനയുമാണ് ഒരു നാടിന്റെ യഥാര്‍ത്ഥ അളവുകോലെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ഒരു അത്ഭുതമായി തന്നെയാണ് നിലകൊള്ളുന്നത്. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗ് പറയുന്നു. രാജ്യത്ത് 100 ല്‍ 11 പേര്‍ ദരിദ്രരായിരിക്കുമ്പോള്‍, കേരളത്തില്‍ അത് 200 ല്‍ ഒരാള്‍ മാത്രമാണ്. നീതി ആയോഗ് റിപ്പോര്‍ട്ട് അനുസരിച്ച് സുസ്ഥിര വികസനത്തിലും ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കേരളമാണ് രാജ്യത്ത് ഒന്നാമത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നത് രാജ്യത്ത് തൊഴിലാളിക്ക് ഏറ്റവും ഉയര്‍ന്ന ദിവസവേതനം ലഭിക്കുന്നത് കേരളത്തില്‍ എന്നാണ്. നിര്‍മ്മാണ മേഖലയില്‍ ദേശീയ ശരാശരി 362 രൂപ മാത്രമുള്ളപ്പോള്‍, കേരളത്തിലത് 829 രൂപയാണ്. അത് തൊഴിലാളിയുടെ അന്തസ്സാണ്, അവന്റെ കുടുംബത്തിന്റെ സുരക്ഷയാണ്.
ഇന്ത്യ ടുഡേ പറയുന്നു, ഈ രാജ്യത്ത് ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലാണെന്ന്. വികസനം എന്നത് അംബരചുംബികള്‍ മാത്രമല്ല, മനുഷ്യന്റെ സന്തോഷം കൂടിയാണ്. ഇന്റര്‍നെറ്റ് ഒരു മൗലികാവകാശമായി പ്രഖ്യാപിച്ചതും പച്ചക്കറികള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തിയതുമായ ആദ്യ സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് നിരക്ക് കേരളത്തിലാണ്. ഇന്ത്യാ സ്‌കില്‍സ് റിപ്പോര്‍ട്ട് 2024 പ്രകാരം, തൊഴില്‍ വൈദഗ്ദ്ധ്യമുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ജോലി ചെയ്യാന്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന സംസ്ഥാനം കേരളമാണ്. ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡക്സ് സ്‌കോറില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. 0.758 ആണ് നമ്മുടെ സ്‌കോര്‍. രാജ്യത്തിന്റേത് 0.685. അഗോള ശരാശരി 0.754, അതിനേക്കാള്‍ മുകളിലാണ് കേരളത്തിന്റെ സ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡക്സില്‍ (ഭൗതിക ജീവിത നിലവാര സൂചിക) 95.34 സ്‌കോറോടെ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ്. തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശ്ശൂര്‍, കൊല്ലം, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ കേരളത്തിലെ പ്രമുഖ നഗരങ്ങള്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളേക്കാള്‍ മുന്നിലാണ്. ആരോഗ്യം, വിദ്യാഭ്യാസം, വായുവിന്റെ ഗുണനിലവാരം, പൊതു സൗകര്യങ്ങള്‍, കുറഞ്ഞ കുറ്റകൃത്യനിരക്ക് എന്നിവയാണ് കേരളത്തിന്റെ നേട്ടത്തിനു കാരണം. ഇന്ത്യയുടെ ദേശീയ ശരാശരി ഇക്കാര്യത്തില്‍ വളരെ പിന്നിലാണ്. പൊതുസുരക്ഷ, ലിംഗസമത്വ മനോഭാവം എന്നീ കാര്യങ്ങളില്‍ കേരളം രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നു. യു എന്‍ ഡി പി വിദ്യാഭ്യാസ സൂചികയില്‍ അതായത് ഉയര്‍ന്ന സാക്ഷരതയും സ്‌കൂള്‍ പഠന വര്‍ഷങ്ങളും സംബന്ധിച്ച കേരളത്തിന്റെ സ്‌കോര്‍ 0.77 ആണ്. ഇന്ത്യയുടെ സ്‌കോര്‍ 0.569 ആണ്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ കേരളം വലിയ മുന്നേറ്റം നടത്തി. 2022 ലെ സ്റ്റേറ്റ് ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാനില്‍ 30 പരിഷ്‌കരണ മേഖലകളില്‍ ഒമ്പതെണ്ണത്തില്‍ കേരളത്തെ 'ടോപ്പ് അച്ചീവര്‍' ആയി തെരഞ്ഞെടുത്തു. തൊഴില്‍ സേനയിലെ സ്ത്രീപങ്കാളിത്തം 2021 ലെ 32.3 ശതമാനത്തില്‍ നിന്ന് 2023-24 ല്‍ 36.4 ശതമാനമായി ഉയര്‍ത്തി. സാമൂഹിക പുരോഗതി സൂചികയില്‍ കേരളത്തിന്റെ സ്‌കോര്‍ 65.2 ആണ്. ഇത് ഇന്ത്യന്‍ ദേശീയ ശരാശരിയായ 58.3 നേക്കാളും വളരെ മുകളിലാണ്, കൂടാതെ ആഗോള ശരാശരിയായ 70.27 നോട് അടുത്തുമാണ്. കേരളം ഉയര്‍ന്ന കൂലിയും തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും ഉറപ്പാക്കിയപ്പോള്‍ വ്യവസായങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുമെന്നും കേരളം തകരുമെന്നും പ്രവചിക്കപ്പെട്ടു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ആ ഉയര്‍ന്ന കൂലി ഇവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരവും മാനവ വികസന സൂചികയും ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് നാം ഇവിടെ പ്രഖ്യാപിച്ച അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കേരളം ലോകത്തിനു മുന്നില്‍വെക്കുന്ന 'ജനപക്ഷ ബദല്‍ വികസന മാതൃക'യുടെ വിജയമാണ്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് അസമത്വം വര്‍ദ്ധിപ്പിക്കുമ്പോള്‍, സമ്പത്ത് ചിലരുടെ കൈകളില്‍ മാത്രം കുന്നുകൂടുമ്പോള്‍, എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കുന്ന, ആര്‍ദ്രതയുള്ള, സമത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ക്ഷേമ മാതൃക സാധ്യമാണെന്ന് കേരളം നെഞ്ചുവിരിച്ച് തല ഉയര്‍ത്തി ലോകത്തോട് പറയുകയാണ്.
ഇത് കേവലം ഒരു സര്‍ക്കാരിന്റെ മാത്രം നേട്ടമായി ഞങ്ങള്‍ കാണുന്നില്ല. മറിച്ച്, എല്ലാ പ്രതിസന്ധികളെയും ഐക്യത്തോടെ നേരിട്ട, നവകേരളത്തിനായി നിലകൊണ്ട ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടേതുമാണ്. തന്റെ അയല്‍വീട്ടിലെ അതിദരിദ്ര കുടുംബത്തെ കണ്ടെത്തിയ കുടുംബശ്രീ പ്രവര്‍ത്തകയുടേതാണ് ഈ വിജയം. അവര്‍ക്ക് മരുന്ന് എത്തിച്ച സന്നദ്ധപ്രവര്‍ത്തകന്റേതാണ്, ഈ ജനകീയ യജ്ഞത്തില്‍ പങ്കാളികളായ ഓരോ ഉദ്യോഗസ്ഥന്റെയും, എല്ലാത്തിനുമുപരി ഈ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ഈ വിജയം.
നമ്മുടെ ലക്ഷ്യം ഇവിടെ അവസാനിക്കുന്നില്ല. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഒരു അവസാനമല്ല, ഒരു തുടക്കമാണ്. ആകസ്മികമായ പ്രതിസന്ധികളില്‍ അകപ്പെടുന്നവര്‍ക്കുപോലും സുരക്ഷിതത്വം ഉറപ്പാക്കുന്ന, സമ്പൂര്‍ണ്ണമായ ഒരു സാമൂഹികഘടന സൃഷ്ടിക്കുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. ഈ ജനകീയ ബദല്‍ നയം ഒരു തടസ്സവുമില്ലാതെ തുടരേണ്ടത് ഈ നാടിന്റെ അനിവാര്യതയാണ്. ആ നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ കേരളജനതയാകെ ഒപ്പമുണ്ടെന്ന ഉറച്ച വിശ്വാസം സര്‍ക്കാരിന് ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിനെ വിഭജിക്കുന്ന, പിന്നോട്ടുവലിക്കുന്ന എല്ലാ ശക്തികളെയും ഒറ്റക്കെട്ടായി ചെറുത്ത്, കൂടുതല്‍ ഐശ്വര്യപൂര്‍ണ്ണമായ, സമത്വസുന്ദരമായ ഒരു നവകേരളത്തിനായി ഏവര്‍ക്കും ഒരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates