

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആത്മീയ ചൈതന്യവും മാഹാത്മ്യവും വിളിച്ചോതുന്ന 'കൃഷ്ണലീല' പ്രകാശനം ചെയ്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തയ്യാറാക്കിയ, 252 പേജില്‍ ഗുരുവായൂര്‍ ക്ഷേത്ര വിശേഷങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്നതാണ് കോഫി ടേബിള്‍ ബുക്ക് 'കൃഷ്ണലീല' .
ഗുരുവായൂര്‍ ലൈലാക് ഹോട്ടലില്‍ കൃഷ്ണലീല സായാഹ്നം എന്ന പേരില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് ബുക്ക് സദസ്സിലുള്ളവരെ പരിചയപ്പെടുത്തിയത്. പരിപാടി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് വിളക്ക് കൊളുത്തിയാണ് ചടങ്ങിന് തുടക്കമിട്ടത്. ക്ഷേത്രത്തിലെ ദേവത- ഉപദേവതകള്‍, ദൈനംദിന പൂജകള്‍, വിശേഷാവസരങ്ങള്‍, ഉത്സവം, പ്രത്യേക ചടങ്ങുകള്‍ എന്നിവയെല്ലാം കൃഷ്ണലീലയില്‍ പ്രതിപാദിക്കുന്നുണ്ട്. കൃഷ്ണനാട്ടത്തെക്കുറിച്ചുള്ള വിവരങ്ങളും പുസ്തകത്തിലുണ്ട്. അപൂര്‍വവും മനോഹരവുമായ നിരവധി ചിത്രങ്ങള്‍ കോഫി ടേബിള്‍ ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിര്‍മ്മാല്യത്തില്‍ ആരംഭിച്ച് ശ്രീകോവില്‍ അടയ്ക്കുന്നത് വരെയുള്ള ചടങ്ങുകളുടെ മനോഹരമായ ചിത്രങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൈനംദിന ആചാരങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാണെന്ന് വി കെ വിജയന്‍ പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്സവങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, കലാരൂപങ്ങള്‍, ചരിത്രം, ഐതിഹ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് പുസ്തകം പകരുന്നതായും അദ്ദേഹം പറഞ്ഞു.
കൃഷ്ണലീലയിലെ ചിത്രങ്ങള്‍ ദൈവികമായ അനുഭവം നല്‍കുകയും വാക്കുകള്‍ക്ക് അതീതമായ വികാരങ്ങള്‍ പകരുകയും ചെയ്യുന്നുവെന്ന് എഴുത്തുകാരി ഡോ.സുവര്‍ണ നാലപ്പാട്ട് പറഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗം കെ പി വിശ്വനാഥന്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി കെ പ്രകാശന്‍, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍, റസിഡന്റ് എഡിറ്റര്‍ കിരണ്‍ പ്രകാശ്, ജനറല്‍ മാനേജര്‍ വിഷ്ണുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates