ലോറി ഡ്രൈവര്‍മാരെ ലൈന്‍ ട്രാഫിക് പഠിപ്പിക്കും, പരിശീലന ക്ലാസുമായി എംവിഡി

കണ്ടെയ്നര്‍ ഡ്രൈവര്‍മാര്‍ക്കാകും മുന്‍ഗണന നല്‍കുക.
Kerala Motor Vehicles Department to provide line traffic training for container lorry drivers ahead of NH completion
പ്രതീകാത്മക ചിത്രം Ai image
Updated on
1 min read

തിരുവനന്തപുരം: ദേശീയപാതാനിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുന്നോടിയായി ലോറി ഡ്രൈവര്‍മാര്‍ക്ക് ലൈന്‍ ട്രാഫിക്കില്‍ പരിശീലനം നല്‍കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഒരുങ്ങുന്നു. വകുപ്പിന്റെ ഡ്രൈവര്‍ പരിശീലനകേന്ദ്രങ്ങളില്‍ ലോറി ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിക്കും. കണ്ടെയ്നര്‍ ഡ്രൈവര്‍മാര്‍ക്കാകും മുന്‍ഗണന നല്‍കുക.

ദേശീയപാതാനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തുനിന്ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് കണ്ടെയ്നര്‍ ഗതാഗതം വര്‍ധിക്കും. വലിയ വാഹനങ്ങള്‍ കുറഞ്ഞ വേഗത്തില്‍ സ്പീഡ് ട്രാക്കില്‍ പോകുന്നതും സിഗ്‌നല്‍ നല്‍കാതെ ലൈന്‍ മാറ്റുന്നതും അപകടത്തിനിടയാക്കും. പുതിയ തലമുറ ആറുവരി ദേശീയപാതകളിലെ അപകടങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ലൈന്‍ ട്രാഫിക്കിലെ പിഴവാണ്. പാര്‍ക്കിങ്ങിലും സുരക്ഷാനിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.

നിലവിലെ ഡ്രൈവര്‍മാര്‍ക്ക് ഇത്തരം സങ്കേതങ്ങളില്‍ പരിചയക്കുറവുണ്ടെന്നാണ് നിഗമനം. പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളും, രാസമിശ്രിതങ്ങളും കൊണ്ടുപോകുന്ന ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാകോഴ്സ് നിര്‍ബന്ധമാണെങ്കിലും കണ്ടെയ്നര്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലന സംവിധാനങ്ങളൊന്നുമില്ല.

ഇതിനു പുറമേ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രഥമശുശ്രൂഷയില്‍ പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. 6000 ആംബുലന്‍സുകളാണ് സംസ്ഥാനത്തുള്ളത്. ആശുപത്രികളും സന്നദ്ധസംഘടനകളും അവരുടെ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെങ്കിലും ഭൂരിഭാഗം സ്വകാര്യ ആംബുലന്‍സുകളിലെ ഡ്രൈവര്‍മാര്‍ക്കും പരിശീലനമില്ലെന്നാണ് കണ്ടെത്തല്‍. അപകടത്തില്‍പ്പെട്ടവരെ വാഹനങ്ങളിലേക്ക് കയറ്റുന്നതിലും വൈദഗ്ധ്യം ആവശ്യമുണ്ട്. ഇത്തരം കാര്യങ്ങളിലാകും പരിശീലനം നല്‍കുക.

ആംബുലന്‍സ് അപകടങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ച പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിത ഡ്രൈവിങ്ങില്‍ പരിശീലനം നല്‍കുന്നതും പരിഗണനയിലുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സുകള്‍ക്ക് വേഗപരിധി ബാധകമല്ലെങ്കിലും അപകടകരമായ ഡ്രൈവിങ് ഒഴിവാക്കേണ്ടതുണ്ട്. എടപ്പാള്‍ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 14 ജില്ലാ ഉപകേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇവയിലാകും പരിശീലനം നല്‍കുക.

Summary

Kerala Motor Vehicles Department to provide line traffic training for container lorry drivers ahead of NH completion.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com