

ചെന്നൈ : വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന പൈലറ്റിന്റെ അറിയിപ്പു കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് കെസി വേണുഗോപാൽ എംപി. എയർ ഇന്ത്യ വിമാനം പറന്നുയർന്ന് ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് പൈലറ്റിന്റെ അറിയിപ്പുകേട്ടത്. ലാൻഡിങ്ങിന് ഒരുമണിക്കൂറിലേറെ എടുത്തപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്. എംപിമാർ മാത്രമല്ലല്ലോ, ഇത്രയും യാത്രക്കാരുടെ ജീവനല്ലേ വിമാനത്തിലുള്ളത്. കെ സി വേണുഗോപാൽ പറഞ്ഞു.
‘ചെന്നൈ വിമാനത്താവളത്തിനു മുകളിൽ പറന്ന് ഇന്ധനം തീരാറായപ്പോഴാണ് ലാൻഡിങ്ങിന് ശ്രമിച്ചത്. ലാൻഡിങ്ങിനായി ഇറങ്ങുമ്പോൾ റൺവേയിൽ മറ്റൊരു വിമാനമുണ്ടെന്ന അറിയിപ്പു വന്നു. ഞങ്ങളുടെ വിമാനം വീണ്ടും മുകളിലേക്കു പറന്നു. ഇതോടെ സാങ്കേതികത്തകരാറിനപ്പുറം ആശയവിനിമയത്തിലും പ്രശ്നമുണ്ടെന്ന് മനസ്സിലാക്കി. പൈലറ്റിന്റെ മനഃസാന്നിധ്യമാണ് ഞങ്ങൾക്ക് തുണയായത്’. കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി പരാതി നൽകുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
രക്ഷപ്പെട്ടത് മഹാഭാഗ്യത്തിനാണ് എന്നാണ് വിമാനത്തിലുണ്ടായിരുന്ന അടൂർ പ്രകാശ് എംപി അഭിപ്രായപ്പെട്ടത്. കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെ രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവരും വിമാനത്തിൽ ഉണ്ടായിരുന്നു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഞങ്ങൾ ഡൽഹിയിലേക്കു പുറപ്പെട്ടത്. വിമാനത്തിൽ ആകെ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 7.20ന് പുറപ്പെടേണ്ട വിമാനം അര മണിക്കൂർ വൈകി 7.50ന് ആണ് പുറപ്പെട്ടത്.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൈലറ്റ് അനൗൺസ്മെന്റ് ചെയ്തു. ചെന്നൈയിൽ അടിയന്തര ലാൻഡിങ്ങിനുള്ള ശ്രമം തുടങ്ങി. രണ്ടു മണിക്കൂറോളമാണ് വിമാനം ആകാശത്തു വട്ടമിട്ട് പറന്നത്. യാത്രക്കാരാകെ പരിഭ്രാന്തരായിരുന്നു. അര മണിക്കൂർ വീണ്ടും ആകാശത്തു പറന്ന ശേഷമാണു വിമാനം ലാൻഡ് ചെയ്യാൻ സാധിച്ചത്. റഡാറിലെ തകരാർ എന്നാണു പറയുന്നത്. ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. റൺവേയിൽ ഉണ്ടായിരുന്ന വിമാനവുമായി കൂട്ടിമുട്ടാത്തത് തന്നെ ഭാഗ്യമാണ്. പൈലറ്റായ ക്യാപ്റ്റൻ വെങ്കിടേഷിന്റെ മികവ് അഭിനന്ദനാർഹമാണ്" - അടൂർ പ്രകാശ് പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കിയത്. വിമാനത്തിലെ മുഴുവൻ യാത്രക്കാർ സുരക്ഷിതരാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ‘‘വിമാനം സാങ്കേതിക തകരാറുകളെ തുടർന്നു ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ക്യാപ്റ്റൻ വെങ്കിടേഷിന്റെ അസാമാന്യ മികവുമൂലം, റഡാറുമായി ബന്ധം നഷ്ടപ്പെടുകയും ചെന്നൈ വിമാനത്താവളത്തിലെ അടിയന്തര ലാൻഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടൽ ഒഴിവാക്കുകയും ചെയ്ത വിമാനം മുഴുവൻ യാത്രക്കാരുമായി സുരക്ഷിതരായി ചെന്നൈയിൽ ലാൻഡ് ചെയ്തു’’– കൊടിക്കുന്നിൽ സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
