

കൊച്ചി: പരിചയമില്ലാത്ത ചില യുവാക്കൾ സാധനങ്ങൾ വാങ്ങിയ ശേഷം നൽകിയ അഞ്ഞൂറിന്റെ നോട്ടിന് അസാധാരണ കനം തോന്നിയപ്പോഴാണ് വ്യാപാരികൾക്ക് സംശയം തോന്നിയത്. നോട്ടിൽ സാനിറ്റൈസർ അടിച്ചപ്പോൾ മഷി ഇളകി, നോട്ട് രണ്ട് പാളിയായി പിളർന്നു. ഇതോടെ വ്യാപാരികളിൽ ചിലർ പരിചയക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ വഴി ക്രൈംബ്രാഞ്ചിന് വിവരം നൽകി. പരിശോധിച്ചപ്പോൽ നോട്ടുകൾ വ്യാജമാണെന്ന് കണ്ടെത്തി. കൂത്താട്ടുകുളം ഇലഞ്ഞി പ്രദേശത്തെ ചെറുകിട വ്യാപാരികളാണ് കള്ളനോട്ടു വിവരം പൊലീസിന് കൈമാറിയത്.
സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ഏറ്റെടുത്തു. കള്ളനോട്ടു നൽകിയ യുവാക്കൾ വീണ്ടും വരുമ്പോൾ ശ്രദ്ധിക്കാനും പൊലീസിനെ വിവരം അറിയിക്കാനും വ്യാപാരികൾക്ക് നിർദേശം നൽകി. അങ്ങനെ രഹസ്യാന്വേഷണ വിഭാഗം യുവാക്കളെ തിരിച്ചറിഞ്ഞു. ഇലഞ്ഞിയിലെ പൈങ്കുറ്റി എന്ന സ്ഥലത്ത് ആൾത്തിരക്ക് കുറഞ്ഞ റോഡിലെ ഇരുനില വീട്ടിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവന്റ് മാനേജ്മെന്റ് സംഘമെന്ന് പറഞ്ഞാണ് ഇവിടെ താമസത്തിനെത്തിയത്. 12,500 രൂപ മാസവാടകയും 50,000രൂപ സെക്യൂരിറ്റിയും നൽകി. 7 മാസത്തെ വാടക ഗൂഗിൾ പേ വഴിയാണ് ഇവർ നൽകിയത്. യുവാക്കളെ ഇന്നലെ പുലർച്ചെ റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായ യുവാക്കളെ വിവിധ അന്വേഷണ ഏജൻസികൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ വിശദമായ വിവരങ്ങൾ പുറത്തുവരും. യുവാക്കളെ ചുറ്റിപ്പറ്റി കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ഇവർക്കു വിദേശബന്ധമുള്ളതിന്റെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ച കടലാസ്, മഷി എന്നിവയുടെ നിലവാരവും നിർമിച്ച സ്ഥലവും കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates