അധികാരത്തിന്റെ കണ്ണൂർ കരുത്ത്: മാർത്താണ്ഡവർമ്മ മുതൽ പിണറായി വരെ; ചരിത്രം വഴിമാറുമോ അതോ ആവർത്തിക്കപ്പെടുമോ?

മാർത്താണ്ഡവർമ്മ മുതൽ പിണറായി വിജയൻ വരെ നീളുന്ന രാഷ്ട്രീയ പാരമ്പര്യം.
Karunakaran_Nayanar_Pinarayi_KC
Karunakaran_Nayanar_Pinarayi_KC
Updated on
3 min read

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് പതിവുപോലെ ഒരു ദേശത്തിന്റെ പേരാണ്— 'കണ്ണൂർ'. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതകളിൽ കെ സി. വേണുഗോപാൽ മുൻനിരയിൽ എത്തുമ്പോൾ, അത് കേവലം ഒരു വ്യക്തിപരമായ നേട്ടമല്ല, മറിച്ച് നൂറ്റാണ്ടുകളായി കേരളത്തിന്റെ അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന ആ 'കണ്ണൂർ ജനിതകത്തിന്റെ' സ്വാഭാവികമായ തുടർച്ചയായി വേണം വിലയിരുത്താൻ

മാർത്താണ്ഡവർമ്മയും കോലത്തുനാടൻ കരുത്തും

കണ്ണൂരിൽ വേരുകളുള്ളവർ കേരളം ഭരിക്കുക എന്നത് ചരിത്രത്തിൽ ആവർത്തിക്കപ്പെടുന്ന ഒരു കൗതുകമാണ്. ആധുനിക തിരുവിതാംകൂറിന്റെ ശില്പി അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയിൽ നിന്നാണ് ഈ ബന്ധം തുടങ്ങുന്നത്. മാർത്താണ്ഡവർമ്മയുടെ മാതാവ് കണ്ണൂരിലെ കോലത്തുനാട്ടിൽ നിന്നുള്ള രാജകുമാരിയായിരുന്നു. തിരുവിതാംകൂറിലെ ആഭ്യന്തര കലഹങ്ങളെയും എട്ടു വീട്ടിൽ പിള്ളമാരെയും മാർത്താണ്ഡവർമ്മ അടിച്ചമർത്തിയത് തന്റെ സിരകളിലെ ഈ വടക്കൻ വീര്യം കൊണ്ടാണെന്നാണ് ചരിത്രകാരന്മാരുടെ നിരീക്ഷണം. അധികാര കേന്ദ്രം തിരുവനന്തപുരത്തായിരുന്നപ്പോഴും അതിന്റെ ചാലകശക്തി വടക്കൻ മലബാറിൽ നിന്നായിരുന്നു എന്ന് ചുരുക്കം.

K Karunakaran
K KarunakaranTNIE Archive

കെ. കരുണാകരൻ: തട്ടകം മാറ്റിയ ചാണക്യൻ

ആധുനിക കേരള രാഷ്ട്രീയത്തിലെ 'ലീഡർ' കെ. കരുണാകരൻ കണ്ണൂരിലെ ചിറയ്ക്കലിലാണ് ജനിച്ചത്. എന്നാൽ രാഷ്ട്രീയ വളർച്ചയ്ക്കായി അദ്ദേഹം തിരഞ്ഞെടുത്തത് തൃശ്ശൂരിന്റെ മണ്ണായിരുന്നു. ഐ.എൻ.ടി.യു.സി പ്രസ്ഥാനത്തിലൂടെ തൊഴിലാളികളെ സംഘടിപ്പിച്ച് വളർന്ന അദ്ദേഹം തൃശ്ശൂരിലെ 'മാള' മണ്ഡലത്തെ തന്റെ അപ്രമാദിത്വമുള്ള കോട്ടയാക്കി മാറ്റി. കണ്ണൂരിന്റെ പോരാട്ടവീര്യം തൃശ്ശൂരിന്റെ രാഷ്ട്രീയ കാലാവസ്ഥയുമായി സംയോജിപ്പിച്ച കരുണാകരൻ നാല് തവണയാണ് മുഖ്യമന്ത്രി പദവിയിലെത്തിയത്. കണ്ണൂർ വിട്ടെങ്കിലും അദ്ദേഹം തന്റെ രാഷ്ട്രീയ കരുത്തിന് ആധാരമാക്കിയത് ആ വടക്കൻ ജനിതകം തന്നെയായിരുന്നു.

Karunakaran and Nayanar
Karunakaran and NayanarTNIE Archive

ഇ കെ നായനാർ: മലമ്പുഴയിലെ ജനപ്രിയൻ

വിപ്ലവത്തിന്റെ മണ്ണായ കല്ല്യാശ്ശേരിയിൽ നിന്ന് രാഷ്ട്രീയ പാഠങ്ങൾ പഠിച്ച ഇ കെ നായനാർ, തന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന വിജയങ്ങൾ പലതും കുറിച്ചത് കണ്ണൂരിന് പുറത്തായിരുന്നു. പ്രത്യേകിച്ച് പാലക്കാട്ടെ 'മലമ്പുഴ'. കണ്ണൂർക്കാരനായ നായനാർ പാലക്കാട്ടുകാരുടെ പ്രിയങ്കരനായ ഭരണാധികാരിയായി മൂന്ന് വട്ടം മുഖ്യമന്ത്രി കസേരയിലിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോർഡും നായനാർ സ്വന്തമാക്കി.

Pinarayi Vijayan
Pinarayi Vijayanfile

പിണറായി വിജയൻ: ചരിത്രം തിരുത്തിയ ഭരണത്തുടർച്ച

കരുണാകരനിൽ നിന്നും നായനാരിലും നിന്നും വ്യത്യസ്തമായി സ്വന്തം മണ്ണിൽ ഉറച്ചുനിന്ന് ഭരണം നയിക്കുന്ന ശൈലിയാണ് പിണറായി വിജയന്റേത്. കണ്ണൂരിലെ പിണറായിയിൽ ജനിച്ച്, പാർട്ടി ഗ്രാമങ്ങളുടെ ഹൃദയമായ ധർമ്മടത്തെ തന്റെ രാഷ്ട്രീയ കോട്ടയാക്കി മാറ്റിയ അദ്ദേഹം കേരള രാഷ്ട്രീയത്തിൽ പുതിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചു. കേരള ചരിത്രത്തിൽ ഭരണത്തുടർച്ചയെന്ന അസാധ്യമായ നേട്ടം കൈവരിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയപ്പോൾ, അത് ധർമ്മടത്തിന്റെയും കണ്ണൂരിന്റെയും രാഷ്ട്രീയ അച്ചടക്കത്തിനുള്ള അംഗീകാരം കൂടിയായി.

kc venugopal
kc venugopal

വേണുഗോപാലിന്റെ ‘ആലപ്പുഴ മിഷൻ’

ഈ നിരയിലെ ഏറ്റവും പുതിയ പേരാണ് പയ്യന്നൂരുകാരനായ കെ.സി. വേണുഗോപാലിന്റേത്. കരുണാകരന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിന്റെ കളിത്തട്ടായി അദ്ദേഹം തിരഞ്ഞെടുത്തത് ആലപ്പുഴയെയായിരുന്നു. പയ്യന്നൂരിൽ നിന്ന് ആലപ്പുഴയിലെത്തിയ അദ്ദേഹം മൂന്ന് വട്ടം എം.എൽ.എയായും പിന്നീട് കേന്ദ്രമന്ത്രിയായും എ.ഐ.സി.സിയുടെ അമരക്കാരനായും വളർന്നു. ഇന്ന് ദേശീയ രാഷ്ട്രീയത്തിലെ നിർണ്ണായക ശബ്ദമായി മാറിയപ്പോഴും അദ്ദേഹത്തിന്റെ സിരകളിൽ പയ്യന്നൂരിന്റെ ആ പഴയ രാഷ്ട്രീയ വീര്യമുണ്ട്.

ഹൈക്കമാൻഡ് ഒടുവിൽ വേണുഗോപാലിനെത്തന്നെ മുഖ്യമന്ത്രിയായി നിശ്ചയിച്ചാൽ, കേരളം കാത്തിരിക്കുന്നത് ഒരു സുപ്രധാന തീരുമാനത്തിനാണ്. കരുണാകരനെയും നായനാരെയും പോലെ ജന്മനാടിന് പുറത്തുള്ള സുരക്ഷിത മണ്ഡലത്തിൽ അദ്ദേഹം അഭയം തേടുമോ? അതോ, തന്റെ രാഷ്ട്രീയ ശത്രുക്കളുടെ ഈറ്റില്ലമായ കണ്ണൂരിൽ തന്നെ ചെന്ന് ജനവിധി തേടാനുള്ള 'കണ്ണൂർ കരുത്ത്' അദ്ദേഹം കാണിക്കുമോ?. ഈ ചോദ്യത്തിനുള്ള ഉത്തരം എഐസിസി തീരുമാനത്തെ ആശ്രയിച്ചിരിക്കും.

English Summary: The article explores the historic dominance of leaders with Kannur roots in Kerala's governance, tracing from Marthanda Varma to Pinarayi Vijayan. It highlights how leaders like K. Karunakaran and E.K. Nayanar built strongholds outside their home district, contrasting with Pinarayi Vijayan's localized dominance. As K.C. Venugopal emerges as a frontrunner for the CM post, the story questions whether he will return to contest from his birthplace in Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com