വൈദ്യുതി പ്രതിസന്ധി: സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്; നിയന്ത്രണം 30 വരെയെന്ന് കെഎസ്ഇബി ചെയർമാൻ

ജനങ്ങളുടെ പ്രയാസം മനസ്സിലാക്കുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്
Sunny Joseph
Sunny Joseph
Edited By:
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപനമില്ലാതെ വൈദ്യുതി മുടങ്ങുന്നത് വ്യാപക ജനരോഷത്തിന് കാരണമായതോടെ വിഷയത്തിൽ വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫും കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും രംഗത്തെത്തി. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനവും ഡിമാൻഡിലുണ്ടായ വൻ വർദ്ധനവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വ്യക്തമാക്കിയ ഇരുവരും, വൈദ്യുതി മുടങ്ങുന്ന സമയം മുൻകൂട്ടി ജനങ്ങളെ അറിയിക്കുമെന്നും വ്യക്തമാക്കി.

'സ്വിച്ചിട്ട പോലെ പരിഹരിക്കാൻ പറ്റുന്നതല്ല ഈ പ്രതിസന്ധി': വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി മുടങ്ങുന്നതിലൂടെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസം പൂർണ്ണമായും ഉൾക്കൊള്ളുന്നുവെന്നും അതിൽ ഖേദമുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. എന്നാൽ ഇത് സ്വിച്ചിട്ടതുപോലെ ഉടനടി പരിഹരിക്കാൻ സാധിക്കുന്ന വിഷയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

"പ്രതിസന്ധി പരിഹരിക്കാനായി സർക്കാർ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. ഈ വിഷയത്തിൽ അത്ഭുതപ്രവർത്തികളൊന്നുമില്ല, അങ്ങനെ ചെയ്തുവെന്ന് അവകാശപ്പെടുന്നുമില്ല. ഇത് ആരുടെയും വ്യക്തിപരമായ വീഴ്ചയല്ല, കടുത്ത കാലാവസ്ഥാ പ്രതിസന്ധി മൂലം ഉണ്ടായതാണ്. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറയുകയും ചൂട് ക്രമാതീതമായി കൂടുകയും ചെയ്തു. ഇതോടെ ആഭ്യന്തര ഉത്പാദനം കുത്തനെ കുറഞ്ഞു, ഒപ്പം വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലെത്തുകയും ചെയ്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രതിദിനം 3,794 മെഗാവാട്ടായിരുന്നു വൈദ്യുതി ആവശ്യമെങ്കിൽ ഇന്നലെ അത് 5,200 മെഗാവാട്ടായി ഉയർന്നു. നമ്മുടെ വിതരണ ശേഷിയേക്കാൾ 900 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അയൽ സംസ്ഥാനങ്ങൾ ഭൂരിഭാഗവും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുമ്പോൾ കേരളം ആവശ്യകതയുടെ 25 ശതമാനം മാത്രമാണ് സ്വയം ഉത്പാദിപ്പിക്കുന്നത്. ബാക്കി ആവശ്യങ്ങൾക്കായി മറ്റ് ഏജൻസികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പരമാവധി വൈദ്യുതി വാങ്ങാൻ ശ്രമിച്ചിട്ടും ലഭ്യതക്കുറവുണ്ട്. വൈദ്യുതി പോകുന്ന സമയം കൃത്യമായി അറിയിക്കുന്നില്ലെന്ന പരാതി ഇനി ഉണ്ടാകില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും, ജനങ്ങൾ സഹകരിക്കണം," മന്ത്രി ആവശ്യപ്പെട്ടു.

'സെപ്റ്റംബർ 30 വരെ നിയന്ത്രണം തുടരും, ഒക്ടോബർ ഒന്നോടെ കൂടുതൽ വൈദ്യുതി': കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിയന്ത്രണം ഈ മാസം 30 വരെ തുടരുമെന്നും ഒക്ടോബർ ഒന്ന് മുതൽ കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം വ്യക്തമാക്കി. കെഎസ്ഇബി ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ചൂട് കൂടിയതിനാൽ വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. അതിനനുസരിച്ച് വിപണിയിൽ നിന്ന് വൈദ്യുതി ലഭ്യമാകുന്നില്ല. ഉയർന്ന വില നൽകാമെന്ന് പറഞ്ഞാൽ പോലും വിപണിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ കിട്ടാനില്ലാത്ത പ്രതിസന്ധിയുണ്ട്. രാത്രി പീക്ക് സമയങ്ങളിൽ ഉപഭോഗം 5,200 മെഗാവാട്ട് വരെ എത്തുമ്പോൾ ഒന്നിലേറെ തവണ വൈദ്യുതി തടസ്സപ്പെടുന്നത് സ്വാഭാവികമാണ്.

ഇത് ഔദ്യോഗിക പവർകട്ടല്ല, മറിച്ച് സിസ്റ്റം താറുമാറാകാതിരിക്കാനുള്ള താല്കാലിക നിയന്ത്രണം മാത്രമാണ്. എത്ര മണിക്ക് വൈദ്യുതി തടസ്സപ്പെടുമെന്ന കാര്യം ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കും. വൈകുന്നേരം 6:30 മുതൽ രാത്രി 12:30 വരെയുള്ള സമയങ്ങളിലായിരിക്കും നിയന്ത്രണങ്ങൾ വരിക. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പൂർണ്ണമായി മനസ്സിലാക്കുന്നു. സ്വന്തം മകൾ വരെ താൻ എംഡിയായ ശേഷമാണ് വൈദ്യുതി മുടങ്ങുന്നതെന്ന് പറയാൻ തുടങ്ങി. ഒക്ടോബർ ഒന്നുമുതൽ കൂടുതൽ വൈദ്യുതി ഉറപ്പാക്കി പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാനുള്ള നടപടികളിലാണ് ബോർഡ്," അദ്ദേഹം കൂട്ടിച്ചേർത്തു.

Summary

In response to widespread public anger over unannounced power disruptions across Kerala, Electricity Minister Sunny Joseph and KSEB Chairman M.G. Rajamanickam provided separate clarifications outlining the ongoing power crisis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com