'ഇരട്ടപ്പദവി ഒന്നിച്ച് കൊണ്ടുപോകാൻ പ്രയാസം'; കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് അഡ്വ. സണ്ണി ജോസഫ്

ഫുട്ബോൾ ആരാധകർക്ക് കളി കാണുന്നതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുവെന്നും മന്ത്രി
Sunny Joseph
Sunny Joseph
Updated on
1 min read

കണ്ണൂർ: കെപിസിസി അധ്യക്ഷപദവിയും വൈദ്യുതി മന്ത്രിസ്ഥാനവും ഒന്നിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരസ്യമായി ഏറ്റുപറഞ്ഞ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. ഇരട്ടപ്പദവി വഹിക്കുന്നതിലെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത താൻ നേരത്തെ തന്നെ കോൺഗ്രസ് ഹൈക്കമാൻഡിനെ ഔദ്യോഗികമായി അറിയിച്ചിരുന്നതാണെന്ന് അദ്ദേഹം ഇരിട്ടിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.സംഘടനാ ചുമതലയും ഭരണപരമായ ഉത്തരവാദിത്തങ്ങളും ഒരുപോലെ നിർവ്വഹിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ഹൈക്കമാൻഡ് എപ്പോൾ ആവശ്യപ്പെടുന്നുവോ, ആ നിമിഷം തന്നെ താൻ കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്ലെക്സ് രാഷ്ട്രീയത്തോട് വിയോജിപ്പ്; കാര്യങ്ങൾ പാർട്ടിയിൽ പറയണം

താൻ ഇരട്ടപ്പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നതിനോട് മന്ത്രിവിയോജിപ്പ് രേഖപ്പെടുത്തി. "എനിക്കെതിരെ ഫ്ലെക്സ് വെക്കുന്നത് ആരാണെന്ന് അറിയില്ല. ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കിൽ അത് പരസ്യമായി തെരുവിൽ കാണിക്കാതെ പാർട്ടി യോഗങ്ങളിലാണ് പറയേണ്ടത്. നേതൃത്വത്തോട് നേരിട്ട് കാര്യങ്ങൾ വ്യക്തമാക്കാം. എങ്കിലും, ഇരട്ടപ്പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സുകളിൽ ഉന്നയിച്ചിരിക്കുന്ന ആവലാതികളും ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കും," സണ്ണി ജോസഫ് പറഞ്ഞു.

ലോഡ്ഷെഡിംഗ് വ്യാപകമല്ല; എങ്കിലും പ്രതിസന്ധി കടുപ്പമാണ്

സംസ്ഥാനത്ത് നിലവിൽ ലോഡ്ഷെഡിംഗ് വ്യാപകമല്ലെങ്കിലും ചിലയിടങ്ങളിൽ ഉണ്ടാകുന്നത് ജനങ്ങൾക്ക് വിഷമകരമാണെന്ന് വൈദ്യുതി മന്ത്രി സമ്മതിച്ചു. കടുത്ത ഉഷ്ണതരംഗവും പെയ്യാൻ വൈകുന്ന വേനൽമഴയുമാണ് നിലവിലെ കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് പ്രധാന കാരണം.

"ഫുട്ബോൾ ആരാധകർക്ക് കളി കാണുന്നതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. നിലവിൽ ജലാശയങ്ങളിൽ ജലനിരപ്പ് കുത്തനെ താഴ്ന്നിരിക്കുകയാണ്. ആഭ്യന്തരമായി ഉത്പാദനം കുറഞ്ഞ സാഹചര്യത്തിൽ പുറത്തുനിന്ന് വാങ്ങിയ വൈദ്യുതി മടക്കി നൽകേണ്ടതുണ്ട്, ഇത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. ഇത് സർക്കാർ മുൻകൂട്ടി പ്രതീക്ഷിച്ച പ്രതിസന്ധിയല്ല, അതിനാൽ തന്നെ സർക്കാരിന്റെ വീഴ്ചയായി ഇതിനെ കാണാൻ കഴിയില്ല. രാജ്യം മുഴുവൻ മഴക്കുറവുണ്ട്, അതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്," മന്ത്രി വിശദീകരിച്ചു.

അദാനി സ്മാർട്ട് മീറ്റർ കരാർ പരിശോധിക്കും

സംസ്ഥാനത്ത് കോടികളുടെ സ്മാർട്ട് വൈദ്യുത മീറ്റർ മാറ്റുന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പുമായി മുൻപ് ഉണ്ടാക്കിയ കരാറിൽ ചട്ടവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വകുപ്പ് തലത്തിൽ പരിശോധിക്കുമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഇതേക്കുറിച്ച് ആക്ഷേപങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Summary

Acknowledging the operational challenges of handling dual administrative portfolios, Kerala Power Minister and KPCC President Adv. Sunny Joseph on Sunday confirmed that he has already expressed his willingness to the Congress high command to step down from the party organizational post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com