തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില വര്‍ധന ജനജീവിതത്തെ സാരമായ ബാധിച്ചിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം. അവശ്യവസ്തുക്കളുടെ വിലവര്‍ധന സംബന്ധിച്ച് പ്രതിപക്ഷം നിയമ സഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെയാണ് പി സി വിഷ്ണുനാഥാണ് സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോണങ്ങള്‍ ഉന്നയിച്ചത്. കേരളത്തില്‍ വിലക്കയറ്റ തോത് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണ്. ഉപഭോക്തൃ വില (സിപിഐ) സൂചിക ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റിലെ വിലക്കയറ്റ തോത് കേരളത്തില്‍ 9 ആണ്. പട്ടികയില്‍ രണ്ടാമതുളള കര്‍ണാടകയില്‍ അത് വെറും 3.8 ആണെന്നും പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. വിലക്കയറ്റ തോതില്‍ തുടര്‍ച്ചയായി എട്ടു മാസങ്ങളായി കേരളം നമ്പര്‍ വണ്‍ ആണെന്നും പി സി വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ നടത്തുന്ന ഇടപെടല്‍ കാര്യക്ഷമമല്ലെന്നും പി സി വിഷ്ണുനാഥ് ആരോപിച്ചു. വെളിച്ചെണ്ണയുടെ ഉയര്‍ന്ന വില ചൂണ്ടിക്കാട്ടിയായിരുന്നു പി സി വിഷ്ണുനാഥിന്റെ ആക്ഷേപങ്ങള്‍. ഓണക്കാലത്ത് വിപണി ഇടപെടലിന് 420 കോടി രൂപയാണ് സപ്ലൈകോ ആവശ്യപ്പെട്ടത്. 205 കോടി മാത്രമാണ് വകയിരുത്തിയത്. 176 കോടി രൂപയാണ് ചെലവഴിച്ചത്. ഇത്തരത്തിലായാല്‍ എങ്ങനെയാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുക. സബ്സിഡി സാധനങ്ങള്‍ക്ക് പോലും വില വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് പപ്പടം ചുട്ട് തിന്നേണ്ട അവസ്ഥയാണ്. സപ്ലൈകോ കേര വെളിച്ചെണ്ണയ്ക്ക് 429 രൂപയാണ്. പപ്പടവും വെളിച്ചെണ്ണയും തമ്മിലുള്ള സമാഗമം അടുത്തിടെ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല.
സബ്സിഡി ഉല്‍പ്പന്നങ്ങള്‍ക്കു വില വര്‍ധിപ്പിച്ചതിന് എതിരെ സിപിഐ സമ്മേളനങ്ങളില്‍ പോലും വിമര്‍ശനം ഉയര്‍ന്നു. കരാറുകാര്‍ക്കു കൊടുക്കാനുള്ള പണം കൊടുക്കാത്തതിനാല്‍ അവര്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനു മുന്നിലുള്ള ഏക പോംവഴി രാജ്യാന്തര വിലക്കയറ്റ വിരുദ്ധ കോണ്‍ക്ലേവ് സംഘടിപ്പിക്കുക എന്നതാണ് എന്നും പി സി വിഷ്ണുനാഥ് പരിഹസിച്ചു.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പിസി വിഷ്ണുനാഥിനെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അഭിനന്ദിച്ചു. അതേസമയം പതിനഞ്ചാം നിയമസഭ ചര്‍ച്ചയ്ക്കെടുത്ത 16 അടിയന്തരപ്രമേയങ്ങളില്‍ നാലെണ്ണം വിഷ്ണുനാഥിന്റേതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഭിന്ദനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
