സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പുറമെ വിജ്ഞാന-നിക്ഷേപ മേഖലകളും; പുതിയ ബില്ലുമായി സംസ്ഥാന സര്‍ക്കാര്‍

സാമൂഹിക അസമത്വം വര്‍ധിക്കുമെന്ന് ആശങ്ക
kerala knowledge valley bill
Kerala Private Universities Bill 2026: Knowledge Valley and Investment ZonesAI Generated Image
Updated on: 
2 min read

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിനൊപ്പം വിജ്ഞാനത്തിനും നിക്ഷേപത്തിനുമായി പ്രത്യേക മേഖലകള്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി കേരള പ്രൈവറ്റ് യൂണിവേഴ്സിറ്റീസ് (എസ്റ്റാബ്ലിഷ്മെന്റ് ആന്‍ഡ് റെഗുലേഷന്‍), കേരള നോളജ് വാലി (ഫെസിലിറ്റേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്) ബില്‍, 2026 നിയമസഭയുടെ വരാനിരിക്കുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

ഉന്നതവിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികവിദ്യാ വ്യവസായങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക മേഖലകള്‍ വികസിപ്പിക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കേരള നോളജ് വാലി ഡെവലപ്മെന്റ് അതോറിറ്റി രൂപീകരിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഭൂവിനിയോഗം, അടിസ്ഥാന സൗകര്യങ്ങള്‍, പാര്‍പ്പിടം, ഗതാഗതം തുടങ്ങിയവ ഉള്‍പ്പെടുത്തി അതോറിറ്റി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും താങ്ങാനാവുന്ന നിരക്കിലുള്ള താമസസൗകര്യങ്ങളും പൊതുസൗകര്യങ്ങളും ഉറപ്പാക്കാനും പദ്ധതിയുണ്ട്.

ഭൂമി ഏകീകരണം, ഏകജാലക അനുമതി സംവിധാനം, പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിവയും നോളജ് വാലി മേഖലകളില്‍ നടപ്പാക്കും. സര്‍ക്കാര്‍ ഭൂമി വികസനത്തിനായി അതോറിറ്റിക്ക് കൈമാറുകയോ പാട്ടത്തിന് നല്‍കുകയോ ചെയ്യാം. സ്വകാര്യ ഭൂമി ഉടമകളുടെ അപേക്ഷയോടെ മാത്രമേ ഭൂമി ഏകീകരിക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യൂ. പകരമായി വികസിപ്പിച്ച പ്ലോട്ടുകളോ വാര്‍ഷിക വരുമാനമോ മറ്റ് ആനുകൂല്യങ്ങളോ ഭൂവുടമകള്‍ക്ക് നല്‍കാനും വ്യവസ്ഥയുണ്ട്.

വിദേശ സര്‍വകലാശാലകള്‍ക്കും വിദേശ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നോളജ് വാലി മേഖലകളില്‍ ക്യാംപസുകളോ കേന്ദ്രങ്ങളോ ആരംഭിക്കാം. സ്വന്തമായോ ഇന്ത്യന്‍ സര്‍വകലാശാലകളുമായി സംയുക്ത സംരംഭമായോ ഇവ പ്രവര്‍ത്തിക്കാം. ഇതിനായി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുകയും യുജിസി ചട്ടങ്ങള്‍ പാലിക്കുകയും വേണം. വിദേശ-ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുമിടയില്‍ ഗവേഷണ പങ്കാളിത്തം വളര്‍ത്തുന്നതിനും അതോറിറ്റി സഹായം നല്‍കും.

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍

നോളജ് വാലി മേഖലകള്‍ക്ക് പുറത്തും സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ ബില്ലില്‍ പ്രത്യേക വ്യവസ്ഥയുണ്ട്. സര്‍വകലാശാല സ്ഥാപിക്കാന്‍ മുന്നോട്ടുവരുന്ന സ്‌പോണ്‍സറിങ് സ്ഥാപനത്തിന് പൊതുവെ കുറഞ്ഞത് 10 ഏക്കര്‍ തുടര്‍ച്ചയായ ഭൂമി ഉണ്ടായിരിക്കണം. സ്‌പോണ്‍സറിങ് സ്ഥാപനത്തിന് കീഴിലുള്ള നിലവിലെ സ്വകാര്യ സ്വാശ്രയ കോളജുകളെയും എയ്ഡഡ് കോളജുകളെയും നിശ്ചിത വ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍വകലാശാലയുടെ ഭാഗമാക്കാം.

kerala pvt universities bill
പ്രത്യേക സാമ്പത്തിക മേഖലാ പദവിയും നികുതി ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ നേടിയെടുക്കാനും അതോറിറ്റി ശ്രമിക്കും

സാമൂഹിക നീതി ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. ഓരോ കോഴ്സിലെയും 15 ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്കും അഞ്ച് ശതമാനം സീറ്റുകള്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സംവരണം ചെയ്യണം. യോഗ്യരായ അപേക്ഷകരുടെ ലഭ്യതയ്ക്ക് വിധേയമായിരിക്കും ഇത്. കേരളത്തില്‍ സ്ഥിരതാമസമുള്ള വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ സംവരണ ചട്ടങ്ങള്‍ക്കനുസൃതമായി പരമാവധി 25 ശതമാനം സീറ്റുകളില്‍ മുന്‍ഗണന നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കേരളത്തില്‍ താമസിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്കായി അപേക്ഷയിലോ താത്പര്യപത്രത്തിലോ വാഗ്ദാനം ചെയ്തിട്ടുള്ള ശതമാനം സീറ്റുകള്‍ മാറ്റിവയ്ക്കണം. സാമ്പത്തിക ആവശ്യകതയുടെ അടിസ്ഥാനത്തില്‍ ഫീസ് ഇളവുകളോ സ്‌കോളര്‍ഷിപ്പുകളോ നല്‍കണം. ഇതുമായി ബന്ധപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അതോറിറ്റിക്ക് സമര്‍പ്പിക്കുകയും വേണം.

60 ദിവസത്തിനുള്ളില്‍ അനുമതി

സ്ഥാപനങ്ങള്‍ക്കുള്ള അനുമതികള്‍ വേഗത്തിലാക്കാന്‍ ഏകജാലക സംവിധാനം കൊണ്ടുവരാനും ബില്ലില്‍ നിര്‍ദേശമുണ്ട്. അപേക്ഷകള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് 40 ദിവസമാണ് അനുവദിക്കുക. തുടര്‍ന്ന് ഏകീകൃത അനുമതി നല്‍കാനോ നിരസിക്കാനോ ബോര്‍ഡിന് 20 ദിവസം കൂടി ലഭിക്കും. 60 ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനമെടുത്തില്ലെങ്കില്‍ നിശ്ചിത വ്യവസ്ഥകള്‍ക്കും തുടര്‍ പരിശോധനകള്‍ക്കും വിധേയമായി അനുമതി ലഭിച്ചതായി കണക്കാക്കുന്ന സംവിധാനവും ബില്ലിലുണ്ട്.

നോളജ് വാലി മേഖലകളില്‍ വിജ്ഞാപനം ചെയ്യപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവുകള്‍, വൈദ്യുതി തീരുവ തിരിച്ചുനല്‍കല്‍, കെട്ടിട-വസ്തു നികുതി ഇളവുകള്‍, സംസ്ഥാന ജിഎസ്ടി വിഹിതവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ എന്നിവ ലഭ്യമാക്കാനും നിര്‍ദേശമുണ്ട്. പ്രത്യേക സാമ്പത്തിക മേഖലാ പദവിയും നികുതി ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ നേടിയെടുക്കാനും അതോറിറ്റി ശ്രമിക്കും. എന്നാല്‍ ഇവയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.

സാമൂഹിക അസമത്വം വര്‍ധിക്കുമെന്ന് ആശങ്ക

അതേസമയം, സ്വകാര്യ സര്‍വകലാശാലകളുടെ വ്യാപനം ഉന്നതവിദ്യാഭ്യാസ രംഗത്തെ സാമൂഹിക അസമത്വം വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍ ചൂണ്ടിക്കാട്ടി. ഭൂമിശാസ്ത്രപരമായ മേഖലകള്‍ പ്രഖ്യാപിക്കുന്നതുകൊണ്ടോ നിക്ഷേപ ആനുകൂല്യങ്ങള്‍ നല്‍കുന്നതുകൊണ്ടോ മാത്രം നോളജ് വാലി യാഥാര്‍ഥ്യമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണ അടിസ്ഥാനസൗകര്യങ്ങള്‍, അക്കാദമിക് സ്വയംഭരണം, അന്താരാഷ്ട്ര നിലവാരമുള്ള അധ്യാപകര്‍, വ്യവസായങ്ങളുമായുള്ള ഫലപ്രദമായ ബന്ധം എന്നിവയ്ക്കായി തുടര്‍ച്ചയായ നിക്ഷേപം ആവശ്യമാണ്. ഫീസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സര്‍വകലാശാലകള്‍ വ്യാപിക്കുന്നതോടെ ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസരം കുടുംബങ്ങളുടെ സാമ്പത്തികശേഷിയെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുമെന്നും ഇത് സാമൂഹിക അസമത്വം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

kerala knowledge valley bill
വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയില്‍ സെനറ്റിന് പകരം സിന്‍ഡിക്കേറ്റ്, സര്‍ക്കാരിന് കൂടുതല്‍ അധികാരം; ഭേദഗതി ബില്‍ അവതരിപ്പിക്കും
kerala knowledge valley bill
'മന്ത്രിയെ കണ്ടതിന് പിന്നാലെ വന്ന വന്‍ഇളവുകള്‍ ആരുടെ താത്പര്യം സംരക്ഷിക്കാന്‍?; കോഴ വാങ്ങി സീറ്റ് വില്‍ക്കാനുള്ള പരസ്യമായ ഒത്താശ'
kerala knowledge valley bill
'മുഖ്യമന്ത്രിയെന്ന നിലയില്‍ വിഡി സതീശന്റെ ആദ്യ കേരളപ്പിറവി; വരാനിരിക്കുന്നത് അസാധാരണമായ അവസരങ്ങള്‍'; ആശംസകളുമായി പ്രധാനമന്ത്രി
Summary

Kerala Bill Proposes Knowledge and Investment Zones Beyond Private Universities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER