വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാമത്; വിദേശ വോട്ടര്‍മാരിലും സംസ്ഥാനം മുന്നില്‍

2024 ലെ ലോകസഭാ പൊതുതെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീ വോട്ടര്‍മാരില്‍ 71.86 ശതമാനം സമ്മതിദാന അവകാശം വിനിയോഗിച്ചു.
Kerala ranks second in India in terms of voter gender ratio
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന സ്ത്രീകളടെ നീണ്ട നിര ഫയല്‍
Updated on
1 min read

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 1,43,36,133 സ്ത്രീ വോട്ടര്‍മാരുണ്ട്. ഇത് മൊത്തം വോട്ടര്‍മാരുടെ 51.56 ശതമാനം ആണ്. സംസ്ഥാനത്ത് മൊത്തം രേഖപ്പെടുത്തിയ വോട്ടിന്റെ 52.09 ശതമാനം സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. 1000 പുരുഷ വോട്ടര്‍മാര്‍ക്ക് 946 സ്ത്രീ വോട്ടര്‍മാര്‍ എന്ന ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് നിലവില്‍ കേരളത്തിലെ വോട്ടര്‍മാരുടെ ലിംഗാനുപാതം. നിരന്തര പരിശ്രമങ്ങളുടെയും സുസ്ഥിര ബോധവല്‍ക്കരണ പരിപാടികളിലൂടെയുമാണ് സംസ്ഥാനം നേട്ടം കൈവരിച്ചത്. ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത ഇതിലൂടെ വ്യക്തമാകുന്നു.

2024 ലെ ലോകസഭാ പൊതുതെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീ വോട്ടര്‍മാരില്‍ 71.86 ശതമാനം സമ്മതിദാന അവകാശം വിനിയോഗിച്ചു. കേരളത്തിന്റെ ആകെ പോളിംഗ് ശതമാനമായ 72.04 ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്നതും ശ്രദ്ധേയമാണ്. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലുള്ള സ്ത്രീകളുടെ ആവേശവും അര്‍പ്പണബോധവും കേരളത്തിന്റെ നേട്ടത്തിന് കാരണമായി.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിദേശ വോട്ടര്‍മാരുടെ രജിസ്ട്രേഷനിലും പോളിംഗ് ശതമാനത്തിലും കേരളം മുന്നിലെത്തി. ശക്തമായ പ്രവാസി ബന്ധവും ജനാധിപത്യ പങ്കാളിത്തത്തോടുള്ള പ്രതിബദ്ധതയുമാണ് കേരളത്തെ മുന്നിലെത്തിച്ചത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 89,839 വിദേശ വോട്ടര്‍മാരില്‍ 83,765 പുരുഷന്മാരും 6,065 സ്ത്രീകളും 9 പേര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്. ഇന്ത്യയുടെ വിദേശ വോട്ടര്‍മാരില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ നിന്നുള്ളവരാണ്. രാജ്യത്തുടനീളം 1,19,374 വിദേശ ഇലക്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 2,958 പേര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (ടഢഋഋജ) പ്രോഗ്രാമിന് കീഴിലുള്ള വോട്ടര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ലിംഗാനുപാതത്തിലെ കുറവ് പരിഹരിക്കുന്നതിന് നിര്‍ണായക പങ്ക് വഹിച്ചു. സാമൂഹിക കൂട്ടായ്മകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള സഹകരണം, പ്രാദേശിക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ജനാധിപത്യ പ്രകിയയില്‍ വോട്ടര്‍മാരുടെ നിസംഗത കുറയ്ക്കുന്നതിനും കാരണമായി. 367 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് കേരളം നടത്തിയത്. വൈവിധ്യപൂര്‍ണമായ ജനാധിപത്യത്തോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍, സംസ്ഥാന, ജില്ലാ ഭരണകൂടങ്ങള്‍, പൗരസമൂഹം, വോട്ടര്‍മാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ തെളിവായും രാജ്യമാതൃകയായും കേരളത്തിന്റെ സ്ത്രീ വോട്ടര്‍മാരിലെ ലിംഗാനുപാതത്തിലെ വര്‍ധനവ് മാറുന്നതായും കേന്ദ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രകുറിപ്പില്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com