എ അനന്തപത്മനാഭനും സേവ്യർ പുൽപ്പാട്ടിനും കലാമണ്ഡലം സരസ്വതിയ്ക്കും ഫെലോഷിപ്പ്; കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

2024 ലെ അവാർഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തിരഞ്ഞെടുത്തു
Kerala Sangeetha Nataka Akademi awards announced
എ അനന്തപത്മനാഭൻ, സേവ്യർ പുൽപ്പാട്ട്, കലാമണ്ഡലം സരസ്വതി
Updated on
2 min read

തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 2024ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രസിദ്ധ വീണ കലാകാരൻ എ അനന്തപത്മനാഭൻ, നാടകകൃത്തും സംവിധായകനുമായ സേവ്യർ പുൽപ്പാട്ട്, നർത്തകിയും നൃത്ത അധ്യാപികയുമായ കലാമണ്ഡലം സരസ്വതി എന്നിവർക്കാണ് ഫെലോഷിപ്പ്. അക്കാദമിയുടെ പരിധിയിൽ വരുന്ന വിവിധ കലാ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭകൾക്കാണ് ഫെലോഷിപ്പ് നൽകുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.

2024 ലെ അവാർഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തിരഞ്ഞെടുത്തു. 60 വയസിനു മുകളിൽ പ്രായമുള്ള, വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രതിഭകളെയാണ് ഗുരുപൂജ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. അവാർഡ്, ഗുരുപൂജാ പുരസ്‌കാര ജോതാക്കൾക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. പുരസ്‌കാര സമർപ്പണ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.

വീണവാദന രംഗത്തെ അനിഷേധ്യകലാകാരനാണ് എ അനന്തപത്മനാഭൻ. വീണ എന്ന സംഗീതോപകരണത്തിന്റെ അനന്ത സാധ്യതകൾ സംഗീതത്തിന്റെ വിവിധ മേഖലകളിൽ ഉപയോഗപ്പെടുത്തിയ അപൂർവം കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹം. ഓൾ ഇന്ത്യ റേഡിയോ തൃശൂരിൽ 1975 മുതൽ 2011 വരെ സ്റ്റാഫ് വീണ ആർട്ടിസ്റ്റായി ജോലി ചെയ്തു. ഓൾ ഇന്ത്യ റേഡിയോയിലെ എ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ്.

നാടകത്തിന്റെ വിവിധ മേഖലകളിൽ എണ്ണമറ്റ സംഭാവനകൾ നൽകിയ കലാകാരനാണ് സേവ്യർ പുൽപ്പാട്ട്. നാടകകൃത്ത്, സംവിധായകൻ, നടൻ, സംഘാടകൻ എന്നീ നിലകളിൽ അദ്ദേഹത്തിന്റെ പേര് കേരളത്തിലെ നാടക ചരിത്രത്തിന്റെ ഭാഗമാണ്. അരനൂറ്റാണ്ടിലധികമായി കേരളത്തിലെ പ്രൊഫഷണൽ, അമച്വർ നാടക രംഗത്ത് സംജീവമായി പ്രവർത്തിച്ചു വരുന്നു.

കേരളത്തിലെ നൃത്ത ലോകത്തിന്റെ പ്രസന്ന മുഖമാണ് കലാമണ്ഡലം സരസ്വതി. അന്തരിച്ച സാഹിത്യ കുലപതി എംടി വാസുദേവൻ നായരുടെ ജീവിത പങ്കാളിയാണ്. ഇപ്പോൾ കേരള കലാമണ്ഡലത്തിന്റെ ഡീൻ കൂടിയാണ്.

അവാർഡ് ജേതാക്കൾ

1. ചേപ്പാട് എഇ വാമനൻ നമ്പൂതിരി - ശാസ്ത്രീയ സംഗീതം (വായ്പ്പാട്ട്)

2. ആവണീശ്വരം വിനു - വയലിൻ

3. തൃക്കരിപ്പൂർ രാമകൃഷ്ണ മാരാർ - ചെണ്ട

4. മഹേഷ് മണി- തബല

5. സ്റ്റീഫൻ ദേവസ്സി- കീബോർഡ്

6. മിൻമിനി ജോയ്- ലളിത സംഗീതം

7. കോട്ടയം ആലീസ് (ആലീസ് ഉണ്ണികൃഷ്ണൻ)- ലളിതഗാനം

8. ഡോ. ശ്രീജിത്ത് രമണൻ - നാടകം (നടൻ, സംവിധായകൻ)

9. അജിത നമ്പ്യാർ- നാടകം (നടി)

10. വിജയൻ വി നായർ- നാടകം (നടൻ, സംവിധായകൻ)

11. ബാബുരാജ് തിരുവല്ല- നാടകം (നടൻ)

12. ബിന്ദു സുരേഷ് (ബിന്ദു എംഎസ്) നാടകം (നടി)

13. കപില- കൂടിയാട്ടം, നങ്ങ്യാർകൂത്ത്

14. കലാമണ്ഡലം സോമൻ- കഥകളി വേഷം

15. ഡോ. കലാമണ്ഡലം രചിത രവി- മോഹിനിയാട്ടം

16. അപർണ വിനോദ് മേനോൻ- ഭരതനാട്യം

17. കലാഭവൻ സലീം- മിമിക്രി

18. ബാബു കോടഞ്ചേരി- കഥാപ്രസംഗം

ഗുരുപൂജ പുരസ്‌കാരം 2024

1. ബാബു നരേന്ദ്രൻ ജി കടയ്ക്കൽ - ശാസ്ത്രീയ സംഗീതം

2. കെഎസ് സുജാത- ശാസ്ത്രീയ സംഗീതം

3. ചെമ്പഴന്തി ചന്ദ്രബാബു- ഗാനരചന

4. കലാമണ്ഡലം ലീലാമണി ടിഎൻ- നൃത്തം

5. ബേണി പിജെ- ഗിറ്റാർ, മാൻഡൊലിൻ

6. കോട്ടയ്ക്കൽ നാരായണൻ - കഥകളി സംഗീതം

7. പാറശ്ശാല വിജയൻ (കെ വിജയകുമാർ)- നാടകം (നടൻ)

8. പിഎഎം ഹനീഫ്- നാടകകൃത്ത്

9. എംടി അന്നൂർ- നാടകം (സംവിധായകൻ, നടൻ)

10. കൊല്ലം തുളസി (തുളസീധരൻ നായർ എസ്)- നടൻ, നാടകകൃത്ത്

11. കെപിഎസി രാജേന്ദ്രൻ - നാടകം (നടൻ)

12. സുദർശനൻ വർണം- രംഗശില്പം

13. കെകെആർ കായിപ്പുറം (കെകെ രത്തിനൻ)- നാടകരചന

14. മാന്നാനം ബി വാസുദേവൻ- ശാസ്ത്രീയ സംഗീതം

15. കലാമണ്ഡലം അംബിക- ശാസ്ത്രീയസംഗീതം

16. കരിയപ്പിളളി മുഹമ്മദ് (കെഎം മുഹമ്മദ്)- ദീപവിതാനം

17. കുട്ടമത്ത് ജനാർദ്ദനൻ- ഓട്ടൻതുളളൽ

18. ജയപ്പൻ പളളുരുത്തി (കെവി ജയപ്രകാശൻ)- തബല

19. നെട്ടയം സൈനുദ്ദീൻ- നാടകം

20. കിളിയൂർ സദൻ- കഥാപ്രസംഗം

21. മുക്കം സലിം- മൃദംഗം

22. കലാഭവൻ നൗഷാദ്- മിമിക്രി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com