

കൊച്ചി: അടിസ്ഥാന കൂട്ടലിലും കുറയ്ക്കലിലും മിടുക്കരായ കേരളത്തിലെ സ്കൂൾ വിദ്യാർഥികൾ, പഠനം ഭിന്നസംഖ്യകളിലേക്കും ആൽജിബ്രയിലേക്കും അബ്‌സ്‌ട്രാക്റ്റ് റീസണിംഗിലേക്കും കടക്കുമ്പോൾ വലിയ പ്രതിസന്ധി നേരിടുന്നതായി പഠന റിപ്പോർട്ട്. നിതി ആയോഗ് പുറത്തുവിട്ട ‘സ്കൂൾ എജ്യുക്കേഷൻ സിസ്റ്റം ഇൻ ഇന്ത്യ: ടെമ്പറൽ അനാലിസിസ് ആൻഡ് പോളിസി റോഡ്മാപ്പ് ഫോർ ക്വാളിറ്റി എൻഹാൻസ്‌മെന്റ്’ എന്ന നയരേഖയിലാണ് സംസ്ഥാനത്തെ സ്കൂൾ ഗണിതപഠനത്തിലെ പോരായ്മകൾ അടിവരയിടുന്നത്.
ആറാം ക്ലാസിലെ വിദ്യാർഥികളിൽ 39 ശതമാനത്തിന് മാത്രമാണ് അര, കാൽ തുടങ്ങിയ സാധാരണ ഭിന്നസംഖ്യകളെ കൃത്യമായി പ്രതിനിധീകരിക്കാനും താരതമ്യം ചെയ്യാനും സാധിക്കുന്നത്. ഒൻപതാം ക്ലാസിലെത്തുമ്പോഴാകട്ടെ, ദൈനംദിന ജീവിത സാഹചര്യങ്ങളിൽ ദശാംശങ്ങളും ഭിന്നസംഖ്യകളും ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നത് വെറും 36 ശതമാനം കുട്ടികൾക്ക് മാത്രമാണ്. കണക്കുകളിലെ ശതമാനം കണക്കാക്കാൻ 31 ശതമാനം പേർക്കും, ഗണിതശാസ്ത്രപരമായ തെളിവുകളും യുക്തിയും നിരത്താൻ 35 ശതമാനം കുട്ടികൾക്കും മാത്രമാണ് കഴിയുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തുടക്കത്തിൽ മികച്ച നിലവാരം പുലർത്തുന്ന കുട്ടികളാണ് ക്ലാസുകൾ കൂടുന്തോറും കണക്കിൽ പിന്നോട്ട് പോകുന്നതെന്നതാണ് ശ്രദ്ധേയം. ‘പരാഖ്’ രാഷ്ട്രീയ സർവേക്ഷൻ 2024 പ്രകാരം മൂന്നാം ക്ലാസിൽ ദേശീയ ശരാശരിയായ 60 ശതമാനത്തേക്കാൾ ഏറെ മുന്നിലായിരുന്നു (70%) കേരളം. ആറാം ക്ലാസിൽ ഇത് 60 ശതമാനമായി കുറഞ്ഞെങ്കിലും ദേശീയ ശരാശരിയേക്കാൾ (46%) മുന്നിലായിരുന്നു. എന്നാൽ ഒൻപതാം ക്ലാസിലെത്തുമ്പോഴേക്കും സംസ്ഥാനത്തിന്റെ നിലവാരം 45 ശതമാനത്തിലേക്ക് കൂപ്പുകുത്തുന്നു. മറ്റ് വിഷയങ്ങളിലെല്ലാം മികച്ച വിജയം കൊയ്യുമ്പോഴും കണക്ക് മാത്രം വിദ്യാർഥികൾക്ക് ബാലികേറാമലയാവുകയാണ്.
ക്ലാസുകൾ കൂടുന്തോറും കുട്ടികളുടെ യുക്തിചിന്ത നഷ്ടപ്പെടുന്നതല്ല, മറിച്ച് കണക്ക് പഠിപ്പിക്കുന്ന പരമ്പരാഗത രീതികളിലെ പോരായ്മയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ചിന്മയ വിശ്വവിദ്യാപീഠിലെ അസിസ്റ്റന്റ് പ്രൊഫസറും മിഡിൽ സ്കൂൾ ഗണിതപഠന ഗവേഷകനുമായ ഡോ. ഷെറോൺ കെ.പി.ആർ. ചൂണ്ടിക്കാട്ടുന്നു. ഒരു കപ്പിൽ മഞ്ചാടിക്കുരുവും മറ്റൊരു കപ്പിൽ നെല്ലിക്കയും ഇട്ടുകൊടുത്താൽ ഏതിലാണ് കൂടുതൽ എന്ന് ഒരു കുട്ടിക്ക് ഒറ്റനോട്ടത്തിൽ പറയാൻ കഴിയും; അത് ജന്മസിദ്ധമായ ഗണിത യുക്തിയാണ്. എന്നാൽ ക്ലാസ് മുറികളിലെ ഗണിതപഠനം ദൈനംദിന അനുഭവങ്ങളിൽ നിന്നും സംസ്കാരത്തിൽ നിന്നും അടർന്നുമാറുമ്പോഴാണ് കണക്ക് വെറുമൊരു മനഃപാഠമാക്കലായി മാറുന്നത്.
സോവിയറ്റ് മനഃശാസ്ത്രജ്ഞനായ വാസിലി ഡേവിഡോവിന്റെ പരീക്ഷണങ്ങളും സിംഗപ്പൂർ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ഗണിതപഠന മാതൃകകളും ചൂണ്ടിക്കാട്ടി, പ്രാഥമിക തലത്തിൽ തന്നെ ലളിതമായ അമൂർത്ത സങ്കല്പങ്ങൾ പഠിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മനഃപാഠം പഠിച്ച് പരീക്ഷ എഴുതി മാർക്ക് വാങ്ങുന്ന 'ക്ലാസ്റൂം മാത്സ്' എന്ന രീതിയിൽ നിന്ന് മാറി, ഭാഷപോലെ കുട്ടികൾക്ക് സ്വഭാവികമായി സ്വായത്തമാക്കാൻ കഴിയുന്ന തരത്തിൽ ഗണിത പാഠ്യപദ്ധതിയിലും അധ്യാപനരീതിയിലും വിപ്ലവകരമായ മാറ്റങ്ങൾ വരണമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates