തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്, നിപ ഭീതികൾക്ക് പിന്നാലെ അതീവ അപകടകരമായ ഷിഗെല്ല രോഗബാധയും മാരകമായ എബോള വൈറസ് ഭീഷണിയും ഉയർത്തുന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ഇന്ന് മാത്രം സംസ്ഥാനത്ത് പുതുതായി 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാല് ജില്ലകളിലാണ് ഇന്ന് രോഗം റിപ്പോർട്ട് ചെയ്തത്. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം 7 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ വയനാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്ക് വീതവും ഷിഗെല്ല കണ്ടെത്തി. ഇതോടെ ഈ വർഷം ഇതുവരെ കേരളത്തിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 226 ആയി ഉയർന്നു. ഈ ജൂൺ മാസം മാത്രം സംസ്ഥാനത്ത് 150 പേർക്ക് രോഗബാധയും 6 ദാരുണ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത് വരും ദിവസങ്ങളിൽ കടുത്ത ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് നൽകുന്നത്.
4 ജില്ലകളിൽ രോഗബാധ; താലൂക്ക് തലത്തിൽ പ്രതിരോധം
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം അനിയന്ത്രിതമായ സാഹചര്യത്തിൽ നിലവിൽ കോഴിക്കോട് (49), വയനാട് (20), തൃശൂർ (12), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിൽ ആരോഗ്യവകുപ്പ് ഔദ്യോഗികമായി 'ഔട്ട്‌ബ്രേക്ക്' (രോഗവ്യാപന അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന് പുറമേ മലപ്പുറം (21), തിരുവനന്തപുരം (17), കണ്ണൂർ (10), കൊല്ലം (9), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിവിടങ്ങളിലും ജൂൺ മാസം ഷിഗെല്ല ബാധ രേഖപ്പെടുത്തിയിട്ടുണ്ട്. ശുചിത്വക്കുറവിലൂടെയും മലിനമായ വെള്ളത്തിലൂടെയും പകരുന്ന രോഗമായതിനാൽ കർശനമായ വകുപ്പ് തല ഏകോപനത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.
എബോള; വിമാനത്താവളങ്ങളിൽ 21 ദിവസത്തെ ക്വാറന്റൈൻ
ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽ എബോള എന്ന മാരക രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര സർക്കാരിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് കേരളത്തിലും തുടക്കം മുതലേ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, പ്രധാന തുറമുഖങ്ങൾ എന്നിവ കേന്ദ്രീകരിച്ച് എബോള ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ സമ്പർക്ക ചരിത്രവും, രോഗലക്ഷണങ്ങളും കൃത്യമായി നിരീക്ഷിക്കാൻ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്. യാത്രക്കാർക്ക് 21 ദിവസത്തെ നിർബന്ധിത ക്വാറന്റൈനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇവർ വീട്ടിലെത്തിയാലുടൻ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കർശന നിരീക്ഷണം ഉറപ്പാക്കുന്നുണ്ട്
ആരോഗ്യ മന്ത്രി കെ. മുരളീധരൻ.
കോട്ടയത്ത് ഐസൊലേഷൻ; 14 ജില്ലകളും സജ്ജം
എയർപോർട്ട് നിരീക്ഷണം ശക്തമാക്കിയതിന്റെ ഫലമായി എബോള ബാധിത രാജ്യത്ത് നിന്നും കോട്ടയത്ത് എത്തിയ ഒരാൾക്ക് നേരിയ രോഗലക്ഷണം കണ്ടയുടനെ ജില്ലയിലെ പ്രത്യേക ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ഇവരെ കൃത്യമായ വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയയാക്കി നിരീക്ഷിച്ചു വരികയാണ്.
എബോള ലക്ഷണങ്ങളോടെ എത്തുന്നവർക്ക് അടിയന്തര ചികിത്സ നൽകാനായി സംസ്ഥാനത്തെ 14 ജില്ലകളിലും പ്രത്യേക ഐസൊലേഷൻ ചികിത്സാ കേന്ദ്രങ്ങളും, ക്വാറന്റൈൻ കേന്ദ്രങ്ങളും ആരോഗ്യവകുപ്പ് സജ്ജമാക്കി കഴിഞ്ഞു. ആവശ്യമായ പി.പി.ഇ കിറ്റുകൾ, പ്രതിരോധ സാമഗ്രികൾ എന്നിവ സ്റ്റോക്ക് ചെയ്യുകയും ജീവനക്കാർക്ക് പ്രതിരോധ പരിശീലനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ എബോള ബാധിത പ്രദേശങ്ങളിൽ നിന്നും 206 യാത്രക്കാരാണ് കേരളത്തിൽ മടങ്ങിയെത്തിയത്. ഇതിൽ 74 പേർ നിലവിൽ വീടുകളിൽ കർശന ക്വാറന്റൈനിലാണ്. 75 പേർ വിജയകരമായി ക്വാറന്റൈൻ പൂർത്തിയാക്കുകയോ മടങ്ങുകയോ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 57 പേരെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൃത്യമായി 'ക്രോസ്-നോട്ടിഫൈ' ചെയ്ത് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും മന്ത്രി സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. രോഗവ്യാപനത്തിൽ പൊതുജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ വ്യക്തിശുചിത്വത്തിലും ജാഗ്രതയിലും വിട്ടുവീഴ്ച ചെയ്യരുതെന്നും ആരോഗ്യവകുപ്പ് ഓർമ്മിപ്പിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates