

കേരളത്തിൽ ചാരായത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം സർക്കാർ എടുത്തുകളയണമെന്ന് സിജിഎച്ച് എർത്ത് ഗ്രൂപ്പ് സ്ഥാപകൻ ജോസ് ഡൊമിനിക്. മാസത്തിലെ ആദ്യദിനമായ ഡ്രൈ ഡേ സംസ്ഥാനത്തിന് നഷ്‌ടമാക്കുന്നത് കോടികളാണെന്നും ജോസ് ഡൊമിനിക് ദി ന്യൂ ഇന്ത്യൻ എക്‌സപ്രസ് ദിനപത്രത്തിന്റെ എക്‌സ്‌പ്രസ് ഡയലോഗ്സിൽ പറഞ്ഞു. കേരളത്തിലെ ഉത്തരവാദിത്വ ടൂറിസത്തിന് തുടക്കം കുറിച്ചവരിൽ ഒരാളാണ് ജോസ് ഡൊമിനിക്.
'തെങ്ങിൽ നിന്നും ചെത്തിയിറക്കുന്ന നാടൻ ചാരായമാണ് ശ്രീലങ്കൻ ടൂറിസത്തിന്റെ വിജയത്തിന് പിന്നിൽ. ശ്രീലങ്ക സന്ദർശിച്ച് മടങ്ങുന്ന സഞ്ചാരികൾ ഒരു കുപ്പിയെങ്കിലും ചാരായം കൊണ്ടുവരും. കാരണം അത് അവിടുത്ത ഒരു ഓർമ്മയുടെ ഭാഗമാണ്. എന്നാൽ കേരളത്തിലെ സ്ഥിതി മറിച്ചാണ്. ഇവിടെ ഇപ്പോഴും ആന്റണി സർക്കാരിൽ കുടുങ്ങിക്കിടക്കുകയാണ്. പഴയ ചാരായ നിരോധനം എടുത്തുനീക്കാൻ എല്ലാവരും ഭയപ്പെടുന്നു. അത് മാറണം.' - ജോസ് ഡൊമിനിക് പറയുന്നു.
ഇവിടെ വിദേശ മദ്യവും ഇന്ത്യൻ നിർമിത വിദേശ മദ്യവും ഉണ്ട്. ഇത് കൂടാതെ മൂന്നാമത് ഒന്നു കൂടിയുണ്ട്, 'ഇന്ത്യൻ നിർമിത ഇന്ത്യൻ മദ്യം'. ഇന്ത്യൻ നിർമിത വിദേശ മദ്യം മറ്റുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കി കൊടുക്കുമ്പോൾ വിദേശ മദ്യം സ്കോട്ട്ലൻഡിനാണ് സാമ്പത്തിക നേട്ടം ഉണ്ടാക്കികൊടുക്കുന്നത്. എന്നാൽ ഇതിൽ കേരളത്തിന് എവിടെയാണ് നേട്ടമുള്ളത്. അതു കൊണ്ട് ഇന്ത്യൻ നിർമിത ഇന്ത്യൻ മദ്യത്തെ പ്രേത്സാഹിപ്പിക്കണം. അത് പ്രാദേശിക കർഷകരെയും തൊഴിലാളികളെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനില്‍ നടന്ന ഹെറിറ്റേജ് ഹോട്ടല്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സിൽ, കേരളത്തിലെ മദ്യ നയം മൂലം ടൂറിസം രംഗത്ത് രാജസ്ഥാന്‍ വലിയ കുതിച്ചു ചാട്ടം നടത്തിയെന്ന് വ്യക്തമാക്കിയിരുന്നു. കേരളമായിരുന്നു അവരുടെ എതിരാളി. എന്നാല്‍ കേരളത്തിലെ മദ്യ നയം കാരണം കേരളത്തിൽ ടൂറിസത്തില്‍ വലിയ ഇടിവാണ് സംഭവിച്ചത്. സംസ്ഥാനത്തെ എക്‌സൈസ് പോളിസിയാണ് ടൂറിസം മേഖലയിലെ ഏറ്റവും വലിയ മാർഗതടസം. അതിൽ പ്രധാനം മാസാദ്യം ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിരിക്കുന്നതാണ്. കോടികളുടെ ബിസിനസാണ് ആ ഒരു ദിവസം സംസ്ഥാനത്തിന് നഷ്‌ടമാകുന്നത്. ഇത്തരം ആവശ്യമില്ലത്ത നിയമങ്ങൾ ടൂറിസത്തെ മോശമായി ബാധിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
കേരള ടൂറിസം ഇപ്പോൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം മാലിന്യമാണ്. ആവാസ വ്യവസ്ഥ മുഴുവന്‍ തകരുന്ന ഒരു ദിവസം വരും. അത് മാലിന്യ പ്രശ്‌നം കാരണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാസവസ്തുക്കളും കീടനാശിനിയും ഉള്‍പ്പെടെയുള്ള മലിന ജലം കായലുകളില്‍ സൗകര്യപ്രദമായി തള്ളുന്നു. ഇത് മാരകമായ പല രോഗങ്ങള്‍ക്കും ഇടയാക്കും. ചൈനയിലെ ചന്തയില്‍ നിന്നും കോവിഡ് പൊലുള്ള വൈറസ് പൊങ്ങി വന്നപോലെ കേരളത്തിലെ കായലില്‍ നിന്നും അങ്ങനെ സംഭവിക്കാം. കായലിനെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്യേണ്ടത്. യുവാക്കളെ ഇവിടെ നിർത്താനുള്ള വഴി കണ്ടെത്തിയില്ലെങ്കിൽ കേരളം ദുഷ്‌കരമായ സാഹചര്യത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates