

കൊല്ലം: കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിലെ ഭരണ സ്തംഭനത്തില്‍ വലഞ്ഞ് ഗുണഭോക്താക്കൾ. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ അനുവദിക്കാത്തത് സാധാരണക്കാർ മുതല്‍ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ വരെയുള്ളവരുടെ ജീവിതം തന്നെ അനിശ്ചിതത്വത്തിലാക്കുന്നു. കോടിക്കണക്കിന് രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ആണ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന് കീഴില്‍ തീരുമാനം ആകാതെ കെട്ടിട്ടിക്കിടക്കുന്നത്. വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭാവമാണ് മെല്ലെപ്പോക്കിന് കാരണം. ഉന്നത ഉദ്യോഗസ്ഥതലം മുതല്‍ നിയമനങ്ങള്‍ നടക്കാത്തതും ഒഴിവുകള്‍ നികത്താത്തതുമാണ് പ്രധാന പ്രശ്‌നം.
കുടുംബശ്രീ അംഗങ്ങള്‍, പെന്‍ഷന്‍കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ക്കാണ് വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് കീഴിലുള്ള അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്. കുടുംബശ്രീ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ഒരുമ പദ്ധതിയുടെ ഗുണഭോക്താക്കളാണ് പ്രതിസന്ധി നേരിടുന്നവരില്‍ പ്രധാനം. ഏകദേശം 14 ലക്ഷം ക്ലൈമുകളാണ് ഒരുമ പദ്ധതിയുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാതെ തുടരുന്നതെന്ന് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് മരണമടഞ്ഞാല്‍ 15 ലക്ഷം രൂപയും പരിക്കുകള്‍ക്ക് 5 ലക്ഷം രൂപയും ഇന്‍ഷുറന്‍സ് നല്‍കുന്ന ജീവന്‍ രക്ഷാ പദ്ധതി പ്രകാരമുള്ള ക്ലൈമുകളും തീര്‍പ്പാക്കാതെ കിടക്കുന്നുണ്ട്. ഏകദേശം 500-ലധികം ക്ലെയിമുകളാണ് തീരുമാനം കാത്ത് വകുപ്പിന് മുന്നിലുള്ളത്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മെയ് വരെ വിരമിച്ച ഏകദേശം 15,000 ജീവനക്കാര്‍ക്ക് സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം എന്നിവയ്ക്ക് കീഴിലുള്ള സെറ്റില്‍മെന്റുകളും നല്‍കിയിട്ടില്ല. പുതുതായി നിയമിതരായ 10,000-ത്തിലധികം ജീവനക്കാര്‍ക്ക് സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം കവറേജുകള്‍ നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും കണക്കുകള്‍ പറയുന്നു. ജനറല്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് കീഴിലുള്ള ലക്ഷക്കണക്കിന് രൂപയുടെ ക്ലെയിമുകളും തീരുമാനം എടുക്കാതെ കെട്ടിക്കിടക്കുന്നവയില്‍ ഉള്‍പ്പെടുന്നു.
കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പില്‍ ഏകദേശം 14 ഉന്നതതല ഓഫീസര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് പ്രശ്‌നം രൂക്ഷമാകാനുള്ള പ്രധാന കാരണം. കഴിഞ്ഞ ജൂണില്‍ നികത്തേണ്ട ഒഴിവുകളില്‍ ജൂലൈയില്‍ നിയമന നടപടികള്‍ നടന്നിരുന്നു. എന്നാല്‍ ഹോം പോസ്റ്റിംഗിനുള്ള അപേക്ഷകളാണ് നടപടി വൈകിപ്പിച്ചത്. പ്രശ്‌നം പരിഹരിക്കുന്നതിന് മുമ്പ്, ഡയറക്ടറെ മാറ്റുകയും ചെയ്തു. എന്നാല്‍ പുതിയ ഡയറക്ടര്‍ ഇതുവരെ ചുമതലയേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
Administration Deadlock: Kerala State Insurance Department have crippled the functioning of the department
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
