

തിരുവനന്തപുരം: സംസ്ഥാനത്ത് വളര്ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല് എന്നിവ നിയന്ത്രിക്കുന്നതിനായി സര്ക്കാര് പുതിയ നിയമങ്ങള് കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി ഒരു വീട്ടില് പരമാവധി മൂന്ന് വളര്ത്തുനായകള് മാത്രമേ ഇനി മുതല് പാടുള്ളൂ. പുതിയ വ്യവസ്ഥകള് ഉടന് നിലവില് വരും. വളര്ത്തുനായകള്ക്ക് നിര്ബന്ധിത രജിസ്ട്രേഷന് ഏര്പ്പെടുത്തുന്നതുള്പ്പെടെ കര്ശന നിയമങ്ങളാണ് സര്ക്കാര് കൊണ്ടുവരുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി 'ദ് ന്യൂ ഇന്ത്യന് എക്സ്പ്രസി'നോട് പറഞ്ഞു.
'അനിയന്ത്രിതമായ പ്രജനനം തടയുന്നതിനും ഉത്തരവാദിത്തപരമായ പെറ്റ് ഓണര്ഷിപ്പ് ഉറപ്പാക്കുന്നതിനുമാണ് ഒരു വീട്ടില് മൂന്ന് നായകള് എന്ന പരിധി പരിഗണിക്കുന്നത്. നിലവില് സംസ്ഥാനത്തെ വളര്ത്തുനായകളുടെ എണ്ണം തെരുവ് നായകളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണെന്നാണ് കണക്കാക്കുന്നത്. എന്നാല് സമഗ്രമായ രജിസ്ട്രേഷന് സംവിധാനമില്ലാത്തതിനാല് കൃത്യമായ കണക്കുകള് ലഭ്യമല്ല. രജിസ്ട്രേഷന് വരുന്നതോടെ കൃത്യമായ കണക്കുകള് ശേഖരിക്കാനും നിയന്ത്രണങ്ങള് മെച്ചപ്പെടുത്താനും സാധിക്കും' -മന്ത്രി വ്യക്തമാക്കി.
പുതിയ വ്യവസ്ഥകള് പ്രകാരം രജിസ്ട്രേഷനില്ലാതെ വളര്ത്തുനായകളെ സംരക്ഷിക്കുന്നത് കുറ്റകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 'അനധികൃത പ്രജനനം നടത്തുന്നവര്ക്കും വീടുകളില് വളര്ത്തുമൃഗങ്ങളുടെ എണ്ണത്തിലുള്ള പരിധി ലംഘിക്കുന്നവര്ക്കുമെതിരെയുള്ള നടപടികളും സര്ക്കാര് ആലോചിക്കുന്നുണ്ട്. വളര്ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവര്ക്ക് 10,000 രൂപ പിഴ ചുമത്താന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. വളര്ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര് കൂടുതല് ഉത്തരവാദിത്തമുള്ളവരായി മാറേണ്ടതുണ്ട്' -മന്ത്രി കൂട്ടിച്ചേര്ത്തു.
തെരുവ് നായകളെ ദത്തെടുക്കലും സമഗ്ര നയത്തിന്റെ മറ്റൊരു പ്രധാന ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. നിയമങ്ങളും നടപടിക്രമങ്ങളും വിശദീകരിക്കുന്ന ഒരു കൈപുസ്തകം ഈ ആഴ്ച തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. നായകളുടെ പ്രജനനത്തിനായി പ്രത്യേക ലൈസന്സ് നല്കാനുള്ള തയ്യാറെടുപ്പിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. ദത്തെടുക്കുന്നവ ഉള്പ്പെടെയുള്ള എല്ലാ വളര്ത്തുനായകള്ക്കും വന്ധ്യകരണം നിര്ബന്ധമാക്കുന്നതാണ് പുതിയ നിയമങ്ങളെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥന് വ്യക്തമാക്കി.
തെരുവ് നായകളെ ദത്തെടുക്കുന്നതിനുള്ള നിയമങ്ങളും സര്ക്കാര് തയ്യാറാക്കുന്നുണ്ട്. ദത്തെടുക്കല് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഷെല്ട്ടറുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും അവയെ സംരക്ഷിക്കുന്നതിനുള്ള ചെലവ് ലാഭിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെറ്റ് ഷോപ്പുകള്ക്കും പുതിയ കര്ശന നിയന്ത്രണങ്ങള് ബാധകമാകും. തദ്ദേശ സ്ഥാപനങ്ങള് ട്രേഡ് ലൈസന്സ് നല്കുന്നതിന് മുന്പ് അനിമല് വെല്ഫെയര് ബോര്ഡിന്റെ രജിസ്ട്രേഷന് നിര്ബന്ധമാക്കുമെന്നും പുതിയ നിയമങ്ങള് വ്യവസ്ഥ ചെയ്യുന്നു.
രജിസ്ട്രേഷനും ചട്ടങ്ങള് പാലിക്കുന്നതും മൃഗസംരക്ഷണ വകുപ്പും, ട്രേഡ് ലൈസന്സിങ്ങും നിയമനടപടികളും തദ്ദേശ സ്ഥാപനങ്ങളും കൈകാര്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥര് അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും തെരുവുനായ ആക്രമണങ്ങളില് ഇരയായവര്ക്കുള്ള നഷ്ടപരിഹാര സമിതികള് പ്രവര്ത്തിച്ചുവരുന്നുണ്ട്. ഇതുവരെ 708 അപേക്ഷകള് ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ചു വരികയാണെന്നും അധികൃതര് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates