അതിവേഗ പാത, ആര്‍ആര്‍ടിഎസ് റെയിലുമായി കേരളം; ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ

പദ്ധതിച്ചെലവിന്റെ 20% സംസ്ഥാന സര്‍ക്കാര്‍ വഹിക്കും, 20% കേന്ദ്ര സര്‍ക്കാര്‍, ശേഷിക്കുന്ന 60% അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല വായ്പയെടുക്കും
Kerala to implement long Regional Rapid Transit System project
Kerala to implement long Regional Rapid Transit System project
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയില്‍ പാത സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുന്നതിനിടെ റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) പദ്ധതി നടപ്പാക്കാന്‍ കേരളം. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 583 കിലോമീറ്റര്‍ ദൂരത്തില്‍ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് ഔപചാരികമായി കത്ത് അയക്കും. പദ്ധതിക്ക് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതിക്ക് ആവശ്യമായ കൂടിയാലോചനകള്‍ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.

Kerala to implement long Regional Rapid Transit System project
30 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, ഗുരുവായൂര്‍ - തിരുനാവായ റെയില്‍വേ പാതയിലെ 'മരവിപ്പിക്കല്‍' നീങ്ങി

കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് ശേഷം, കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ധാരണാ പത്രത്തില്‍ ഏര്‍പ്പെടും, പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങള്‍, വായ്പാസ്രോതസ്സുകള്‍ എന്നിവ സംബന്ധിച്ച അന്തിമ അനുമതി നല്‍കുന്നതിനു ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും. അതിവേഗ ഗതാഗത സംവിധാനം എന്നത് സര്‍ക്കാരിന്റെ വികസന കാഴ്ച്ചപ്പാടിലെ സുപ്രധാന ഘടകമാണ്. കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനയും ജനസാന്ദ്രതയും കണക്കിലെടുത്ത്, സമയബന്ധിതവും പരിസ്ഥിതി സൗഹൃദവുമായ ഉയര്‍ന്ന വേഗതയിലുള്ള റെയില്‍ സംവിധാനം സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. യാത്രാസമയം ഗണ്യമായി കുറയ്ക്കുക, മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുക, തൊഴില്‍ വിദ്യാഭ്യാസ അവസരങ്ങള്‍ വിപുലപ്പെടുത്തുക എന്നതൊക്കെയാണ് ഈ കാഴ്ച്ചപ്പാടിന്റെ കേന്ദ്രബിന്ദു.

Kerala to implement long Regional Rapid Transit System project
3.7 ശതമാനത്തിന്റെ വര്‍ധന, യാത്ര ചെയ്തത് 1.13 കോടി പേര്‍, 2025ലെ വിമാനത്താവളങ്ങളുടെ പട്ടികയില്‍ കൊച്ചി എട്ടാം സ്ഥാനത്ത്; അറിയാം തിരുവനന്തപുരത്തിന്റെയും കോഴിക്കോട്ടിന്റെയും സ്ഥാനം

തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെ ഉയര്‍ന്ന വേഗതയിലുള്ള റെയില്‍ കണക്റ്റിവിറ്റി ലക്ഷ്യമിട്ട കെ റെയില്‍ പദ്ധതി ഇന്ത്യന്‍ റെയില്‍വെയുടെ സാങ്കേതിക എതിര്‍പ്പുകള്‍ കാരണം മുന്നോട്ട് പോകുവാന്‍ സാധിച്ചിട്ടില്ല. കൂടാതെ ചില പ്രദേശങ്ങളിലെങ്കിലും ജനങ്ങളുടെ എതിര്‍പ്പുകളും ഉണ്ടായി. നാളിതുവരെയായിട്ടും സംസ്ഥാനം സമര്‍പ്പിച്ച ഡി.പി.ആര്‍ ന് റെയില്‍വേയുടെ അനുമതി ലഭ്യമാക്കിയിട്ടില്ല. ഡിപിആര്‍ അനുമതിക്കായി റെയില്‍വേ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിന്റെ അതിവേഗ വികസന ലക്ഷ്യങ്ങളുമായി ചേര്‍ന്നു പോകാത്തതുമാണ്. റെയില്‍വേയുടെ അനുമതിയില്ലാതെ പദ്ധതി നടപ്പിലാക്കുവാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി കേരളം കേന്ദ്രത്തെ സമീപിക്കുന്നത്.

ആര്‍ആര്‍ടിഎസ് നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാനാണ് ഉദേശ്യം. നിലവിലുള്ള കൊച്ചി മെട്രോയുമായും, ഭാവിയില്‍ വിഭാവന ചെയ്യുന്ന തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങളും ആര്‍.ആര്‍.ടി.എസ് സ്റ്റേഷനുകളുമായി സംയോജിപ്പിക്കാന്‍ സാധ്യമാകും. ലാസ്റ്റ് മൈല്‍ കണക്ട്വിറ്റി മെച്ചപ്പെടുകയും, സ്വകാര്യ വാഹന ആശ്രയം കുറയുകയും ചെയ്യും. ഇത് സംസ്ഥാനത്ത് ഒരു ഏകികൃത ബഹുവിധ ഗതാഗത ശൃംഖല സൃഷ്ടിക്കും.

കേരളത്തില്‍ ഏറ്റവും പ്രായോഗികവും സാമൂഹികവുമായി അംഗീകരിക്കാവുന്ന അതിവേഗ റെയില്‍വേ സംവിധാനമാണ് ആര്‍.ആര്‍.ടി.എസ് (റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം) എന്നാണ് സര്‍ക്കാര്‍ നിലപാട്. ഡല്‍ഹി - മിററ്റ് ആര്‍.ആര്‍.ടി.എസ് കോറിഡോര്‍ ഉള്‍പ്പെടെ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മണിക്കൂറില്‍ 160 - 180 കിലോമീറ്റര്‍ വരെ വേഗം, കുറഞ്ഞ സ്റ്റേഷന്‍ ഇടവേള, ഉയര്‍ന്ന യാത്രാ ശേഷി എന്നിവ ആര്‍.ആര്‍.ടി.എസ് നെ കേരളത്തിനും അനുയോജ്യമാക്കുന്നു. ഇതിനു പുറമെ മീററ്റ് മെട്രോ എന്നത് ആര്‍ ആര്‍.ടി.എസുമായി സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാനം പൂര്‍ണ്ണമായും ഗ്രേഡ് - സെപ്പറേറ്റഡ് (തൂണുകളില്‍ കൂടി) ആയി നടപ്പിലാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വാദം. സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി പരിരക്ഷ ആവശ്യമായ ഭൂപ്രകൃതിയും കണക്കിലെടുത്ത്, തറനിരപ്പില്‍ കൂടെയുള്ള മോഡലിന് പകരം തൂണുകള്‍ വഴിയുള്ള മോഡലാണ് സ്വീകരിക്കുന്നത്. ഇതിലൂടെ ഭൂമിയേറ്റെടുപ്പ് ഗണ്യമായി കുറയ്ക്കുവാനും പ്രകൃതിദത്ത ജലപ്രവാഹം തടസ്സപ്പെടുന്നത് ഒഴിവാക്കാനും ചില പ്രദേശങ്ങളില്‍ ഉയര്‍ന്നു വന്ന അഭിപ്രായ വ്യത്യാസങ്ങള്‍ കുറയ്ക്കുവാനും സാധിക്കും. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളില്‍ കൂടെയും, ആവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രം എംബാങ്ക്‌മെന്റ്, ടണല്‍ എന്നിവയിലൂടെയും സാധ്യമാക്കാന്‍ കഴിയും.

പദ്ധതിച്ചെലവിന്റെ 20% സംസ്ഥാന സര്‍ക്കാര്‍, 20% കേന്ദ്ര സര്‍ക്കാര്‍, ശേഷിക്കുന്ന 60% അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല വായ്പ എന്ന നിലയിലാണ് ഡല്‍ഹി ആര്‍.ആര്‍.ടി.എസ് നടപ്പിലാക്കുന്നത്. ഇതേ മാതൃക ആണ് കേരളത്തിലും സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കുക വഴി സംസ്ഥാനത്തിന് സാമ്പത്തിക ഭാരം കുറയ്ക്കുവാനും കഴിയും.

Kerala to implement long Regional Rapid Transit System project
ഇനി റോഡ് അപകടങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കും; എഐ അധിഷ്ഠിത സേവനം ഒരുക്കാന്‍ കേരള പൊലീസ്

നിലവിലെ സാമ്പത്തിക - സാങ്കേതിക സാഹചര്യങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍, ആര്‍.ആര്‍.ടി.എസ് പദ്ധതി ഘട്ടങ്ങളായി നടപ്പിലാക്കുന്നത് പരിഗണിക്കും. ആദ്യഘട്ടമായി തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ഉള്ള Travancore Line (Phase --1), അതിന്റെ ഒപ്പം തിരുവനന്തപുരം മെട്രോയും കൂടാതെ കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തില്‍ സമാന്തരമായി ആരംഭിക്കും. 284 കിലോമീറ്റര്‍ വരുന്ന ആദ്യഘട്ടം 2027 ല്‍ നിര്‍മ്മാണം ആരംഭിച്ച് 2033 ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടമായി തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെ മലബാര്‍ ലൈനും അതോടൊപ്പം കോഴിക്കോട് മെട്രോയും നടപ്പിലാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ കണ്ണൂര്‍ ലൈന്‍ വികസിപ്പിക്കുന്നതും അവസാന ഘട്ടമായി കണ്ണൂര്‍ മുതല്‍ കാസര്‍ഗോഡ് ലൈനും പൂര്‍ത്തിയാക്കുന്നതിനുമാണ് നിര്‍ദ്ദേശമുള്ളത്. അയല്‍ സംസ്ഥാനങ്ങളുടെ കൂടി സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും, തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കും, കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്കും ഭാവിയില്‍ വികസിപ്പിക്കാവുന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഘട്ടങ്ങളായി, എന്നാല്‍ സമാന്തരമായുള്ള സമയക്രമത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഏകദേശം 12 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തുടനീളമുള്ള സമ്പൂര്‍ണ എ.ആര്‍.ടി.എസ് ശൃംഖല (തിരുവനന്തപുരം കോഴിക്കോട് മെട്രോ ഉള്‍പ്പെടെ) യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും.

Summary

Kerala to implement long Regional Rapid Transit System project from Thiruvananthapuram to Kasaragod.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com