ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

വിനോദസഞ്ചാരത്തിന് തടസ്സമാകുന്ന നിലപാടുകൾ ഉണ്ടാകില്ല; നികുതി കൂട്ടാതെ വരുമാനം കണ്ടെത്താൻ 'പോർട്ട് സിറ്റി' മാതൃക
Kerala Tourism Friendly Excise Policy CM
Kerala Tourism Friendly Excise Policy CM
Edited By:
Updated on: 
2 min read

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സമഗ്ര വളർച്ചയ്ക്കായി ടൂറിസം സൗഹൃദപരമായ പുതിയ എക്സൈസ് നയം സർക്കാർ ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ . വിനോദസഞ്ചാരത്തിന് എതിരുനിൽക്കുന്ന യാതൊരു തീരുമാനവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ഇതിനായുള്ള പുതിയ നയരൂപീകരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റോറിയൽ ഡയറക്ടർ പ്രഭു ചൗള അവതാരകനായ 'ക്യു ആൻഡ് എ വിത്ത് ദി ചീഫ് മിനിസ്റ്റർ' എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ രാജ്യങ്ങളിൽ പോയാൽ ആസ്വദിക്കാൻ പബ്ബുകളും മറ്റ് സൗകര്യങ്ങളുമുണ്ട്, എന്നാൽ കേരളത്തിൽ നിലവാരമുള്ള മദ്യം പോലും കിട്ടാൻ പ്രയാസമാണെന്ന് കേൾക്കുന്നുണ്ട്, അതിനാൽ എക്സൈസ് നയം ടൂറിസം സൗഹൃദമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന പ്രഭു ചൗളയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Kerala Tourism Friendly Excise Policy CM
'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

രണ്ട് വർഷത്തിനകം കേരളത്തിലെത്തുന്ന ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രമുഖ ആഗോള, ദേശീയ ഹോട്ടൽ ശൃംഖലകളുടെ പങ്കാളിത്തത്തോടെ 25 പുതിയ ഫൈവ് സ്റ്റാർ ഹോട്ടലുകൾ സംസ്ഥാനത്ത് ആരംഭിക്കാൻ ധാരണയായിട്ടുണ്ട്. പ്ലാന്റേഷൻ ടൂറിസത്തിന് അനുമതി നൽകുന്ന നിർണ്ണായക നിയമ ഭേദഗതി ഈ മാസം തന്നെ പൂർത്തിയാക്കും. ആധുനിക ഓഷ്യനേറിയം, അന്താരാഷ്ട്ര മാരിടൈം മ്യൂസിയം, ആയുർവേദ-വെൽനസ് കേന്ദ്രങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങളായ നോളജ് വാലികൾ എന്നിവ വികസിപ്പിക്കും. യൂറോപ്യൻ മാതൃകയിൽ 44 നദികളെ പരസ്പരം ബന്ധിപ്പിച്ച് റിവർ ക്രൂയിസുകളും കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ച് ക്രൂയിസ് ടെർമിനലുകളും സജ്ജമാക്കും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് പൈലറ്റ് പരിശീലനം, ഹെലികോപ്റ്റർ ട്രെയിനിങ്, എം.ആർ.ഒ സംവിധാനങ്ങൾ എന്നിവയടങ്ങുന്ന ഏവിയേഷൻ ഹബ്ബായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് അഞ്ചുലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയുണ്ടെങ്കിലും അഞ്ചുവർഷത്തെ ഭരണകാലയളവിൽ നികുതി വർദ്ധിപ്പിക്കൽ ഒരു പരിഹാരമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം ഒരു ഉപഭോഗ സംസ്ഥാനമായതിനാൽ നികുതി കൂട്ടുമ്പോൾ അത് വെട്ടിക്കാനുള്ള പ്രവണതയാണ് ഉണ്ടാവുക. ന്യായമായ നിരക്കുകൾ നിലനിർത്തിക്കൊണ്ട് പുതിയ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുകയാണ് വേണ്ടത്. വനഭൂമിയും ഉയർന്ന ജനസാന്ദ്രതയും കാരണം ഭൂലഭ്യത കുറവുള്ള സംസ്ഥാനത്ത് വലിയ നിക്ഷേപ സാധ്യതകളാണ് തുറമുഖങ്ങൾ തുറന്നിടുന്നത്. വിഴിഞ്ഞം ഉൾപ്പെടെയുള്ള രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും 18 ചെറുകിട തുറമുഖങ്ങളെയും സംയോജിപ്പിച്ച് കേരളത്തിന്റെ 600 കിലോമീറ്റർ തീരപ്രദേശത്തെ ഒരു സമ്പൂർണ്ണ 'പോർട്ട് സിറ്റി'യായി വികസിപ്പിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മാതൃകയിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സർക്കാർ ഭൂമി ഓഹരിയായി നൽകി പ്രവാസികൾക്ക് 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുന്ന സാമ്പത്തിക മാതൃകകൾ ഉടൻ അവതരിപ്പിക്കും.

Kerala Tourism Friendly Excise Policy CM
കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ

കേരളത്തിൽ സിപിഎമ്മിന്റെ സംഘടനാപരമായ തകർച്ചയിൽ തങ്ങൾ സന്തോഷിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പാർട്ടിയുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചു. ബംഗാളിൽ സിപിഎമ്മിന് സംഭവിച്ച തകർച്ചയും തുടർന്ന് അണികൾ ബിജെപിയിലേക്ക് ഒഴുകിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ കടുത്ത കോൺഗ്രസ് വിരുദ്ധ നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ചില ഘട്ടങ്ങളിലൊക്കെ അവർ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കാൻ പോലും മടിക്കുന്നില്ല. പഴയ ചിന്താഗതികളിൽ കുടുങ്ങിക്കിടക്കുന്ന സിപിഎമ്മിന് യുവതലമുറയുടെയും പൊതുജനങ്ങളുടെയും വികാരങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നും കോൺഗ്രസിന്റെ പ്രധാന രാഷ്ട്രീയ-ആശയപരമായ ശത്രു എന്നും ബിജെപി തന്നെയാണെന്നും അദ്ദേഹം ആവർത്തിച്ചു.

Kerala Tourism Friendly Excise Policy CM
മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ 'പറന്നത്' അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

മുസ്ലിം ലീഗിന് ഭരണത്തിൽ അമിത പ്രാധാന്യം നൽകുന്നുവെന്ന പ്രചാരണം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ ആറ് പതിറ്റാണ്ടായി യു.ഡി.എഫ് സർക്കാരുകളിൽ വിദ്യാഭ്യാസ വകുപ്പ് പൂർണ്ണമായും ലീഗിന്റെ കൈവശമായിരുന്ന സ്ഥാനത്ത്, ഇത്തവണ ചരിത്രത്തിലാദ്യമായി വകുപ്പ് വിഭജിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് നേരിട്ട് ഏറ്റെടുത്തു. ലീഗ് മതേതര സ്വഭാവമുള്ള ജനാധിപത്യ പാർട്ടിയാണ്. മുനമ്പം ഭൂമി പ്രശ്നം ഉയർന്നപ്പോൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരിട്ട് ഇടപെട്ടാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്. ന്യൂനപക്ഷങ്ങൾക്കിടയിലെ മിതവാദ ശബ്ദമായ മുസ്ലിം ലീഗ് ദുർബലമായാൽ ആ വിടവ് മുതലെടുക്കുന്നത് തീവ്രവാദ സംഘടനകളായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു

Summary

Kerala will soon formulate and declare a tourism-friendly excise policy ensuring that regulatory hurdles do not hinder visitors, Chief Minister V.D. Satheesan confirmed in response to a specific question on night-life and quality liquor access during an interview with The New Indian Express Editorial Director Prabhu Chawla.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com