

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തെത്തുടര്‍ന്ന് കേരള സര്‍വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു. വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെ ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. വിസിക്ക് മറുപടി നല്‍കാതെയാണ് ജോയിന്റ് രജിസ്ട്രാര്‍ രണ്ടാഴ്ച അവധിയില്‍ പോയത്. ഇന്നു രാവിലെ 9 മണിയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ജോയിന്റ് രജിസ്ട്രാര്‍ക്കെതിരെയും വിസി അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗം ബഹളത്തെത്തുടര്‍ന്ന് താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ സിസ തോമസ് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ അതിനുശേഷവും യോഗം തുടരുകയും, ജോയിന്റ് രജിസ്ട്രാര്‍ യോഗത്തില്‍ സംബന്ധിച്ചതിലുമാണ് വിസി റിപ്പോര്‍ട്ട് തേടിയത്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് യോഗം പിന്‍വലിച്ചതും, ചട്ടവിരുദ്ധമായി ചേര്‍ന്ന യോഗത്തിന്റെ മിനുട്‌സ് അംഗീകരിച്ചതും വീഴ്ചയാണെന്നാണ് വിസിയുടെ നിലപാട്. ഇതിലാണ് ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനോട് വിസി റിപ്പോര്‍ട്ട് തേടിയത്.
സിന്‍ഡിക്കേറ്റ് യോഗ തീരുമാനത്തിന് പിന്നാലെ, അവധിദിനമായിരുന്നിട്ടും രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ ഇന്നലെ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു. താന്‍ യോഗം പിരിച്ചുവിട്ട ശേഷമുള്ള സിന്‍ഡിക്കേറ്റിന്റെ എല്ലാ നടപടിയും അസാധുവാണെന്നും, രജിസ്ട്രാര്‍ക്കെതിരെയാ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുമെന്നുമാണ് വിസി ഡോ. സിസ തോമസ് വ്യക്തമാക്കുന്നത്. ചുമതലയേറ്റ രജിസ്ട്രാറുടെ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ വിസി, അനില്‍കുമാര്‍ ഓഫീസിലെത്തിയത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കുന്നു.
അതിനിടെ കേരള സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുടെ റിപ്പോര്‍ട്ട് വിസി ഡോ. സിസ തോമസ് ചാന്‍സലറായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് സമര്‍പ്പിച്ചു. നടന്ന സംഭവങ്ങള്‍ വിശമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്. അജണ്ടയ്ക്ക് പുറത്തേക്ക് വിഷയങ്ങള്‍ കൊണ്ടുപോയി. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സിന്‍ഡിക്കേറ്റ് തീരുമാനം ചട്ടവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ വിസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിന്‍ഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളില്‍ രാജ്ഭവന്‍ വിസിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. വിസിയുടേത് നിയമപരമായ നടപടിയാണെന്നും രാജ്ഭവന്‍ വിലയിരുത്തുന്നു.
കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവാദം കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കിയതിനാല്‍ രജിസ്ടാര്‍ വിസിയുടെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചേക്കും. അതേസമയം താന്‍ പിരിച്ചുവിട്ടശേഷവും സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നതിനെതിരെ വിസി കോടതിയില്‍ നിലപാട് അറിയിച്ചേക്കും. വിസിക്കെതിരെ ഭീഷണി മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിട്ടുണ്ട്. താല്‍ക്കാലിക വിസി രാജാവാണെന്ന് കരുതിയാല്‍, സമരത്തിന്റെ ചൂട് അറിയുമെന്നാണ് ഡിവൈഎഫ്‌ഐ പ്രസ്താവിച്ചിരിക്കുന്നത്. സര്‍വകലാശാലയിലെത്തുന്ന വിസിയെ തടഞ്ഞ് പ്രതിഷേധിക്കാനാണ് എസ്എഫ്‌ഐയുടെ തീരുമാനം.
Dramatic moves continue at Kerala University following Bharatamba picture controversy. Joint Registrar P Harikumar goes on leave after Vice Chancellor seeks report
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates