മഴ ശക്തം, കെടുതികളും; സംസ്ഥാനത്ത് 66 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

വ്യാഴാഴ്ച മാത്രം ഏഴ് വീടുകള്‍ പൂര്‍ണമായി തകരുകയും, 181 വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍
RAIN IN KOCHI
മഴ; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു ( Heavy rain)File
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മഴക്കെടുതികളും രൂക്ഷമാകുന്നു. മഴക്കെടുതികളില്‍ (Kerala witness Heavy rain) സംസ്ഥാന വ്യാപകമായി പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങളും ഒമ്പത് മരണങ്ങളും സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഇടങ്ങളിലായി അഞ്ച് പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവില്‍ 66 ക്യാമ്പുകളിലായി 1894 ആളുകള്‍ താമസിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. മെയ് 29ന് മാത്രം 19 ക്യാമ്പുകള്‍ തുടങ്ങി, 612 ആളുകളെ മാറ്റി താമസിപ്പിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായയിടങ്ങളില്‍ ക്യാമ്പുകള്‍ തുറക്കുവാനുള്ള നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആറ് ലക്ഷത്തോളം പേരെ താമസിപ്പാക്കാന്‍ പാകത്തിന് 4000-ത്തോളം ക്യാമ്പുകള്‍ തുറക്കുവാന്‍ സജ്ജമാണ്. വ്യാഴാഴ്ച മാത്രം ഏഴ് വീടുകള്‍ പൂര്‍ണമായി തകരുകയും, 181 വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.

അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. അനാവശ്യമായ യാത്രകള്‍, പ്രത്യേകിച്ച് മലയോരമേഖലകളിലൂടെയുള്ളവ ഒഴിവാക്കണം. അപകടകരമായ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറണം. ക്യാമ്പുകളിലേക്ക് മാറാന്‍ വിമുഖത കാട്ടരുത്. അഞ്ചു ദിവസം ശ്രദ്ധയോടെയും ജാഗ്രതയോടെയും കഴിഞ്ഞാല്‍ വലിയ പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു. പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് ഉച്ചയ്ക്ക് ശേഷം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം ആദ്യ ആഴ്ച്ച (മെയ് 30 മുതല്‍ ജൂണ്‍ അഞ്ച് വരെ ) സംസ്ഥാനത്ത് പൊതുവെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ഈ കാലയളവില്‍ പെയ്‌തേക്കാമെന്നും മന്ത്രി പറഞ്ഞു. രണ്ടാമത്തെ ആഴ്ച ( ജൂണ്‍ ആറ്- 12 ) എല്ലാ ജില്ലകളിലും മഴ സാധ്യത ഉണ്ടെങ്കിലും സാധാരണ ഈ കാലയളവില്‍ ലഭിക്കുന്നതിനേക്കാള്‍ കുറവ് മഴയായിരിക്കും പെയ്യുക.

മെയ് 29ന് എല്ലാ ജില്ലകളിലേയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്കൊപ്പം കനത്ത കാറ്റ് അനുഭവപ്പെട്ടു. പൊന്മുടിയില്‍ മണിക്കൂറില്‍ 54 കി.മി വേഗതയിലും, കുമരകം 43 കി.മി, കരുമാടി 44 കി.മി, റാന്നി 43 കി.മി, നൂറനാട് 39 കി.മി, പാരിപ്പള്ളി 39 കി.മി വേഗതയിലും ശക്തമായ കാറ്റ് രേഖപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് വലിയ മരങ്ങള്‍ കടപുഴകി വീഴുന്നുണ്ട്. പഞ്ചായത്തി രാജ് ആക്ട് പ്രകാരം അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള പഞ്ചായത്ത് സെക്രട്ടറിമാരുടെ അധികാരം വിനിയോഗിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. അതിതീവ്ര ന്യുനമര്‍ദ്ദം കരയില്‍ പ്രവേശിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ പ്രശ്‌നത്തെ അതീവഗൗരവത്തോടെ വേണം കാണുവാനെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com