

തിരുവനന്തപുരം: അന്‍പത് വര്‍ഷത്തിനിടെ സംസ്ഥാനത്തെ നെല്‍പ്പാടങ്ങളുടെ വിസ്തൃതിയില്‍ 80 ശതമാനം കുറവുണ്ടായതായി കണക്കുകള്‍. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നെല്‍കൃഷി വിസ്തൃതിയില്‍ സ്ഥിരത കൈവരിക്കുകയോ വ്യാപിക്കുകയോ ചെയ്യുമ്പോള്‍, കേരളത്തിലെ വിസ്തൃതിയില്‍ അഭൂതപൂര്‍വമായ ഇടിവാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഉണ്ടായിരിക്കുന്നത്. പാലക്കാട്, ഇടുക്കി ജില്ലകളുടെ ആകെ വിസ്തൃതിക്ക് തുല്യമായിരുന്ന നെല്‍വയലുകള്‍ കാസര്‍കോട് ജില്ലയുടെ വിസ്തൃതിയേക്കാള്‍ താഴേക്ക് ചുരുങ്ങി.
'കാര്‍ഷിക സ്ഥിതിവിവരക്കണക്ക് 2024-25' റിപ്പോര്‍ട്ട് പ്രകാരം, 1975-76ല്‍ 8.76 ലക്ഷം ഹെക്ടറായിരുന്ന നെല്‍കൃഷി വിസ്തൃതി 2024-25ല്‍ 1.77 ലക്ഷം ഹെക്ടറായി കുറഞ്ഞു. ഏകദേശം 80 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്ന് പിന്തിരിയുന്നതിന്റെ കാരണവും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്; പ്രധാന വിളകളില്‍ ഏറ്റവും കുറഞ്ഞ വരുമാനം ലഭിക്കുന്നത് നെല്ലില്‍ നിന്നാണ്. എല്ലാ ചെലവുകളും കഴിഞ്ഞ് 2024-25ല്‍ ഒരു ഹെക്ടര്‍ നെല്‍കൃഷിയില്‍ നിന്ന് കര്‍ഷകന് ലഭിച്ചത് ഏകദേശം 12,500 രൂപ മാത്രമാണ്. എന്നാല്‍ ഇതേ അളവ് ഭൂമിയില്‍ നിന്ന് നാളികേര കര്‍ഷകന് 78,000 രൂപയും, മരച്ചീനി കര്‍ഷകന് 3 ലക്ഷം രൂപയും, വാഴ കൃഷിക്കാരന് 3.60 ലക്ഷം രൂപയും ലാഭം കിട്ടി
അതേസമയം, സംസ്ഥാനത്തെ ആകെ കൃഷിഭൂമിയുടെ വിസ്തൃതിയില്‍ 15.6 ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. 1975-76ല്‍ 29.81 ലക്ഷം ഹെക്ടറായിരുന്ന ആകെ കൃഷിഭൂമി 2024-25ല്‍ 25.15 ലക്ഷം ഹെക്ടറായി കുറഞ്ഞു. ഈ കാലയളവില്‍ ആകെ കൃഷിഭൂമിയില്‍ നെല്ലിന്റെ വിഹിതം 29.4 ശതമാനത്തില്‍ നിന്ന് വെറും 7 ശതമാനത്തിലേക്ക് താഴ്ന്നു.
'നെല്‍കൃഷി വിസ്തൃതിയില്‍ കുറവ് വ്യക്തമാണെങ്കിലും, സമീപകാലത്ത് ഉത്പാദനക്ഷമത നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്,' സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. സി വീരമണി പറഞ്ഞു. വില ലഭിക്കാത്തതാണ് കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തെ സംബന്ധിച്ചിടത്തോളം നെല്‍വയലുകളുടെ വിസ്തൃതി കുറയുന്നത് ഭക്ഷ്യസുരക്ഷാ പ്രശ്‌നത്തേക്കാളുപരി ഒരു പാരിസ്ഥിതിക പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു. നെല്‍പ്പാടങ്ങള്‍ ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യുന്നതിനും വെള്ളപ്പൊക്കം തടയാനും സഹായിക്കുന്നു. കൃഷി ചെയ്യാതെ തരിശിട്ട ഭൂമിയുടെ വലിയൊരു ഭാഗവും നികത്തപ്പെടുകയും മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റിയതായും അദ്ദേഹം പറഞ്ഞു.
അഞ്ച് പതിറ്റാണ്ടിനിടെ അരി ഉല്‍പ്പാദനത്തില്‍ 60.2 ശതമാനത്തിന്റെ കുറവുണ്ടായി; 1975-76ല്‍ 13.31 ലക്ഷം ടണ്ണായിരുന്ന ഉല്‍പ്പാദനം 2024-25ല്‍ 5.30 ലക്ഷം ടണ്ണായി താഴ്ന്നു. ഒരു ഹെക്ടറിലെ ഉല്‍പ്പാദനക്ഷമത ഏകദേശം ഇരട്ടിയായതിനാലാണ് ഉല്‍പ്പാദനത്തിലെ ഇടിവ് താരതമ്യേന കുറഞ്ഞത്. സംസ്ഥാനത്തിന്റെ സ്വന്തം വിളയായ നാളികേരത്തിന്റെ ഉല്‍പ്പാദനം 2024-25ല്‍ 5,149 ദശലക്ഷം നാളികേരമായിരുന്നു; മുന്‍വര്‍ഷത്തേക്കാള്‍ 6.77 ശതമാനത്തിന്റെ കുറവാണിത്. വാഴപ്പഴം, അടക്ക എന്നിവയുടെ ഉല്‍പ്പാദനത്തിലും ഇടിവുണ്ടായി. യഥാക്രമം 17.51 ശതമാനവും 17.49 ശതമാനവും കുറഞ്ഞു. മരച്ചീനി ഉല്‍പ്പാദനം മുന്‍വര്‍ഷത്തേക്കാള്‍ 11.03 ശതമാനം ഇടിഞ്ഞു.
അതേസമയം ചക്ക ഉല്‍പ്പാദനത്തില്‍ 16 ശതമാനം വര്‍ധനവ് ഉണ്ടായി; ഇടുക്കി ജില്ലയാണ് ഉല്‍പ്പാദനത്തില്‍ ഒന്നാമത്. റബ്ബര്‍ ഉല്‍പ്പാദനത്തില്‍ 16.7 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. 2024-25ല്‍ സംസ്ഥാനത്തെ ആകെ കൃഷിഭൂമിയുടെ വിസ്തൃതി 25.15 ലക്ഷം ഹെക്ടറായിരുന്നു; മുന്‍വര്‍ഷത്തേക്കാള്‍ 0.85 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates