ഗായിക പുഷ്പതിയെ പറ്റി കേട്ടിട്ടില്ലെന്ന് മേയര്‍; അനുമതി നിഷേധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി

മലയാളത്തിലെ മികച്ച ഗായികമാരില്‍ ഒരാളാണ് പുഷ്പവതിയെന്നും കേരള സംഗീത നാടക അക്കാദമി മുന്‍ വൈസ് ചെയര്‍പേഴ്‌സണായി അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും മന്ത്രി വിഷ്ണുനാഥ് പറഞ്ഞു
PC VISHNUNADH- VV RAJESH
വിഷ്ണുനാഥ്- വിവി രാജേഷ്‌
Edited By:
Updated on: 
1 min read

തിരുവനന്തപുരം: മാനവീയം വീഥിയില്‍ ഗായിക പുഷ്പവതിയുടെ സംഗീതപരിപാടിക്ക് അനുമതി നിഷേധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് സാംസ്‌കാരിക മന്ത്രി പിസി വിഷ്ണുനാഥ് . മാനവീയം രജത ജൂബിലി സാംസ്‌കാരിക കൂട്ടായ്മ എന്ന സംഘടന ശനിയാഴ്ചയാണ് സംഗീതപരിപാടി നിശ്ചയിച്ചിരുന്നത്. നടപടിക്രമങ്ങള്‍ പാലിച്ച് പരിപാടിക്ക് അപേക്ഷ നല്‍കിയിട്ടും കാരണമൊന്നുമില്ലാതെ അനുമതി നിഷേധിക്കുകയായിരുന്നെന്ന് സംഘാടകര്‍ പറഞ്ഞു.

മലയാളത്തിലെ മികച്ച ഗായികമാരില്‍ ഒരാളാണ് പുഷ്പവതിയെന്നും കേരള സംഗീത നാടക അക്കാദമി മുന്‍ വൈസ് ചെയര്‍പേഴ്‌സണായി അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും മന്ത്രി വിഷ്ണുനാഥ് പറഞ്ഞു. 'സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇടമാണ് മാനവീയം വീഥി. കലാകാരന്മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും അവിടെ പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കുന്നതും ആശാസ്യമല്ല. കോര്‍പ്പറേഷന്‍ തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണം,' വിഷ്ണുനാഥ് പറഞ്ഞു.

ഗായിക പുഷ്പവതിയെക്കുറിച്ച് താന്‍ ഇതുവരെ കേട്ടിട്ടില്ലെന്ന് മേയര്‍ വിവി രാജേഷ് നേരത്തെ പറഞ്ഞിരുന്നു. സ്മാര്‍ട്ട് സിറ്റി മിഷന് കീഴിലുള്ള ഫണ്ട് ഉപയോഗിച്ച് നവീകരിച്ചതിനാല്‍ മാനവീയം വീഥിയുടെ പരിപാലന ചുമതല സംസ്ഥാന സര്‍ക്കാര്‍ കോര്‍പ്പറേഷനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമ്പോള്‍ സര്‍ക്കാരിന്റെ അറിവും അംഗീകാരവും വേണം. എന്നാല്‍ സംഘടന രൂപീകരിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഉത്തരവുകളൊന്നും കണ്ടെത്താനായില്ല. കോര്‍പ്പറേഷനും ഇക്കാര്യം അറിയില്ലെന്നും വിവി രാജേഷ് പറഞ്ഞു.

ആടാനും പാടാനും വരയ്ക്കാനും വായിക്കാനും പ്രസംഗിക്കാനും ഒത്തുകൂടാനും അങ്ങനെ അങ്ങനെ, അഭിപ്രായ സ്വാതന്ത്രത്തിന് അതിര്‍വരമ്പുകളില്ലാത്ത ഒരു ഇടം, ഇതാണ് മാനവീയം വീഥിയുടെ സങ്കല്‍പ്പം. ഇവിടെയാണ് കോര്‍പറേഷന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് ആരോപണം. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകർത്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ മാനവീയം വീഥിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. നടൻ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിക്കുനേരെ പൊലീസ് അതിക്രമം നടത്തിയിരുന്നു. ഇതിനു ശേഷമാണ് മാനവീയം വീഥിയിൽ കോർപറേഷൻ പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി തുടങ്ങിയത്.

Summary

Keralam Minister asks Thiruvananthapuram Corporation to reconsider denial of permission for concert .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER