കൊച്ചി: കേരളത്തിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ സ്വർണ ശേഖരം യൂറോപ്പിലെ ചില രാജ്യങ്ങളുടെ സ്വർണ കരുതൽ ശേഖരത്തേക്കാൾ കൂടുതലുണ്ടെന്നു കണക്കുകൾ. ഈ സ്ഥാപനങ്ങളിലെ മൊത്തം സ്വർണ ശേഖരം രാജ്യങ്ങളുടെ കണക്കിൽപ്പെടുത്തിയാൽ 16ാം സ്ഥാനത്തുണ്ടാകും. പോർച്ചുഗലിനു തൊട്ടു പിന്നിൽ ധനകാര്യ സ്ഥാപനങ്ങൾ വരും. സ്പെയിൻ, യുകെ, ഓസ്ട്രിയ രാജ്യങ്ങളേക്കാൾ സ്വർണം ഈ സ്ഥാപനങ്ങളിലുണ്ട്.
കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്കിങ് ഇതര ധനകാര്യ കോർപറേഷനുകൾ (എൻബിഎഫ്സി) നിലവിൽ കൈവശം വച്ചിരിക്കുന്നത് 381 ടൺ സ്വർണം. 4.6 ലക്ഷം കോടി രൂപയുടെ സ്വർണമാണ് ശേഖരത്തിലുള്ളത്. സംസ്ഥാനത്തെ എൻബിഎഫ്സികൾ ഇപ്പോൾ ബ്രസീൽ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളേക്കാൾ സ്വർണം കൈവശം വച്ചിട്ടുണ്ട്.
സ്വർണത്തിനോടു മലയാളിക്കുള്ള ആസക്തി കൂടി വെളിവാക്കുന്നതാണ് ഈ കണക്കുകൾ. മുത്തൂറ്റ് ഫിനാൻസ് (208 ടൺ), മണപ്പുറം ഫിനാൻസ് (56.4 ടൺ), മുത്തൂറ്റ് ഫിൻകോർപ്പ് (43.69 ടൺ), കെഎസ്എഫ്ഇ, (67.22 ടൺ), ഇൻഡൽ മണി (ഏകദേശം 6 ടൺ) എന്നീ പ്രമുഖ സ്വർണ വായ്പാ ഭീമന്മാരുടെ സംയോജിത നിക്ഷേപം സ്പെയിനിന്റെയും (282 ടൺ) യുകെയുടെയും (310 ടൺ) സ്വർണ ശേഖരത്തേക്കാൾ കൂടുതലാണ്.
സ്വർണം മലയാളിയുടെ സമ്പാദ്യ ശീലത്തിന്റെ ഭാഗമായിട്ട് പതിറ്റാണ്ടുകളായി. ഒപ്പം പദവിയുടെ അടയാളമായും മലയാളി സ്വർണം ധരിക്കുന്നു. ഇത്തരം ധനകാര്യ സ്ഥാപനങ്ങൾ സമൂഹത്തിൽ വലിയ തോതിൽ സ്വാധീനം ചെലുത്തുന്നു. സംസ്ഥാനത്ത് അതിവേഗം വളരുന്ന ശക്തമായ സാമ്പത്തിക അടിത്തറയുള്ള വ്യവസായമായും സ്വർണ വായ്പാ രംഗം അതോടെ കേരളത്തിൽ വേരൂന്നി.
അടിയന്തര ആവശ്യങ്ങൾക്ക് മലയാളികൾ ആദ്യം തന്നെ സമീപിക്കുക സ്വർണ വായ്പകളെയാണെന്നു ഇൻഡൽ മണിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനൻ പറയുന്നു. മകന്റെ കോളജ് പഠനം, വീട് നിർമാണം, വർക്ക്ഷോപ്പിലേക്ക് യന്ത്രങ്ങൾ വാങ്ങൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ആളുകൾ ധനകാര്യ സ്ഥാപനങ്ങളെ സ്വർണവുമായി സമീപിക്കുന്നു. സ്വർണത്തിന്റെ വില വർധന വായ്പകളെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. ആളുകൾ അവരുടെ സ്വർണാഭരണങ്ങൾ തന്നെ വായ്പയായി വയ്ക്കുമ്പോൾ സ്വർണം കൂടുതൽ വിപണിയിലേക്ക് തിരിച്ചു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച ഗ്രാമിന് 12,202 രൂപയും പവന് 81,000 രൂപയുമായിരുന്നു. പണയം വച്ച സ്വർണത്തിന്റെ മൂല്യം റെക്കോർഡ് ഉയരങ്ങളിലെത്തി. സുരക്ഷിതമല്ലാത്ത വായ്പ നൽകൽ, വായ്പകൾ പിൻവലിക്കൽ എന്നിവ സംബന്ധിച്ച നിയമങ്ങൾ ആർബിഐ കർശനമാക്കിയത് എൻബിഎഫ്സികൾക്ക് ചെറിയ തിരിച്ചടിയാണ്. വായ്പാ പ്രതിസന്ധിയുണ്ടെന്നു മോഹനൻ സമ്മതിക്കുന്നു. സ്വർണ വായ്പകൾ ആ വിടവ് നികത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണത്തിന്റെ വില ഉയർന്നു നിൽക്കുന്നത് ചെറുകിട വായ്പാ സംഘങ്ങളേയും ഉത്തേജിപ്പിച്ചിട്ടുണ്ട്. സ്വർണ വായ്പകളിൽ 37 ശതമാനം മാത്രമാണ് സംഘടിത കമ്പനികളിൽ നിന്നുള്ളത്. 63 ശതമാനവും അസംഘടിത മേഖലകളിൽ നിന്നാണ്. പണയക്കടകൾ, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക പണമിടപാടുകാർ എന്നിവർ. നിയന്ത്രണങ്ങൾ അസംഘടിത വിപണിയെയാണ് പരോക്ഷമായി സഹായിക്കുന്നത്. ഇടനിലക്കാർ ഒറ്റ ദിവസത്തേക്ക് മാത്രമായി സ്വർണം പുറത്തിറക്കി വീണ്ടും പണയം വച്ച് ആർബിഐ നിയന്ത്രണങ്ങളെ ചൂഷണം ചെയ്യാൻ ഇടയാക്കുന്നുണ്ടെന്നും മോഹനൻ പറഞ്ഞു.
അതേസമയം വില കൂടിയതോടെ ഉപഭോക്താക്കൾ കൂടുതൽ വായ്പകളെടുക്കുന്നില്ലെന്നു മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറയുന്നു. വായ്പാ കാലാവധി ഒരു വർഷമാണെങ്കിലും മിക്ക ഉപഭോക്താക്കളും അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ തന്നെ സ്വർണം തിരിച്ചെടുക്കുന്നുണ്ട്. അവർ അത്യാവശ്യ ഘട്ടങ്ങളിൽ വായ്പ എടുക്കുന്നവരാണ്. അവരുടെ ലക്ഷ്യം പൂർത്തിയായാൽ ഉപഭോക്താക്കൾ വായ്പ തിരിച്ചടച്ച് സ്വർണം എടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോഗമുള്ള രാജ്യങ്ങളിലൊന്നാണ്. വായ്പാ വിപണിയിൽ ഇന്ത്യയൊട്ടാകെ ഏതാണ്ട് 2,950 മുതൽ 3,350 ടൺ വരെ സ്വർണം ഈടായി സ്വീകരിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യ ആണ് ഈ സ്വർണ വായ്പാ സംസ്കാരത്തിന്റെ രാജ്യത്തെ നിർണായക കേന്ദ്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates