തമിഴ്‌നാടിന്റെ മാലിന്യത്തിനെതിരായ പോരാട്ടത്തിന് 'മലയാളി മുഖം'; ഗംഗ ദിലീപ് ക്ലീന്‍ തമിഴ്നാട് സിഇഒ

ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ നിര്‍ദ്ദേശത്തിലാണ് പുതിയ ദൗത്യം
photograph of ganga dileep
​ഗം​ഗ ദിലീപ്എക്സ്പ്രസ്
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടില്‍ ഖരമാലിന്യ സംസ്‌കരണത്തില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള ദൗത്യവുമായി മലയാളി യുവതി. തിരുവനന്തപുരം സ്വദേശിയും 38 വയസുള്ള ആര്‍ക്കിടെക്റ്റും അര്‍ബന്‍ ഡിസൈനറുമായ ഗംഗ ദിലീപിനാണ് പുതിയ നിയോഗം. തമിഴ്നാട്ടിലെ സുസ്ഥിര മാലിന്യ സംസ്‌കരണത്തിനായി 'തൂയിമൈ മിഷന്റെ' കീഴില്‍ രൂപീകരിച്ച ക്ലീന്‍ തമിഴ്നാട് കമ്പനി ലിമിറ്റഡിന്റെ ആദ്യ സിഇഒ ആയി അവര്‍ നിയമിതയായി. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ നിര്‍ദ്ദേശത്തിലാണ് പുതിയ ദൗത്യം.

പുനെയിലും കേരളത്തിലെ മറ്റ് ഭാഗങ്ങളിലും വിജയകരമായി നടപ്പാക്കിയ ടോയ്ലറ്റ് ടെയില്‍സ് (പൊതു ശൗചാലയങ്ങള്‍) ഉള്‍പ്പെടെ നിരവധി നൂതന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പരിചയസമ്പത്തുമായാണ് ഗംഗ ദിലീപ് പുതിയ ദൗത്യത്തിലെത്തുന്നത്. 2022 മുതല്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുകയാണ് ഗംഗ. ചെന്നൈ നഗരത്തിലെ നാല് ചേരികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടാണ് നിലവില്‍ അവരുടെ പ്രവര്‍ത്തനം. ഉദയനിധി സ്റ്റാലിന്റെ മണ്ഡലത്തിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതാണ് പുതിയ ദൗത്യത്തിലേക്കുള്ള വഴി തുറന്നത്.

തിരുവനന്തപുരത്ത് ജനിച്ചു വളര്‍ന്ന ഗംഗ, തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള ഹരിത പ്രോട്ടോക്കോള്‍ പ്രോത്സാഹിപ്പിക്കുന്ന സന്നദ്ധ സംരംഭമായ ഗ്രീന്‍ ആര്‍മിയുടെ സ്ഥാപക കൂടിയാണ്.

തൂയിമൈ മിഷന്റെ നട്ടെല്ലായി ക്ലീന്‍ തമിഴ്‌നാട് കമ്പനി പ്രവര്‍ത്തിക്കുമെന്നു അവര്‍ പറയുന്നു. നേതൃത്വം, നയപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തല്‍ തുടങ്ങി വെല്ലുവിളികള്‍ ഏറെയുള്ള ചുമതലയാണ് ഏറ്റെടുത്തതെന്നും ഗംഗ വ്യക്തമാക്കി.

'തമിഴ്നാട്ടിലെ ശുചിത്വത്തിലും മാലിന്യ സംസ്‌കരണത്തിലും അനൗപചാരിക മേഖലയെ ഒരുമിച്ചു കൊണ്ടുവരിക എന്നതാണ് പ്രധാന വെല്ലുവിളി. സംസ്ഥാനത്ത് 12,000-ത്തിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുണ്ട്. കേരളത്തില്‍ നിന്ന് വ്യത്യസ്തമായി നഗര-ഗ്രാമ വേര്‍തിരിവ് ഇവിടെ പ്രകടമാണ്. ചെന്നൈ പോലുള്ള നഗരപ്രദേശങ്ങള്‍ ജന സാന്ദ്രതയുള്ളവയാണ്. മറ്റ് മെട്രോ നഗരങ്ങളെയും ഗ്രാമപ്രദേശങ്ങളെയും അപേക്ഷിച്ച് മികച്ച മാലിന്യ സംസ്‌കരണ രീതികളും ചെന്നൈയിലുണ്ട്.

'ഞാന്‍ കരിയര്‍ ആരംഭിച്ചത് കേരളത്തിലാണ്. അവിടെ നിന്ന് നേടിയ അനുഭവമാണ് എന്റെ അടിത്തറ. രണ്ട് സംസ്ഥാനങ്ങളും വ്യത്യസ്തമാണ്. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഞാന്‍ ശ്രദ്ധിച്ച പ്രധാന വ്യത്യാസം കേരളം ആസൂത്രണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തമിഴ്‌നാടാകട്ടെ നടപ്പാക്കലിലാണ് ശ്രദ്ധിക്കുന്നത്. ഏതൊരു സംരംഭം വിജയിക്കുന്നതിനും ആസൂത്രണവും ഒപ്പം നടപ്പാക്കലും പ്രധാനമാണ്'- അവര്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com