

തൃശൂര്‍: മുള വിഭവഭങ്ങള്‍ ഇനി നിങ്ങളുടെ ഭക്ഷണമേശയിലും ഇടംപിടിക്കും. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആര്‍.ഐ) ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത മുളയുടെ കൂമ്പ് ഉപയോഗിച്ചുള്ള ഫ്‌ലേക്‌സും പൊടിയും ആരോഗ്യകരമായ ഭക്ഷണരീതികള്‍ക്ക് പുതിയൊരു വഴി തുറക്കുകയാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പരമ്പരാഗത ഭക്ഷണമായി ഉപയോഗിക്കുന്ന മുളങ്കൂമ്പ്, ദക്ഷിണേന്ത്യയില്‍ അത്ര പ്രചാരത്തിലില്ല. ഭക്ഷ്യവസ്തുവെന്ന നിലയില്‍ മുളയുടെ പോഷകഗുണങ്ങള്‍ പരിചയപ്പെടുത്തുന്നതിനായാണ് കെ.എഫ്.ആര്‍.ഐയിലെ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റായ ഡോ. ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ മുളങ്കൂമ്പ് ഫ്‌ലേക്‌സും പൊടിയും വികസിപ്പിച്ചത്. വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായ മുളങ്കൂമ്പ് ദഹനപ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
നിര്‍മ്മാണരീതിയും ഉപയോഗവും
മുളങ്കൂമ്പ് ശേഖരിച്ച ശേഷം സംസ്‌കരിച്ച്, ഈര്‍പ്പം പൂര്‍ണമായും മാറ്റിയെടുത്ത് പൊടിയും ഫ്‌ലേക്‌സും ആക്കി മാറ്റുന്നതിനുള്ള ശാസ്ത്രീയമായ രീതിയാണ് കെ.എഫ്.ആര്‍.ഐ വികസിപ്പിച്ചെടുത്തത്. ഈ പ്രക്രിയയിലൂടെ മുളയുടെ തനത് ഗുണങ്ങള്‍ ഒട്ടും നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ സാധിക്കും. കൊഴുപ്പ് കുറവാണെന്നതും ഇവയുടെ സവിശേഷതയാണ്. ദഹനപ്രക്രിയ എളുപ്പമാക്കാനും ശരീരഭാരം നിയന്ത്രിക്കാനും മുളങ്കൂമ്പ് കൊണ്ടുള്ള ഫ്‌ലേക്‌സും പൊടിയും സഹായിക്കും. ഇത് ഉപയോഗിച്ച് ബിസ്‌കറ്റുകള്‍, ബ്രെഡുകള്‍ തുടങ്ങിയ വിവിധ ബേക്കറി ഉത്പന്നങ്ങള്‍ നിര്‍മിക്കാനാകും.
ഈ ഉത്പന്നങ്ങള്‍ വിപണിയില്‍ വലിയ സാധ്യതകള്‍ തുറക്കുമെങ്കിലും, നിലവില്‍ ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇതിനെക്കുറിച്ച് പൊതുസമൂഹത്തിന് വേണ്ടത്ര അവബോധമില്ലാത്തതാണ് ഒരു പ്രധാന വെല്ലുവിളി. കൂടാതെ, അസംസ്‌കൃത വസ്തുക്കളുടെ വിതരണം, ഉത്പാദനം വലിയ രീതിയില്‍ നടത്താനുള്ള വാണിജ്യ പങ്കാളികളുടെ കുറവ് എന്നിവയും ഗവേഷകര്‍ നേരിടുന്ന വെല്ലുവിളികളാണ്.
കര്‍ഷകര്‍ക്ക് പുതിയ വരുമാനം
മുള ഉത്പന്നങ്ങളുടെ വാണിജ്യവത്കരണം കര്‍ഷകര്‍ക്ക് പുതിയൊരു വരുമാനമാര്‍ഗം തുറക്കും. കേരളത്തില്‍ മുള കൃഷിക്ക് കൂടുതല്‍ പ്രോത്സാഹനം ലഭിക്കാനും ഇതുവഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും. ഈ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനും അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നതിനും വാണിജ്യവത്കരണത്തിനും താത്പര്യമുള്ളവരെ കണ്ടെത്താനായി ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്റ് എന്‍വയോണ്‍മെന്റ് സംഘടിപ്പിക്കുന്ന റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് കോണ്‍ക്ലേവിലൂടെ സഹായകമാകും എന്നാണ് കെ.എഫ്.ആര്‍.ഐയിലെ ഗവേഷകരുടെ പ്രതീക്ഷ. മുളങ്കൂമ്പ് പൊടിയും ഫ്‌ലേക്‌സും ഉള്‍പ്പെടെ 15 ഗവേഷണങ്ങളാണ് കെ.എഫ്.ആര്‍.ഐ കോണ്‍ക്ലേവില്‍ അവതരിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates