വിവാഹത്തിന് മുൻപും കിരണ്‍ മര്‍ദിച്ചു, ആൺകുട്ടികളോട് സംസാരിക്കുന്നതിനു വിലക്ക്‌, വിവരങ്ങൾ അറിയിക്കാതിരിക്കാൻ നമ്പറുകൾ ബ്ലോക്ക് ചെയ്തു: അമ്മ

വിവാഹത്തിന് മുൻപും വിസ്മയയെ കിരൺ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് വിസ്മയയുടെ അമ്മ
മരിച്ച വിസ്മയ, മർദനമേറ്റ ചിത്രങ്ങൾ / ടെലിവിഷൻ ചിത്രം
മരിച്ച വിസ്മയ, മർദനമേറ്റ ചിത്രങ്ങൾ / ടെലിവിഷൻ ചിത്രം
Updated on
1 min read

കൊല്ലം: വിവാഹത്തിന് മുൻപും വിസ്മയയെ കിരൺ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് വിസ്മയയുടെ അമ്മ സജിത വി നായർ. വിവാഹ നിശ്ചയത്തിനു ശേഷം സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആൺകുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞു വിവാഹത്തിനു മുൻപു തന്നെ വിസ്മയയെ കിരൺ മർദിച്ചിരുന്നതായി വിസ്മയയുടെ അമ്മ പറഞ്ഞു.  ​

വിസ്മയ പഠിക്കുന്ന കോളജിൽ പലപ്പോഴും കിരൺ കാണാൻ എത്തിയിരുന്നു. അന്ന് മുതൽ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം അടുത്ത സമയത്തു മാത്രമാണ് മകൾ തന്നോട് പറഞ്ഞത്. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം വിസ്മയയെ ഉപദ്രവിച്ചു. എന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി അവളുടെ വിഷമങ്ങൾ കൂട്ടുകാരികളോടാണ് അടുത്തിടെയായി കൂടുതലായി പറഞ്ഞിരുന്നത്. 

ഞാനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കൽ കിരണിനോട് ചോദിച്ചതായി അവൾ പറഞ്ഞിട്ടുണ്ട്. ജീവിക്കണമെങ്കിൽ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടി. വിവാഹത്തിന് ശേഷം കാറിനു മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാർ വേണമെന്നും പറഞ്ഞ് വീട്ടിൽ വന്നു വഴക്കുണ്ടാക്കി. അന്നു വിസ്മയയുടെ അച്ഛനെ അസഭ്യം പറയുകയും വിവാഹത്തിന് ഞങ്ങൾ കിരണിനെ അണിയിച്ച മാല ഊരി എറിയുകയും ചെയ്തു. 

അന്ന് വിസ്മയയെയും തടസ്സം പിടിച്ച സഹോദരൻ വിജിത്തിനെയും മർദിച്ചു. നാട്ടുകാർ കൂടിയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് വഴിയിൽ വച്ചു പിടികൂടി. മദ്യലഹരിയിൽ അന്നു പൊലീസിനെയും ആക്രമിച്ചിരുന്നു. പിന്നീട് കുറേക്കാലം വിസ്മയ തങ്ങൾക്കൊപ്പം തന്നെ കഴിഞ്ഞുവെന്നും സജിത പറയുന്നു. 

അന്ന് ഇനി ഭർതൃവീട്ടിലേക്ക് പോകേണ്ടെന്നും വിവാഹ മോചനം തേടാമെന്നും തീരുമാനിച്ചതാണ്. ഇതിനായി മാർച്ച് 25ന് സമുദായനേതാക്കൾ ഇടപെട്ടു ചർച്ച നിശ്ചയിച്ചു. ഇതറിഞ്ഞു കിരൺ വിസ്മയയെ വീണ്ടും ഫോൺ ചെയ്തു തുടങ്ങി. തന്റെ ജന്മദിനത്തിനു മുൻ‍പ് വീട്ടിൽ തിരിച്ചു വന്നില്ലെങ്കിൽ ഇനി ഒരിക്കലും വരേണ്ടെന്നു കിരൺ പറഞ്ഞു. അങ്ങനെയാണ് പരീക്ഷയ്ക്കായി കോളജിൽ പോയ വിസ്മയ, കിരൺ അവിടെ ചെന്നു വിളിച്ചപ്പോൾ ഒപ്പം പോയത്. അങ്ങോട്ടേക്കു വീണ്ടും പോയ ശേഷം എന്നെ മാത്രമേ വിളിച്ചിരുന്നുള്ളൂ. അതിനും കിരൺ പ്രശ്നമുണ്ടാക്കി. തങ്ങളെ വിവരങ്ങൾ അറിയിക്കാതിരിക്കാൻ നമ്പറുകൾ ബ്ലോക്ക് ചെയ്തു.  വിസ്മയയുടെ അമ്മ സജിത പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com