

കണ്ണൂർ: ഇസ്രയേൽ – ഹമാസ് സംഘർഷത്തില്‍, ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് കുറിപ്പിൽ വിശദീകരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ എംഎൽഎ. ഫെയ്സ്ബുക് പോസ്റ്റ് മുഴുവൻ വായിക്കാതെ ആണ് തനിക്കെതിരെ പ്രചാരണം നടത്തിയത്. യുദ്ധത്തടവുകാരോടു കാണിക്കുന്ന ഭീകരത അംഗീകരിക്കുന്നില്ല എന്നാണു പറഞ്ഞത്. നൂറുശതമാനവും തന്റെ നിലപാട് പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്, അല്ലാതെ അവരെ വേട്ടയാടുന്ന ഇസ്രയേലിനൊപ്പമല്ല. ഇരുഭാഗത്ത് നിന്നുമുള്ള ക്രൂരത അവസാനിപ്പിക്കണം. കൂത്തുപറമ്പില്‍ സിപിഎം സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ ജനകീയകുട്ടായ്മയിലാണ് ശൈലജയുടെ പരാമര്‍ശം.
‘പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തറുത്തു കൊന്നുവെന്നായിരുന്നു അന്നു വന്ന വാർത്ത. സ്വാഭാവികമായും നമുക്ക് അത്തരത്തിലുള്ള കാര്യം വരുമ്പോള്‍, മനസ്സില്‍ അൽപമെങ്കിലും മനുഷ്യത്വമുള്ള എല്ലാവരും പ്രതികരിക്കുമല്ലോ. അങ്ങനെയുള്ള ഭീകരത അംഗീകരിക്കാൻ പറ്റില്ല. ആ പോസ്റ്റ് മുഴുവൻ വായിക്കുന്ന ആർക്കും അറിയാം, അതിന്റെ താഴെ ഞാൻ പറഞ്ഞത് ഇതേ ഭീകരതയാണു ദശകങ്ങളായി പലസ്തീൻ ജനതയോട് ഇസ്രയേൽ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് നമ്മൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് പലസ്തീൻ ജനതയോടാണ്. അവർക്ക് അവരുടെ രാജ്യം വേണം. അവർക്കു ജീവിക്കാൻ ഒരു പ്രദേശം വേണം. അതിനെ ഇല്ലാതാക്കാൻ ഇസ്രയേലിന്റെ ഈ രീതിയിലുള്ള ഭീകരതയ്ക്ക് ഒരിക്കലും അനുവാദം കൊടുക്കാൻ പറ്റില്ല, ഐക്യരാഷ്ട്ര സഭ ഇടപെടണം എന്നാണ് അതിൽ എഴുതിയിരുന്നത്. ഇതിനെയാണ് തെറ്റിദ്ധരിപ്പിച്ചത്’– ശൈലജ പറഞ്ഞു.
ഇവിടെയും മതതീവ്രവാദം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് കമ്യൂണിസ്റ്റുകാരാടോണ് വിരോധം. അതുകൊണ്ട് എവിടെ പിടിക്കാന്‍ കിട്ടുമോ അവിടെ പിടിക്കാന്‍ നില്‍ക്കുകയാണെന്നും ശൈലജ പറഞ്ഞു
ഇത് രണ്ടാം തവണയാണ് കെകെ ശൈലജ ഈ വിഷയത്തില്‍, വിശദീകരണവുമായി എത്തുന്നത്. യുദ്ധതടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല എന്നായിരുന്നു ആദ്യം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ശൈലജ കുറിച്ചത്. പിന്നാലെ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഇതിന് ശേഷം ഇടതുപക്ഷം എപ്പോഴും പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയില്‍ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന് കെകെ ശൈലജ മറ്റൊരു എഫ്ബി കുറിപ്പില്‍ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates