ജനറിക് മരുന്നുകള്‍ക്ക് എതിരല്ല, ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്: കെകെ ശൈലജ

പുതിയ മരുന്നിന്റെ വിശ്വാസ്യത ബോധ്യപ്പെടുത്താനും, സാമ്പിള്‍ വിതരണം ചെയ്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാനുമാണ് ആവശ്യപ്പെട്ടത്
Fake video circulated against KK Shailaja
കെ കെ ശൈലജഫയൽ
Updated on: 
2 min read

തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികള്‍ക്കുള്ള മരുന്ന് മാറ്റി നല്‍കിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളിലുണ്ടായ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിനും ആരോഗ്യ മന്ത്രിക്കും ബാധ്യതയുണ്ടെന്ന് മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ. നിലവില്‍ നല്‍കിക്കൊണ്ടിരുന്ന മരുന്ന് പെട്ടെന്ന് മാറ്റിയതും, സാമ്പിള്‍/ക്ലിനിക്കല്‍ ട്രയലിനുള്ളതെന്ന ലേബലോടെ മരുന്ന് വിതരണം ചെയ്തതുമാണ് രക്ഷിതാക്കളില്‍ ഭീതിയുണ്ടാക്കിയതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അവര്‍ വ്യക്തമാക്കി.

നിലവിലെ മരുന്ന് കൊണ്ട് കുട്ടികളില്‍ നല്ല മാറ്റമുണ്ടെന്നും, പുതിയ മരുന്ന് നല്‍കിയാല്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകുമോ എന്ന് ഭയക്കുന്നതായും ചില രക്ഷിതാക്കള്‍ തന്നെ വിളിച്ച് അറിയിച്ചിരുന്നു. പുതിയ മരുന്നിന്റെ വിശ്വാസ്യത ബോധ്യപ്പെടുത്താനും, സാമ്പിള്‍ വിതരണം ചെയ്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാനുമാണ് ആവശ്യപ്പെട്ടത്. ഇത് ജനറിക് മരുന്നുകള്‍ക്കെതിരായ അഭിപ്രായമായി തെറ്റിദ്ധരിക്കേണ്ടതില്ലെന്നും ശൈലജ വ്യക്തമാക്കി.

വിദേശ കമ്പനിയായ റോഷിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള മരുന്ന് ഇന്ത്യന്‍ കമ്പനിയായ നാറ്റ്കോ നിര്‍മിച്ച് നല്‍കുന്നത് സ്വാഗതാര്‍ഹമാണ്. 2017ല്‍ 'കേരള ജനറിക്' സ്‌കീമിലൂടെ ജനറിക് മരുന്നുകള്‍ വിതരണം ചെയ്തത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നുവെന്ന് ഓര്‍മിപ്പിച്ച അവര്‍, തങ്ങള്‍ ജനറിക് മരുന്നുകള്‍ക്ക് എതിരല്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പുതിയ മരുന്നിന്റെ ജൈവ തുല്യത (Bioequivalence) ബോധ്യപ്പെടുത്താന്‍ കമ്പനിക്കും സര്‍ക്കാരിനും സാധിക്കണം. സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുഖേനയാണോ പുതിയ മരുന്ന് ലഭ്യമാക്കിയതെന്നതില്‍ വ്യക്തത വരണമെന്നും കെകെ ശൈലജ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(SMA)യ്ക്കുള്ള മരുന്നു സംബന്ധിച്ച് രക്ഷിതാക്കള്‍ക്കുള്ള ആശങ്ക കള്‍ പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകള്‍ക്കെതിരായ അഭിപ്രായമെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. സാധാരണ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്ന് മാറി മറ്റൊരു മരുന്ന് മുന്നറിയിപ്പില്ലാതെ വിതരണം ചെയ്തതും അതില്‍ സാമ്പിള്‍/ക്ലിനിക്കല്‍ ട്രയലിനുള്ളത് എന്ന ലേബലുള്ള ബോട്ടില്‍ ഉണ്ടായിരുന്നതും രക്ഷിതാക്കളില്‍ ആശങ്കയുളവാക്കി. അവരില്‍ ചിലര്‍ മുന്‍മന്ത്രി എന്ന നിലയില്‍ ഞങ്ങളെയും വിളിച്ചിരുന്നു. നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്ന് നല്ല ഫലം ഉണ്ടാക്കിയെന്നും കുട്ടികളില്‍ നല്ല മാറ്റം കാണുന്നു എന്നും പെട്ടന്ന് മരുന്ന് മാറിയാല്‍ അവര്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകുമോ എന്ന് ഭയക്കുന്നതായും അവര്‍ പറഞ്ഞു.

പുതിയ മരുന്നിന്റെ വിശ്വാസ്യത അവരെ ബോധ്യപ്പെടുത്താനും ക്ലിനിക്കല്‍ ട്രയലിനുള്ള സാമ്പിള്‍ വിതരണം ചെയ്യാന്‍ ഇടയായത് എന്തുകൊണ്ടെന്ന് വിശദീകരിക്കാനും സര്‍ക്കാരിനും ആരോഗ്യ മന്ത്രിക്കും ബാധ്യതയുണ്ട്. റോഷ് എന്ന വിദേശ കമ്പനിയേക്കാള്‍ കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള മരുന്ന് നാറ്റ്‌കോ എന്ന ഇന്ത്യന്‍ കമ്പനി നിര്‍മ്മിച്ച് നല്‍കിയാല്‍ അത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. 1970ലെ ഇന്ത്യന്‍ പാറ്റന്റ് നിയമം 2005 ല്‍ ഭേദഗതി ചെയ്ത് ഉല്പന്ന(Product) പാറ്റന്റടക്കം കുത്തക കമ്പനികള്‍ക്ക് നല്‍കിയത് അന്നത്തെ കേന്ദ്ര ഗവണ്മെണ്ടാണ്. അതുകൊണ്ടാണ് നാറ്റ് കൊയ്ക്ക് റോഷ്‌നെതിരെ കോടതിയെ സമീപിക്കേണ്ടി വന്നത്. കുത്തകകളുടെ പാറ്റന്റ് കാലാവധി നീട്ടിക്കൊടുത്തതും 2005ലെ നിയമത്തിന്റെ തരക്കേടായിരുന്നു.

ഇപ്പോള്‍ ആ കാലാവധി കഴിയുമ്പോഴാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് മരുന്നുല്പാദനത്തിന് അപേക്ഷിക്കാന്‍ കഴിയുന്നത്. ഒരേ രാസഘടകങ്ങളുള്ള മരുന്നിന് വിദേശ കമ്പനികള്‍ വന്‍തുക ഈടാക്കാന്‍ തയ്യാറായി നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഇക്കാലത്ത് പൂട്ടിപ്പോവുകയും ചെയ്തു. 2017 ല്‍' കേരളാ ജനറിക്' എന്ന സ്‌കീം കൊണ്ടുവന്ന് ജീവിത ശൈലി രോഗങ്ങള്‍ക്ക് കമ്പനികളില്‍ നിന്ന് ബ്രാന്റഡ് ജനറിക് മരുന്ന് ശേഖരിച്ച് വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് കേരളത്തില്‍ വലിയ ആശ്വാസമുണ്ടായതെന്ന് ഞാനോര്‍ക്കുന്നു. അതായത് ജനറിക് മരുന്നിന് ഞങ്ങള്‍ എതിരല്ല. എന്നാല്‍ പുതിയ മരുന്നിന്റെ ജൈവ തുല്യത ബോധ്യപ്പെടുത്താന്‍ കമ്പനിക്കും സര്‍ക്കാരിനും കഴിയണം. സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച് KMSCL മുഖേനയാണോ പുതിയ മരുന്ന് ലഭ്യമാക്കിയതെന്നും വ്യക്തത വരുത്തേണ്ടതുണ്ട്. അതാണ് സൂചിപ്പിച്ചത്.

Fake video circulated against KK Shailaja
ജനറിക് മരുന്നുകള്‍ക്ക് സിപിഎം എതിരല്ല; എസ്എംഎ മരുന്ന് വിഷയം വഴിതിരിച്ചുവിടാന്‍ നീക്കം; വിമര്‍ശിച്ചത് സര്‍ക്കാരിന്റെ വീഴ്ചകള്‍
Fake video circulated against KK Shailaja
'സുപ്രീം കോടതി നല്‍കാന്‍ പറഞ്ഞ മരുന്നില്‍ എന്തിനാണ് ആശങ്ക?; ഇന്ത്യന്‍ നിര്‍മിത എസ്എംഎ മരുന്ന് സുരക്ഷിതം; ഇനി വിദേശ മരുന്ന് നല്‍കില്ല'
Fake video circulated against KK Shailaja
'സുകൃതത്തിലെ മമ്മൂട്ടി കഥാപത്രം ഇന്നും പ്രസക്തം... മരുന്നിന് കൊള്ള വിലയെങ്കിൽ കേന്ദ്രത്തിന് ഇടപെടാം'
Summary

Govt Bound to Clear Concerns Over SMA Drug Change, Says KK Shailaja; Clarifies She Isn't Against Generics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com