'പരലോകവും പതിനായിരം വോട്ടും നഷ്ടപ്പെടും'; ഗുരുവായൂരപ്പനെ തൊഴുത മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയോട് സമസ്ത നേതാക്കള്‍

ഗുരുവായൂരപ്പന് കഴിവുണ്ടെന്ന് മുസ്ലിംകളും വിശ്വാസിച്ചാലേ മാനവികമാകൂ എന്ന് ഹൈന്ദവിശ്വാസികള്‍ പോലും പറയില്ല.
കെഎന്‍എ ഖാദര്‍ / ഫോട്ടോ ഫെയ്‌സ്ബുക്ക്‌
കെഎന്‍എ ഖാദര്‍ / ഫോട്ടോ ഫെയ്‌സ്ബുക്ക്‌
Updated on
2 min read

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കാണിക്കയിട്ട് തൊഴുത മുസ്ലീം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ സമസ്ത നേതാക്കാള്‍. ഗുരുവായൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിനെതിരെയാണ് സമസ്തയുടെ  യുവജനവിഭാഗം നേതാക്കള്‍ രംഗത്തെത്തിയത്. 

മതത്തില്‍ നിന്ന് പുറത്ത് പോകുന്ന അപരാധമാണ് കെഎന്‍എ ഖാദറിന്റേതെന്നാണ് നേതാക്കള്‍ പറയുന്നത്. ഏക ദൈവ വിശ്വാസി ശിര്‍ക്ക് ചെയ്ത് കൊണ്ട് 'മതേതരത്വം' പ്രകടിപ്പിക്കുന്നത് കപടതയാണ്‌. മതേതരത്വമെന്നാല്‍ എല്ലാ മതങ്ങളില്‍ നിന്നും അല്‍പാല്‍പം എടുക്കലല്ല. അതിന് പേര് അക്ബര്‍ ചക്രവര്‍ത്തിയുടെ 'ദീനെ ഇലാഹി' എന്നാണ്. 
ഇതര മതങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും ആവശ്യാനുസരണം സ്വീകരിക്കലാണ് മതേതരത്വമെങ്കില്‍ ആ മതേതരത്വം നമുക്ക് വേണ്ടെന്നും
ഫെയ്‌സ്ബുക്കിലൂടെയുള്ള വിമര്‍ശനത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

നാസര്‍ ഫൈസി കൂടത്തായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഏക ദൈവ വിശ്വാസി ശിര്‍ക്ക് ചെയ്ത് കൊണ്ട് 'മതേതരത്വം' പ്രകടിപ്പിക്കുന്നത് കപടതയാണ്.കേരള നിയമസഭയില്‍ വേദങ്ങളും ഉപനിഷത്തുകളും ഉദ്ധരിച്ച് ആര്‍ഷഭാരതീയതയുടെ മാനവികത സമര്‍ത്ഥിക്കുന്നതു കേട്ടപ്പോള്‍ വേദ പഠനത്തിലുള്ള ജ്ഞാനത്തില്‍ അഭിമാനിച്ചിരുന്നു.ഇസ്ലാമും ഹൈന്ദവതയും മാനവികമാണെന്ന് അറിയുകയും അറിയിക്കുകയും ചെയ്യുന്നത് മതേതരത്വന്റെ കാതലും കരുതലുമാണ്.

അത്രയുമാണ് ഹിന്ദു മുസ്ലിം വിശ്വാസികള്‍ പരസ്പരം ചേര്‍ന്നും ചേര്‍ത്തും നിര്‍ത്തുന്നുമുള്ളൂ. മതേതരത്വത്തിനും മാനവികതക്കും അതിലപ്പുറം ശിര്‍ക്കിനെ സ്വീകരിക്കണമെന്ന് ബഹുദൈവവിശ്വാസികള്‍ക്ക് പോലും ശാഠ്യമില്ല. ഗുരുവായൂരപ്പന് കഴിവുണ്ടെന്ന് മുസ്ലിംകളും വിശ്വാസിച്ചാലേ മാനവികമാകൂ എന്ന് ഹൈന്ദവിശ്വാസികള്‍ പോലും പറയില്ല.

പിന്നെ വണങ്ങി വഴങ്ങിയ ശേഷം'ഗുരുവായൂരപ്പന്‍ തന്നെ കാണുന്നുണ്ടെന്നും എല്ലാം അറിയുന്നുണ്ടെന്നും അനുഗ്രഹിക്കുമെന്നും ' പറയുന്നത് ആദര്‍ശത്തെ ബലികഴിച്ചു കൊണ്ട് തന്നെയാണ്. അറിവിന്റെ ആഴമുള്ളവരില്‍ നിന്ന് തന്നെ പ്രകടമാകുന്ന ഈ രാഷ്ട്രീയ കപടതയെ ബഹുദൈവവിശ്വാസികള്‍ പോലും പുഛത്തോടേ കാണൂ. തെരഞ്ഞെടുപ്പല്ല പരലോക മോക്ഷമാണ് വിശ്വാസിക്ക് പ്രധാനം.

അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ പടിവാതില്‍ കത്തിയപ്പോള്‍ പാഞ്ഞെത്തിയ വന്ദ്യരായ ശിഹാബ് തങ്ങള്‍ പിന്തുണ നല്‍കിയത്‌ േക്ഷത്രനടയിലെ ദൈവങ്ങളെ പ്രാര്‍ത്ഥിച്ചു കൊണ്ടല്ല. ഏറ്റവും നല്ല മതവാദിയും മതേതരവാദിയുമായിരുന്നു തങ്ങള്‍ എന്ന് നാമറിയുകയായിരുന്നു.

അബ്ദുള്‍ ഹമീദ് ഫൈസിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം


'തീര്‍ച്ചയായും ഭഗവാന്‍ ഗുരുവായൂരപ്പന്‍ എന്റെ മനസ്സു കാണും തീര്‍ച്ചയായും അദ്ദേഹം അനുഗ്രഹിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത് ഈ കുചേലന്റെ അവില്‍പ്പൊതി സ്വീകരിക്കാതിരിക്കില്ല എന്ന് എനിക്കുറപ്പുണ്ട്.'' ഒരു മുസ്ലിം ഇപ്രകാരം പറഞ്ഞാല്‍ തുടര്‍ന്ന് അദ്ദേഹത്തിന് മതത്തിലുള്ള സ്ഥാനം എന്തായിരിക്കും ?
''ഭഗവാന്‍ ഗുരുവായൂരപ്പന്റെ മുമ്പില്‍ ചെറിയ അവില്‍ പൊതിയുമായി വരുന്ന  രാഷ്ട്രീയ കുചേലനാണ് ഞാന്‍. എന്റെ  ഇനീഷ്യല്‍ കണ്ണനാവില്‍ എന്നാണ്.
ഇവിടെ വലിയ മാറ്റം വരും അത് കണ്ണനാല്‍ ഉണ്ടാകുന്ന മാറ്റമാണ്.''
ഇങ്ങനെ ഒരു മുസ്ലിം പ്രസംഗിച്ചാലോ?
''ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലെത്തി ചെരുപ്പ് അഴിച്ചുവച്ച് കാണിക്ക അര്‍പ്പിച്ചു'' ഒരു മുസ്ലിം ഇപ്രകാരം ചെയ്താല്‍ മതത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം എന്തായിരിക്കും?
''ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കൈകൂപ്പി തൊഴുതു''
ഇങ്ങനെ ഒരു മുസ്ലിം ചെയ്താലോ.?
ഇസ്ലാമിക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഒരു അധ്യായമുണ്ട്  'കിതാബുരിദ്ധത്ത്'
എന്നാണ് അതിന്റെ തലവാചകം. മതത്തില്‍ നിന്ന് പുറത്തു പോകാന്‍ ഇടയാക്കുന്ന കാര്യങ്ങളാണ് അതില്‍ ചര്‍ച്ച ചെയ്യുന്നത്. ആ അധ്യായം മാത്രം ഒന്ന് വായിച്ചാല്‍ ഉദ്ധൃത വിഷയങ്ങളുടെ  ഗൗരവം ബോധ്യപ്പെടും.
മുസ്ലിം സംഘടനകളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ ഇപ്രകാരം ചെയ്താല്‍ അത് അവരെ മാത്രമല്ല ബാധിക്കുക പാവപ്പെട്ട അനുയായികള്‍ക്ക് ഇങ്ങനെയൊക്കെ ആകാം  എന്ന അതീവ ഗുരുതരമായ തെറ്റായ സന്ദേശം നല്‍കുക കൂടി ചെയ്യും.
മതേതരത്വമെന്നാല്‍ എല്ലാ മതങ്ങളില്‍ നിന്നും അല്‍പാല്‍പം എടുക്കലല്ല. അതിന് പേര് അക്ബര്‍ ചക്രവര്‍ത്തിയുടെ 'ദീനെ ഇലാഹി' എന്നാണ്. 
ഇതര മതങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും ആവശ്യാനുസരണം സ്വീകരിക്കലാണ് മതേതരത്വമെങ്കില്‍ ആ മതേതരത്വം നമുക്ക് വേണ്ട.
നിലവിളക്ക് കൊളുത്തല്‍ എന്റെ മത വിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞ് വിട്ടുനിന്ന മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു.
നെറ്റിയില്‍ പൊട്ടു തൊട്ട് ഇതര മതാചാരങ്ങള്‍ സ്വീകരിച്ച ഒരു മുസ്ലിം മന്ത്രിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ആദര്‍ശ നായകന്‍ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളെ ആദരപൂര്‍വം അനുസ്മരിക്കുകയും ചെയ്യുന്നു.
1000 വോട്ടിനു വേണ്ടി  തെറ്റ് ചെയ്യുന്നവര്‍ 10,000 വോട്ടും പരലോകവും  നഷ്ടപ്പെട്ടു പോകുന്നത് ശ്രദ്ധിക്കുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com