

തിരുവനന്തപുരം: കൊച്ചിയിലെ ഫുഡ് ഡെലിവറി രംഗത്ത് പണിയെടുക്കുന്നവരില് ഭൂരിഭാഗവും ബിരുദധാരികളാണെന്ന് റിപ്പോര്ട്ട്. ഇതില് 39 ശതമാനത്തോളം പേരും 25 വയസ്സിന് താഴെയുള്ള യുവജനങ്ങളാണ്. കൂടാതെ, സര്വേയില് പങ്കെടുത്ത ജീവനക്കാരില് 47.6 ശതമാനത്തോളം പേരും തങ്ങളുടെ കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സോ കുടുംബം പുലര്ത്തുന്നവരോ ആണെന്ന് പുതിയ കണക്കുകള് വ്യക്തമാക്കുന്നു. തൊഴിലില്ലായ്മയും സ്ഥിരവരുമാനമുള്ള ജോലികളുടെ കുറവും കാരണം ഉന്നത വിദ്യാഭ്യാസം നേടിയ നിരവധി യുവജനങ്ങളാണ് ജീവനക്കാരായി ഈ മേഖലയിലേക്ക് കടന്നുവരുന്നതെന്ന് ഗവേഷക വിദ്യാർഥിനിയുടെ പഠന റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.
ശരാശരി 20,000 രൂപയാണ് ഗിഗ് തൊഴിലാളികള്ക്ക് ലഭിക്കുന്ന മാസ വരുമാനം. സര്വേയില് പങ്കെടുത്തരവരില് 61 ശതമാനം പേരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് കൊച്ചിയിലെത്തിയവരാണ്. പുതിയ ജോലി തേടിയെത്തുവര്ക്ക് ഏറ്റവും എളുപ്പത്തില് ലഭിക്കുന്ന തൊഴിലുകളില് ഒന്നാണിത്. മികച്ച വരുമാനമോ തൊഴില് സുരക്ഷയോ ഇല്ലാതെ അടിയന്തര സാഹചര്യങ്ങളെ നേരിടേണ്ടി വരുന്ന ഡെലിവറി ജീവനക്കാരുടെ ആശങ്കകളും പ്രതിസന്ധികളും റിപ്പോര്ട്ട് ചര്ച്ച ചെയ്യുന്നുണ്ട്.
ആപ്പ് അധിഷ്ഠിത കമ്പനികള് ജീവനക്കാരെ 'പങ്കാളികള്' (Partners) ആയി മാത്രമാണ് കണക്കാക്കുന്നത്. അതിനാല് ജീവനക്കാര്ക്ക് ലഭിക്കേണ്ട ഔദ്യോഗിക തൊഴില് ആനുകൂല്യങ്ങളോ സ്ഥിരതയോ ലഭിക്കുന്നില്ല. സര്ക്കാരിന്റെ മിനിമം വേതന വ്യവസ്ഥകള് പലപ്പോഴും ഇവിടെ പാലിക്കപ്പെടുന്നില്ല. ഡൈനാമിക് പ്രൈസിങ് കാരണം വരുമാനത്തില് വലിയ തോതില് ഏറ്റക്കുറച്ചിലുകള് ഉണ്ടാകുന്നു. ഇപിഎഫ്, ഇഎസ്ഐ, ഗ്രാറ്റുവിറ്റി, പെന്ഷന് തുടങ്ങിയ യാതൊരുവിധ സാമൂഹിക സുരക്ഷാ ഉറപ്പുകളും ഈ തൊഴിലാളികള്ക്കില്ല.
യാത്രകള് അനുവദിക്കുന്നതും കൂലി നിശ്ചയിക്കുന്നതും ആപ്പുകളാണ്. സമയപരിധിക്കുള്ളില് എത്തിച്ചില്ലെങ്കിലോ, ഉപഭോക്താക്കളുടെ പരാതികള് ഉണ്ടായാലോ യാതൊരു മുന്റിയിപ്പുമില്ലാതെ അക്കൗണ്ടുകള് മരവിപ്പിക്കപ്പെടുകയോ പിഴ ഈടാക്കുകയോ ചെയ്യുന്നു. ഇന്ധനവില, വാഹന പരിപാലനം, മൊബൈല് ഡേറ്റ ചെലവുകള് എന്നിവയെല്ലാം തൊഴിലാളികള് തന്നെ വഹിക്കേണ്ടി വരുന്നു. ഉന്നത ബിരുദം നേടിയിട്ടും മികച്ച തൊഴിലവസരം ലഭിക്കാതെ ഡെലിവറി രംഗത്തേക്ക് തിരിയേണ്ടി വരുന്ന യുവജനങ്ങളുടെ ജീവിത യാഥാര്ഥ്യത്തിലേക്കാണ് റിപ്പോര്ട്ട് വിരല് ചൂണ്ടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates