

കൊച്ചി: ആലുവയില്‍നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്കുള്ള കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന്റെ വിശദമായ പദ്ധതി രൂപരേഖ (ഡിപിആര്‍) തയ്യാറാക്കാന്‍ പഠനം തുടങ്ങി.ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കൊച്ചി മെട്രോയ്ക്കുവേണ്ടി ഡിപിആര്‍ തയ്യാറാക്കുന്നത്. 1.03 കോടി രൂപ ചെലവഴിച്ചുള്ള ഡിപിആര്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.
നിലവിലെ മെട്രോ ഘടനയില്‍ നിന്ന് വിഭിന്നമായി ഭൂഗര്‍ഭ പാത ഉള്‍പ്പെടെയാകും മൂന്നാംഘട്ട മെട്രോ തയ്യാറാവുക. 17.5 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ പാത ആസൂത്രണം ചെയ്യുന്നത്. ഡിപിആറിന്റെ ഭാഗമായി വിപുലമായ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, സര്‍വേകള്‍, എന്‍ജിനിയറിങ് പഠനം തുടങ്ങിയവ നടത്തും. ഡിപിആര്‍ പഠനത്തിനുള്ള ചെലവ് കേന്ദ്ര ഭവന നഗര വികസന മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് സ്‌കീമില്‍ നിന്നാണ്.
മെട്രോ മൂന്നാംഘട്ട വികസനത്തിന്റെ ഡിപിആര്‍ പഠനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചതായി കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ചൂണ്ടിക്കാട്ടി. ഈ വികസനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആശയങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു. contact@kmrl.co.in എന്ന ഇ മെയിലില്‍ ഇവ അറിയിക്കാം.
നെടുമ്പാശേരിയിലേക്ക് മെട്രോ എത്തുന്നതോടെ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് യാത്രാ സമയത്തില്‍ വലിയ ലാഭമുണ്ടാകും. നെടുമ്പാശേരിയില്‍ പുതിയ റെയില്‍വേ സ്റ്റേഷനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കവെയാണ് മെട്രോ ഡിപിആറും തയ്യാറാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
