

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ പുതിയ രണ്ട് ബാറുകൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിൽ പുതിയ വിവാദം. സർക്കാരിൽ നിന്നും വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും വിവരങ്ങൾ മറച്ചുവെച്ച് എക്സൈസ് കമ്മീഷണർ സാംബശിവ റാവു നേരിട്ട് ലൈസൻസ് അനുവദിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഓരോ മിനിറ്റിന്റെ ഇടവേളയിലാണ് രണ്ട് ബാറുകൾക്കും ലൈസൻസുകൾ നൽകിയിരിക്കുന്നത്. 2026 ജൂൺ 22നാണ് ഈ ലൈസൻസുകൾ അനുവദിച്ചത്.
സസ്പെൻഷനിലായ കോട്ടയം, എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നൽകിയ ഹർജിയിലാണ് ലൈസൻസ് സംബന്ധിച്ച രേഖകൾ പുറത്തുവന്നത്. ബാർ ലൈസൻസ് അനുവദിക്കുന്നതിനുള്ള അപേക്ഷ ലഭിച്ച വിവരോ നടപടിക്രമങ്ങളോ സർക്കാരിനെയോ എക്സൈസ് മന്ത്രിയെയോ അറിയിച്ചിരുന്നില്ലെന്നതാണ് പ്രധാന ആരോപണം.
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ തിരക്കിട്ട് ബാർ ലൈസൻസുകൾ അനുവദിച്ചതിൽ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന് കടുത്ത അതൃപ്തിയാണുള്ളത്. കമ്മീഷണറുടെ ഭാഗത്തുനിന്ന് ഇത്തരം നടപടികൾ ആവർത്തിക്കപ്പെടുന്നത് സർക്കാരിന് രാഷ്ട്രീയമായി വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. മന്ത്രിയുടെ ഓഫീസ് അറിയാതെ സുപ്രധാനമായ നയപരമായ തീരുമാനങ്ങൾ ഉദ്യോഗസ്ഥതലത്തിൽ മാത്രം കൈക്കൊള്ളുന്നതിലും മന്ത്രി അസ്വസ്ഥനാണെന്നാണ് സൂചന
മന്ത്രിയുടെ അറിവില്ലാതെ സമാനമായ രീതിയിൽ നേരത്തെയും പലയിടത്തും ബാറുകൾക്ക് അനുമതി നൽകിയിരുന്നു. ജൂൺ 23-ന് മൂവാറ്റുപുഴയിൽ ബാർ ലൈസൻസിന് അപേക്ഷിച്ച് പിറ്റേ ദിവസവും, എറണാകുളത്ത് ജൂൺ 25-ന് നൽകിയ അപേക്ഷയിൽ ജൂൺ 29-നും ലൈസൻസ് നൽകിയിരുന്നു. കൂടാതെ സെപ്റ്റംബർ 29-ന് അപേക്ഷ നൽകിയ കോട്ടയത്തെ ബാറിന് ഒക്ടോബർ 3-നും അതിവേഗം അനുമതി നൽകിയിരുന്നു. ഈ നീക്കങ്ങൾക്ക് പിന്നിൽ വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ സ്വാധീനമുണ്ടോയെന്ന കാര്യവും വകുപ്പ് പരിശോധിച്ചു വരികയാണ്. തുടർച്ചയായി ഉണ്ടാകുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കമ്മീഷണറെ മാറ്റുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങിയേക്കുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates