തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് കൊച്ചിയിലെ ഇ ഡി കോടതിയിലേയ്ക്ക് മാറ്റാന്‍ നീക്കം. കൊടകര കുഴല്‍പ്പണക്കേസിന്റെ ട്രയല്‍ കോടതി മാറ്റാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയില്‍ അപേക്ഷനല്‍കി. കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് എറണാകുളത്തെ ഇഡിയുടെ കോടതിയിലേക്ക് മാറ്റാനാണ് ഇഡിയുടെ ശ്രമം. വിഷയത്തില്‍ ഇ ഡി കേസിനൊപ്പം നിലവില്‍ ഇരിങ്ങാലക്കുട കോടതി പരിഗണിക്കുന്ന കേസ് കൂടി പരിഗണിക്കാം എന്നതാണ് ഇഡി ഉന്നയിക്കുന്ന ആവശ്യം.
എന്നാല്‍, ഇഡി നീക്കത്തില്‍ സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചു. കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍മാത്രമാണ് ഇഡിക്ക് അധികാരം. മോഷണക്കേസ് അന്വേഷിക്കേണ്ടത് പൊലീസാണെന്ന് സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍ കോടതിയില്‍ നിലപാട് അറിയിച്ചു.
ബിജെപിയെ വെട്ടിലാക്കിയ കൊടകര കുഴല്‍പ്പണ കവര്‍ച്ച നടന്ന് നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഇഡി ഇത്തരം ഒരു നീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി ബിജെപി കേരളത്തിലെത്തിച്ച മൂന്നരക്കോടി രൂപ കൊടകരയില്‍ വച്ച് കവര്‍ന്നു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുതള്‍. 2021 ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെ 4.40-നാണ് പണമടങ്ങുന്ന വാഹനം കൊടകരയില്‍ തട്ടിപ്പുസംഘം കവര്‍ന്നത്. അന്വേഷണം നടത്തിയ കേരള പോലീസ്, ഇത് കുഴല്‍പ്പണമാണെന്നും ഇതില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ആരോപിച്ചെങ്കിലും പിന്നീട് നിലപാട് മാറി.
കേസന്വേഷണത്തിന്റെ ആരംഭഘട്ടത്തില്‍ അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനെവരെ തൃശ്ശൂരില്‍ വിളിച്ചുവരുത്തി തെളിവെടുത്തു. കൊടകരയില്‍ പണം കവര്‍ന്നതിന് നേരിട്ടും പരോക്ഷമായും പങ്കാളികളായ 22 പേരെയാണ് പോലീസ് പ്രതിചേര്‍ത്തത്. മാസങ്ങളോളം അന്വേഷണം നടത്തിയ പോലീസിന് കവര്‍ന്ന മൂന്നരക്കോടിയില്‍ 1.4 കോടി കണ്ടെത്താനായില്ല. കൊടകരയിലൂടെ കണക്കില്‍ കാണിക്കാതെ കൊണ്ടുപോയ പണം തന്റേതാണെന്ന് അവകാശപ്പെട്ടെത്തിയ ബിജെപി അനുഭാവി ധര്‍മരാജനെപ്പോലും കേരള പോലീസ് രണ്ടാംസാക്ഷിയാക്കുകയായിരുന്നു.
കേരള പോലീസ് സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തിലും ബിജെപിയുടെ പങ്കാളിത്തത്തെപ്പറ്റി പരാമര്‍ശമില്ല. കൊടകരയിലേതു കുഴല്‍പ്പണമാണെന്നും ഉറവിടവും ഇടപാടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള പോലീസ് തിരഞ്ഞെടുപ്പ് കമ്മിഷനും ആഭ്യന്തരമന്ത്രാലയത്തിനും ഇഡിക്കും കത്തയച്ചിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ ഇഡി, കേരള പോലീസ് നടത്തിയ അതേരീതിയില്‍ വഴിയോരക്കവര്‍ച്ച അന്വേഷിക്കുകയും കവര്‍ച്ചയിലെ പ്രതികളെമാത്രം കേസില്‍ ഉള്‍പ്പെടുത്തുകയുമാണുണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates