

തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത (Kooriyad National Highway) തകർന്ന ഭാഗത്ത് തൂണുകളിൽ ഉയർത്തി (വയഡക്ട്) പുതിയ പാത നിർമിക്കും. ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവിനോട് കരാർ കമ്പനിയായ കെഎൻആർസിഎൽ എംഡി നരസിംഹ റെഡ്ഡി നേരിട്ടെത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് മാസത്തിനുള്ളിൽ പാലം പൂർത്തിയാക്കാൻ ചെയർമാൻ നിർദ്ദേശിച്ചു.
നിലവിൽ തകർന്നരിക്കുന്നത് പൊളിച്ചു മാറ്റിയ ശേഷമേ പുതിയ പാലമടക്കമുള്ളവയുടെ നിർമാണം ആരംഭിക്കാൻ സാധിക്കു. ഇതിനു കമ്പനി സാവകാശം തേടിയിട്ടുണ്ട്.
മണ്ണ് പരിശോധനാ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് മണ്ണിട്ടുയർത്തി പാത നിർമിക്കാൻ കൺസൾട്ടന്റും കരാർ കമ്പനിയും തീരുമാനിച്ചതെന്നു എംഡി വിശദീകരിച്ചു. ഈ ശുപാർശ ദേശീയപാതാ വിഭാഗവും അംഗീകരിച്ചിരുന്നു. പദ്ധതി വേഗത്തിലാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാൽ മണ്ണിന്റെ ബലക്കുറവും ശക്തമായ നീരൊഴുക്കും കണക്കുകൂട്ടൽ തെറ്റിച്ചു എന്നാണ് കമ്പനി വിലയിരുത്തൽ. അപ്രോച്ച് റോഡിന്റെ വീതി കുറയുമെന്നതിനാൽ മണ്ണിട്ടുയർത്തിയുള്ള അടിത്തറയ്ക്കു വീതി കൂട്ടുന്നതിനും പരിമിതിയുണ്ടായിരുന്നു. ഇതും അപകടത്തിനു ഇടയാക്കിയെന്നാണ് വിലയിരുത്തൽ.
കൺസൾട്ടൻസി പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു. കെഎൻആർസിഎല്ലിനു പുറമേ മറ്റു ഭാഗങ്ങളിൽ കരാറെടുത്തിട്ടുള്ള കമ്പനികളുടെ പ്രതിനിധികളും തിരുവനന്തപുരത്തെത്തിയ ചെയർമാനെ കണ്ടു. വിവിധ പദ്ധതികളുടെ പ്രൊജക്ട് ഡയറക്ടർമാരും യോഗത്തിൽ പങ്കെടുത്തു. 20 പദ്ധതികളാണ് ആവലോകനം ചെയ്തത്.
പറവൂർ- കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര- കൊല്ലം, കൊല്ലം- കടമ്പാട്ടുകോണം, കടമ്പാട്ടുകോണം- കൊല്ലം, തുറവൂർ- പറവൂർ റീച്ചുകളിൽ നിർമാണം വൈകുന്നത് യോഗത്തിൽ ചർച്ചയായി. ജങ്ഷനുകളിലെ ഡിസൈനുകളിൽ പൊതുജനങ്ങളുടെ എതിർപ്പുകാരണം മാറ്റം വരുത്തിയതും മണൽക്ഷാമവും പദ്ധതി വൈകിപ്പിച്ചെന്ന മറുപടിയാണ് കരാറുകാർ നൽകിയത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള മേഖലകളിലെ നിർമാണ പുരോഗതി ദേശീയപാതാ വിഭാഗത്തിൽ സംസ്ഥാന ചുമതലയുള്ള ബോർഡ് അംഗം വെങ്കിട്ടരമണ ഇന്ന് പരിശോധിക്കും.
ചീഫ് സെക്രട്ടറി ഡോ. എ ജയതിലകുമായും സന്തോഷ് കുമാർ യാദവ് കൂടിക്കാഴ്ച നടത്തി. വീഴ്ചകളും നിർണ പുരോഗതിയും അദ്ദേഹം വിശദീകരിച്ചു. അപാകങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. മഴി മാറിയാൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും ചെയർമാൻ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
