

കൊച്ചി: കേരളത്തിന്റെ മതസൗഹാർദം ഹനിക്കാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടിലും വികാരി ജനറല്‍ മോണ്‍. റവ. റോക്കി റോബി കളത്തിലും. ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
സമരപ്പന്തലിൽ ബിജെപി, എൽഡിഎഫ്, മുസ്ലീം സഹോദരങ്ങൾ, യുഡിഎഫ് തുടങ്ങി എല്ലാവരും വരുന്നുണ്ട്. എല്ലാവർക്കും ഇടം അവിടെ കൊടുക്കുന്നുണ്ട്. അത് വേറെയൊരു സ്ഥലമായിരുന്നെങ്കിൽ എല്ലാം ബുദ്ധിമുട്ടിലാകുമായിരുന്നില്ലേ. നമ്മൾ മുസ്ലീം സഹോദരങ്ങൾക്ക് എതിരല്ല. നീതിയുടെ പക്ഷം നമ്മുക്ക് കിട്ടണം എന്ന് മാത്രമാണ് പറയുന്നത്.
കേരളം രാഷ്ട്രീയപരമായി സെൻസിറ്റീവായ സംസ്ഥാനമാണെന്ന് അറിയാം. ഈ വിഷയത്തിൽ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരുണ്ടാകാം. ഞങ്ങൾ എല്ലാ ദിവസവും സമര സ്ഥലത്ത് പോകുന്നവരാണ്. എവിടെ നിന്നാണ് ഇതിന് ഒരു പരിഹാരം കിട്ടുന്നതെന്ന് ഞങ്ങൾക്കറിയില്ല. നമ്മളിപ്പോൾ എല്ലാം സന്തുലിതമായി കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിലിന് (കെആർഎൽസിസി) ഒരു രാഷ്ട്രീയ നയരേഖ തന്നെയുണ്ട്. പ്രശ്നാധിഷ്ഠിത സമദൂര സിദ്ധാന്തം, ഇങ്ങനെയൊരു സമദൂര സിദ്ധാന്തമാണ് നമ്മുക്കുള്ളത്. ആ രീതിയിൽ തന്നെ പോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
നീതിയ്ക്ക് വേണ്ടി ആരുടെ പിന്തുണ കിട്ടിയാലും നമ്മളത് സ്വീകരിക്കും. ബിജെപി ഇതിൽ ആദ്യം മുതൽ ഇടപെട്ടു എന്ന് പറയാനാകില്ല. കാരണം പ്രദേശവാസികൾ, സിപിഎം എംഎൽഎ ഉണ്ണികൃഷ്ണൻ ഇവരൊക്കെ ഇതിൽ ഇടപെട്ടു കൊണ്ടിരിക്കുന്നവരാണ്. വഖഫ് നടത്തുക എന്നത് ബിജെപിയുടെ ഒരു നയമാണ്. അതിനാലാണ് ബിജെപി നേതാക്കളും അനുഭാവികളും ഈ വിഷയത്തിൽ നിലപാട് സ്വീകരിച്ചത്. നമ്മുക്കാവശ്യം പാർട്ടിയുടെ കൂടെയോ പ്രസ്ഥാനത്തിന്റെ കൂടെയോ നിൽക്കുക എന്നുള്ളതല്ല, ഇവിടെയുള്ള ആളുകൾക്കുള്ള അവരുടെ അവകാശം സാധിച്ചു കൊടുക്കുക എന്നുള്ളതാണ്.
വഖഫിന്റെ കാര്യം തീരുമാനിക്കേണ്ടത് സഭയല്ല. അത് ഗവൺമെന്റ് ശരിയായ രീതിയിൽ ഓരോ പൗരനും അവരുടേതായ രീതിൽ അവർ ആലോചിച്ചു ചെയ്യേണ്ട കാര്യങ്ങളാണ്. അതിനകത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ച് പറഞ്ഞു കൊടുക്കാൻ പറ്റും. അല്ലാതെ വഖഫുമായി ബന്ധപ്പെട്ട് ഇതാണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് പറയാൻ പറ്റത്തില്ല.
ഇവിടുത്തെയാളുകൾക്ക് നീതി കിട്ടുന്നതുവരെ കൂടെയുണ്ടാകും. വഖഫ് ഭേദഗതി ബില്ല് കൊണ്ടുവന്നിരിക്കുന്നത് ബിജെപിയാണ്. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയല്ല, ഇന്ത്യയൊട്ടാകെ. കേരളത്തിലെ ബിജെപിയുടെ സ്റ്റൈൽ ആയിരിക്കില്ല, നോർത്തിന്ത്യയിലെ ബിജെപിയുടെ സ്റ്റൈൽ. അതൊക്കെ മനസിലാക്കാൻ കേരളത്തിലെ രാഷ്ട്രീയപ്രബുദ്ധതയുള്ള ജനങ്ങൾക്ക് സാധിക്കും.- അംബ്രോസ് പുത്തന്‍ വീട്ടിലും റോക്കി റോബി കളത്തിലും പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates