Ragging|സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി

പ്രതികളുടെ പ്രായവും മുന്‍പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം.
KOTTAYAM NURSING COLLEGE RAGGING Court grants bail to accused
റാഗിങ് കേസിലെ പ്രതികള്‍ഫയൽ
Updated on
1 min read

കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ് കേസ് പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനവദിച്ചത്. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി.രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ വീട്ടില്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ സി.റിജില്‍ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി.വിവേക് (21) എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുന്‍പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം.

50 ദിവസത്തിലേറെയായി ജയിലില്‍ കിടക്കുന്ന വിദ്യാര്‍ഥികളുടെ പ്രായമടക്കം പരിഗണിച്ച് ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞ നവംബര്‍ 4 മുതലായിരുന്നു കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ 6 ജൂനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂര റാഗിങ്ങിനു ഇരയായത്. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യപിക്കാന്‍ പണം നല്‍കാത്തവരെ റാഗ് ചെയ്യുകയായിരുന്നു.

ഫ്രെബ്രുവരി 11 നാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ ഭാരത നിയമ സംഹിതയിലെ 118ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് പൊലീസ് കേസ് എടുത്തത്.

കേസില്‍ ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കോളജിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച സംഭവിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. റാഗിങ്ങുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പല്‍ , ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com