കോട്ടയം: സിനിമ- സീരിയല്‍ താരം കോട്ടയം പ്രദീപ് (61) അന്തരിച്ചു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ്. ഇന്നു പുലര്‍ച്ചെ മൂന്നോടെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിക്കുകയായിരുന്നു.
എല്‍ഐസി ജീവനക്കാരനായ പ്രദീപ്, ഐ വി ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് സിനിമയിലെത്തുന്നത്. രണ്ടു പതിറ്റാണ്ടായി ചലച്ചിത്രമേഖലയില്‍ സജീവമായിരുന്ന കോട്ടയം പ്രദീപ് എഴുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്.
മലയാളം, തമിഴ് സിനിമകളില്‍ നിരവധി കോമഡി റോളുകള്‍ ചെയ്തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 2010ല്‍ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോന്‍ ചിത്രം 'വിണ്ണൈ താണ്ടി വരുവായ'യിലെ തൃഷയുടെ അമ്മാവന്‍ ആയി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായി.
വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍മറയത്തിലെ പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷം പ്രീതി പിടിച്ചുപറ്റി. പിന്നീട് അച്ഛനും അമ്മാവനും ചേട്ടനും കടക്കാരനും അയല്‍ക്കാരനുമായി പ്രദീപ് സിനിമയില്‍ സജീവമായി. ആമേന്‍, ഒരു വടക്കന്‍ സെല്‍ഫി, സെവന്‍ത്‌ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികള്‍, ജമ്‌നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രേക്ഷകരെ ചിരിപ്പിച്ചു. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. 2020ല്‍ പുറത്തിറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates