കോഴിക്കോട് നിപ സ്ഥിരീകരിച്ചു; മരിച്ച രണ്ടുപേര്‍ക്ക് രോഗമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

വിദഗ്ധ കേന്ദ്രസംഘം കേരളത്തിലെത്തുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
2 min read

ന്യൂഡല്‍ഹി: കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ കേന്ദ്രസംഘം കേരളത്തിലെത്തുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.

'ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കണം'

കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ വ്യക്തമാക്കി.
75 ബെഡുകളുള്ള ഐസലേഷൻ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേകമായും ഐസലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഐസിയു, വെൻറിലേറ്റർ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

നിപ വ്യാപന നിരീക്ഷണത്തിന് പതിനാറ് അംഗ ടീമുകള്‍ രൂപികരിവീണാ ജോര്‍ജ് പറഞ്ഞു. സാംപിള്‍ ശേഖരണം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ തുടങ്ങിയ ജോലികള്‍ക്കായാണിതെന്നും മന്ത്രി പറഞ്ഞു. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിക്കുമെന്നും ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സജ്ജമാക്കുമെന്നും ഉന്നതതലയോഗത്തിന് ശേഷം ആരോഗ്യമന്ത്രി കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു 

ഇന്ന് വൈകീട്ട് വരുന്ന പരിശോധനാഫലം നെഗറ്റീവ് ആകട്ടെ എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ആരോഗ്യവകുപ്പ് ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യാവുന്ന എല്ലാ മുന്നൊരുക്കങ്ങളും ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഒട്ടും സമയനഷ്ടം ഇല്ലാതിരിക്കാനാണ് ഇപ്പോഴത്തെ മുന്‍കരുതലുകള്‍. രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ 2018ല്‍ തയ്യാറാക്കിയതും 2021ല്‍ പുതുക്കിയതുമായ ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആശുപത്രി സന്ദര്‍ശനം ആവശ്യമെങ്കില്‍ മാത്രമേ നടത്താവൂ. രോഗികളെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിപ സംബന്ധിച്ച്് ഫെയ്ക് ന്യൂസ് പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. 

90വീടുകളില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. പനി ബാധിച്ച് മരിച്ചവരുമായി പ്രൈമറി കോണ്‍ടാക്ടുള്ള 75 പേരെ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. പനി ബാധിച്ച് ആദ്യം മരിച്ചയാള്‍ ഒരു സ്വകാര്യ ക്ലിനിക്കില്‍ പോയി അതിനുശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലും പോയിരുന്നു. ഏതാണ്ട് സമാനമായ രീതിയിലാണ് രണ്ടാമത്തെ പേഷ്യന്റെ കാര്യത്തിലും സംഭവിച്ചത്. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ ഐസോലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. ചികിത്സ ആവശ്യമുള്ളവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കുക ലക്ഷ്യമിട്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ കുറ്റ്യാടിയില്‍ പ്രാദേശിക യോഗം ചേരും. ഫലം പോസിറ്റിവായാല്‍ കൃത്യമായ പ്രോട്ടോകോള്‍ നിലവില്‍ വരും.പോസിറ്റിവാണെങ്കില്‍ അതിന്റെ പ്രോട്ടോകോള്‍ അനുസരിച്ചാവും സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയെന്നും മന്ത്രി പറഞ്ഞു.

നിപ ബാധ സംശയിക്കുന്ന രണ്ടുപേരുടെ സ്രവ പരിശോധനാ ഫലം ചൊവ്വാഴ്ച വൈകിട്ട്  ലഭിക്കുമെന്നും  മന്ത്രി പറഞ്ഞു.  രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലിരിക്കെ മരിച്ചവരുടെ സ്രവങ്ങളാണ് പുണെയിലെ വൈറോളജി ലാബിലക്ക് പരിശോധനക്ക് അയച്ചത്. നിപ സംശയിക്കുന്ന സാഹചര്യത്തിലുള്ള അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജാഗ്രതാനിര്‍ദേശങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കമുണ്ടായവരുടേയും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടേയും പട്ടികയാണ് തയ്യാറാക്കിയത്. അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരേയും നിരീക്ഷണത്തിലാക്കും.

തിങ്കളാഴ്ച മരണമടഞ്ഞ 49 വയസുള്ളയാളുടെ മൃതദേഹം മുന്‍കരുതലുകളോടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. സ്രവ പരിശോധനാഫലം വന്നശേഷമേ ഈ മൃതദേഹം സംസ്‌കരിക്കൂവെന്നും കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് സജ്ജമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിപ സ്ഥിരീകരിക്കപ്പെട്ടാല്‍ വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടെ ഇവിടേക്ക് നിയോഗിക്കും.

ആദ്യം മരണമടഞ്ഞയാളും തിങ്കഴാഴ്ച മരിച്ചയാളും തമ്മില്‍ ആശുപത്രിയില്‍ ഒരു മണിക്കൂറിലേറെ സമ്പര്‍ക്കമുള്ളതായി മനസ്സിലാക്കുന്നു. നിപയാണെന്ന് സംശയിക്കാനുള്ള പ്രധാന സാഹചര്യം ഇതാണ്. ലിവര്‍ സിറോസിസ് മൂലമാണ് ഒന്നാമത്തെ മരണം എന്നാണ് കരുതിയിരുന്നത്. പിന്നീട് ഇയാളുടെ ഒമ്പതുവയസുള്ള മകനും സഹോദരനും പത്തുമാസം മാത്രമുള്ള കുഞ്ഞിനും ഉള്‍പ്പെടെ നിപാ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് ആരോഗ്യവകുപ്പ് മുന്‍കരുതല്‍ സ്വകീരിക്കാന്‍ തുടങ്ങിയത്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിനിടെയാണ് തിങ്കളാഴ്ച വൈകിട്ടോടെ രണ്ടാമത്തെ മരണമുണ്ടായത്. -മന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com