

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്നു വീണ്ടും മത്സരിക്കുമെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മത്സരിക്കാനാണ് തന്നോട് പാർട്ടിയും ജനങ്ങളും പറയുന്നത്. മത്സരിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. ഇത് നാലാം തവണയാണ് സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടാനിറങ്ങുന്നത്.
മത്സരിക്കാനിറങ്ങുമ്പോൾ കെപിസിസി അധ്യക്ഷൻ എന്ന നിലയ്ക്കുള്ള ചുമതലയ്ക്കു ഒരു പ്രശ്നവുമുണ്ടാകില്ല. താത്കാലിക ചുമതല മറ്റൊരാൾക്കു നൽകും. പാർലമെന്റ് ഇലക്ഷനിൽ കെപിസിസി അധ്യക്ഷനായിരിക്കെ കെ സുധാകരൻ മത്സരിച്ചില്ലേ. 2011ൽ കെപിസിസി ആധ്യക്ഷനായിരിക്കെ രമേശ് ചെന്നിത്തല മത്സരിച്ചില്ലേ. അദ്ദേഹം ചാർജ് കൈമാറുക പോലും ചെയ്തിരുന്നില്ല. സണ്ണി ജോസഫ് പറയുന്നു.
ഈ മാസം 13നു സ്ക്രീനിങ് കമ്മിറ്റി ചേരും. അതിനു ശേഷമായിരിക്കും സ്ഥാർഥി ചർച്ചകൾ ആരംഭിക്കുക. നൂറിലേറെ സീറ്റുകളിൽ യുഡിഎഫ് വിജയിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എൽഡിഎഫിലാണ് അനൈക്യമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സമാധാനപരമായ സമര മാർഗങ്ങളാണ് തങ്ങൾ സ്വീകരിക്കുന്നത്. ജനങ്ങൾ അതിനെ സ്വാഗതം ചെയ്യുന്നു, ഇഷ്ടപ്പെടുന്നു. 14 ജില്ലകളിലും എംപിമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കായിരിക്കും തെരഞ്ഞെടുപ്പ് ചുമതല. കണ്ണൂരിൽ കെ സുധാകരനും കാസർക്കോട് രാജ്മോഹൻ ഉണ്ണിത്താനും തിരുവനന്തപുരത്ത് കെ മുരളീധരനുമായിരിക്കും ചാർജ്.
ശശി തരൂരിന്റെ തിരിച്ചു വരവ് ജനങ്ങൾ വിലയിരുത്തട്ടെ. തരൂർ സജീവമായി ഉണ്ട്. അദ്ദേഹം സജീവമായി നിൽക്കണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. കെപിസിസി ആധ്യക്ഷൻ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates